ബംഗളൂരു: പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമെല്ലാം എക്സ്പ്രസ് വേ എന്ന് പ്രചരിപ്പിച്ച, ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബംഗളൂരു-മൈസൂരു പാത അങ്ങനെയല്ലെന്ന് ഒടുവിൽ അധികൃതർ. 100 കിലോമീറ്റർ വേഗപരിധിയുള്ള ദേശീയപാത മാത്രമാണ് ഇതെന്നാണ് ദേശീയപാത അതോറിറ്റിയുടെ പുതിയ വിശദീകരണം.
8480 കോടി രൂപ ചെലവിട്ട് നവീകരിച്ച 118 കിലോമീറ്ററുള്ള പാത കഴിഞ്ഞ മാർച്ച് 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ രാജ്യത്തിന് സമർപ്പിച്ചുവെന്നും സാമൂഹിക-സാമ്പത്തിക പുരോഗതിയിൽ പാത ഏറെ നിർണായകമാണെന്നുമാണ് അന്ന് മോദി ട്വിറ്ററിൽ കുറിച്ചത്. കേന്ദ്ര ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും എക്സ്പ്രസ് വേയുടെ പ്രത്യേകതകൾ വിവരിച്ചിരുന്നു. ഭരണനേട്ടമായി അന്നത്തെ കർണാടക ബി.ജെ.പി സർക്കാറും പാത എക്സ്പ്രസ് വേ എന്ന് പറഞ്ഞ് പരസ്യപ്രചാരണം നടത്തി. എക്സ്പ്രസ് വേകളിലെ കൂടിയ വേഗപരിധി 120 കിലോമീറ്റർ ആണ്.
ഇതുവരെ 132ലധികം അപകടങ്ങളിലായി നൂറോളം പേർ ഇവിടെ മരിച്ചതോടെ എ.ഐ കാമറകളടക്കം സ്ഥാപിച്ച് പൊലീസ് അതിവേഗക്കാർക്ക് പിഴചുമത്താൻ തുടങ്ങിയിരുന്നു. 100 കിലോമീറ്ററിന് മുകളിൽ പോയവർക്കും പിഴ കിട്ടിയതോടെ പ്രതിഷേധം ഉയർന്നു. എക്സ്പ്രസ് വേയിൽ 120 കിലോമീറ്ററാണ് പരമാവധി വേഗമെന്നും ഇതിൽ കുറച്ച് വണ്ടി ഓടിക്കുന്നവർക്കും പിഴ ചുമത്തുന്നത് അന്യായമാണെന്നും സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധമുയർന്നു. ഇതോടെയാണ് ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ വിവേക് ജയ്സ്വാൾ വിശദീകരണവുമായി രംഗത്തെത്തിയത്. ബംഗളൂരു-മൈസൂരു പാതയുടെ സൗകര്യങ്ങൾ എക്സ്പ്രസ് വേക്ക് സമാനമാണെങ്കിലും അത് ദേശീയപാതയാണെന്നും വേഗപരിധി 80 മുതൽ 100 കിലോമീറ്റർ ആണെന്നുമാണ് വിശദീകരണം. ആഗസ്റ്റ് ഒന്നുമുതൽ പാതയിൽ ബൈക്കുകൾ, ഓട്ടോകൾ, ട്രാക്ടറുകൾ തുടങ്ങിയവക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇവ സർവിസ് റോഡിലൂടെയാണ് ഓടേണ്ടത്. ഇതു സംബന്ധിച്ച അറിയിപ്പിൽ പാതയിലെ പരമാവധി വേഗം 100 കിലോമീറ്റർ ആണെന്നും 120 കിലോമീറ്റർ അല്ലെന്നും പറഞ്ഞിട്ടുണ്ടെന്നും അധികൃതർ വിശദമാക്കുന്നു. പ്രധാന ഗതാഗതത്തിനായി ആറുവരിപാതയും ഇരുവശത്തുമായി രണ്ടുവീതം സർവിസ് റോഡുകളുമാണ് പാതയിലുള്ളത്. ദേശീയ പാത അതോറിറ്റിയുടെ കീഴിലുള്ള പ്രവേശന നിയന്ത്രണമുള്ള എൻ.എച്ച് 275 ആണ് ഈ പാതയെന്നും എക്സ്പ്രസ് വേ അല്ലെന്നും 100 കിലോമീറ്ററിന് മുകളിൽ പോയാൽ പിഴ ഉറപ്പാണെന്നും എ.ഡി.ജി.പി (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.