ബംഗളൂരു: 20 വര്‍ഷത്തിലേറെയായി റമദാനിന്റെ പ്രഭാതങ്ങളില്‍ ആവശ്യക്കാര്‍ക്ക് അത്താഴവുമായെത്തുന്ന ഒരുകൂട്ടം യുവജനങ്ങളുടെ കൂട്ടായ്മയാണ് ബാംഗ്ലൂര്‍ സഹരി. തുടക്കത്തില്‍ നഗരത്തില്‍ നിന്നകന്ന് കഴിയുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. ആവശ്യമുള്ളവര്‍ക്ക് അടുത്തുള്ള പള്ളികളില്‍ വന്നു ഭക്ഷണം കഴിക്കാമെന്ന രീതിയിൽ തുടങ്ങിയ പദ്ധതി പിന്നീട് ആശുപത്രികളില്‍ രോഗികളെ ശുശ്രൂഷിക്കുന്ന ആളുകള്‍ക്ക് അത്താഴം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് അവര്‍ക്കും അത്താഴം എത്തിച്ച് നല്കാന് തുടങ്ങി.
ഹോസ്റ്റലുകളിലും പി.ജികളിലും താമസിക്കുന്നവര്‍ ഞങ്ങളെ ബന്ധപ്പെടുകയും അവര്‍ക്കുകൂടി ഭക്ഷണം എത്തിച്ചുനല്കാന് തീരുമാനിക്കുകയുമായിരുന്നു എന്ന് ബംഗളൂരു രാമമൂര്‍ത്തി നഗര്‍ ഏരിയ സഹരി വളന്റിയര്‍ സുഹൈല്‍ പറയുന്നു.
‘സ്വിഗ്ഗി, സൊമാറ്റോ എന്നിവകള്‍ ഒന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല. അവ വന്നശേഷവും അർധരാത്രിയിലും പുലർച്ചയും ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ അമിതമായ വില നല്‍കേണ്ടിവരും. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍, വിദ്യാര്‍ഥികള്‍, വനിതകള്‍ എന്നിവര്‍ക്ക് ഈ സമയങ്ങളിൽ പുറത്തിറങ്ങി ഭക്ഷണം വാങ്ങുക ബുദ്ധിമുട്ടാണ്. ഹോസ്റ്റലുകള്‍, പി.ജി എന്നിവിടങ്ങളില്‍ പോയി ആവശ്യക്കാരാണെന്ന് ബോധ്യപ്പെട്ടശേഷമാണ് അത്താഴം എത്തിച്ച് കൊടുക്കുന്നത്.’
ചോറ്, ബിരിയാണി, വെജിറ്റബിള്‍ പുലാവ് എന്നിവയാണ് പൊതുവേ അത്താഴത്തിന് നല്‍കുന്നത്. പള്ളികളില്‍നിന്നുള്ള വിശ്വാസികളാണ് ഇതില്‍ വളന്റിയറായി സേവനം ചെയ്യുന്നത്. തുടക്കത്തില്‍ രണ്ടോ മൂന്നോ ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് സേവനതല്പരരായ ഒരു കൂട്ടം ആളുകള്‍ ഇതിന് പിറകിലുണ്ട്. സമൂഹമാധ്യമങ്ങള്‍ മുഖേന കേട്ടറിഞ്ഞ് വരുന്നവരാണ് വളന്റിയർമാരില്‍ അധികവും. ഒരു ലക്ഷത്തോളം ആളുകള്‍ ഇന്ന് അത്താഴം ബുക്ക് ചെയ്യുന്നു. പള്ളികളും ട്രസ്റ്റും ഉദാരമനസ്കരായ ആളുകളുമാണ് ഈ വിജയത്തിന് പിറകില്‍.
അത്താഴം നല്കുന്നവരെയും ആവശ്യക്കാരെയും തമ്മില്‍ കോര്‍ത്തിണക്കുന്ന കണ്ണിയാണ് ബാംഗളൂര്‍ സഹരി. ആക്ടീവ് ബംഗളൂരു ഫൗണ്ടേഷനാണ് ഈ സംരംഭം തുടങ്ങിയത്. അവരാണ് വെബ്സൈറ്റ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ആവശ്യക്കാര്‍ക്ക് തങ്ങളുടെ താമസസ്ഥലത്ത് സഹരി ലൊക്കേഷന്‍ തെരഞ്ഞെടുത്ത് അത്താഴം ഓര്‍ഡര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് https://bangaloresehri.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഈ പരിശ്രമത്തിന്റെ ഭാഗമാകാന്‍ തൽപര്യമുള്ളവര് വെബ്സൈറ്റ് സന്ദര്‍ശിച്ചു നിങ്ങളുടെ ലൊക്കേഷനിലെ പള്ളികള്‍ കണ്ടെത്തി അവരുമായി ബന്ധപ്പെടണമെന്നും സഹരി അധികൃതർ അറിയിച്ചു. ബാംഗ്ലൂര്‍ സഹരിയുടെ സേവനം ബംഗളൂര് ഈസ്റ്റ്, സൗത്ത്, വെസ്റ്റ്, നോര്‍ത്ത് ഏരിയകളിലെ വിവിധ പള്ളികളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.