കെ.ആർ. പുരം-ഹെബ്ബാൾ ബ്ലൂ ലൈൻ മെട്രോ വേഗത്തിലാക്കും; കൃഷ്ണ ബൈരെ ഗൗഡ

ബംഗളൂരു: കെ.ആർ. പുരം - ഹെബ്ബാർ ബ്ലൂ ലൈൻ മെട്രോ ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാന്‍ ഗ്രേറ്റർ ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബ്ലൂ ലൈൻ ഇടനാഴികൾ ബംഗളൂരുവിന്‍റെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെൻട്രൽ സിൽക്ക് ബോർഡ്, കെ.ആർ.പുരം, ഹെബ്ബാർ, വിമാനത്താവളം എന്നിവയെ ബന്ധിപ്പിക്കുന്ന ഏകദേശം 59 കിലോമീറ്റർ വരുന്ന ഈ പാത നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ ആശ്വാസമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കെ.ആർ. പുരം - നാഗവാര - ഹെബ്ബാള്‍ പാതയിലെ നിർമ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നു.

നിര്‍മ്മാണ മേഖലയിലെ മരങ്ങള്‍, കാവേരി ജലവിതരണ പൈപ്പുകള്‍, ഭൂഗർഭ ഡ്രെയിനേജ് ലൈനുകള്‍ എന്നിവ പല സ്ഥലങ്ങളിലും നിർമ്മാണത്തിന് തടസ്സമായിട്ടുണ്ട്. കൂടാതെ റിങ്ങ് റോഡിലെ ഗതാഗതകുരുക്കും നിർമ്മാണ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നു. അതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗം ജോലികളും രാത്രി ഏഴിനു ശേഷം പുലർച്ചെ വരെയാണ് നടക്കുന്നത്. ഒരു വര്‍ഷത്തോളം വൈകിയ പദ്ധതിയില്‍ ഇനി താമസമൊന്നും ഉണ്ടാകരുതെന്നും ഒക്ടോബർ അവസാനത്തോടെ ട്രയൽ റണ്ണുകൾ ആരംഭിക്കണമെന്നും ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. കെ.ആർ. പുരം - സെൻട്രൽ സിൽക്ക് ബോർഡ് പാതയിലെ ട്രയൽ റണ്ണുകൾ ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും.

നവംബർ ആദ്യവാരം മുതൽ, മാര്‍ത്തഹള്ളിയിലേക്ക് സർവിസുകൾ വ്യാപിപ്പിക്കും. ഓരോ സ്റ്റേഷനുകളിലും ഘട്ടം ഘട്ടമായി ട്രെയിനുകൾ സർവിസ് നടത്തും. കലേന അഗ്രഹാരക്കും താവരക്കരെക്കും ഇടയിലുള്ള പിങ്ക് ലൈനിന്‍റെ ഏകദേശം 7.5 കിലോമീറ്റർ വരുന്ന എലിവേറ്റഡ് ഭാഗത്തെ ട്രയൽ റണ്ണുകൾ വിജയകരമായി പൂർത്തിയായി. സര്‍വിസ് ആരംഭിക്കുന്നതിനുള്ള ഔദ്യോഗിക അനുമതി അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗൗഡ പറഞ്ഞു. ഉദ്ഘാടന തീയതി ഉടന്‍ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനും ബന്ധപ്പെട്ട മന്ത്രിമാർക്കും കത്ത് അയച്ചിട്ടുണ്ട്. കേന്ദ്രത്തിന്‍റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. വിഷയത്തില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - K.R. Puram-Hebbal Blue Line Metro construction will speed up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.