ബംഗളൂരുവിൽ കന്നടികർക്ക് നേരെ ആക്രമണം

ബംഗളൂരു: ബംഗളൂരു നഗര ജില്ലയിലെ ആനേക്കൽ താലൂക്കിൽ കന്നടികർക്ക് നേരെ തമിഴ് നാട്ടിൽ നിന്നുള്ളവുടെ ആക്രമണമെന്ന് പരാതി. അട്ടിബെലെ ടോളിന് സമീപം ടെമ്പോ ട്രാവലർ തടഞ്ഞുനിർത്തിയാണ് വടികളും മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമം അഴിച്ചുവിട്ടതെന്ന് പറയുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ വെച്ച് നടന്ന ആക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവർ രാമകൃഷ്ണക്ക് ഗുരുതരമായി പരിക്കേറ്റു. വൈറ്റ്ഫീൽഡിൽ നിന്ന് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലേക്ക് ഓട്ടം പോയതായിരുന്നു രാമകൃഷ്ണയുടെ വാഹനം. കൃഷ്ണഗിരിയിൽ വാഹനത്തിലുണ്ടായിരുന്നവരും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായതായി പറയപ്പെടുന്നു. സംഘർഷം ഭയന്ന് കന്നടികരായ യാത്രക്കാർ ഉടൻ അവിടെ നിന്ന് രക്ഷപ്പെട്ട് ആട്ടിബെലെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം മാരകായുധങ്ങളുമായി ഇവരെ അതിർത്തി വരെ പിന്തുടരുകയായിരുന്നു.

ദേശീയപാതയിലെ അട്ടിബെലെ ടോളിന് സമീപം വാഹനം തടഞ്ഞ അക്രമികൾ ഡ്രൈവർ രാമകൃഷ്ണയെ പുറത്തേക്ക് വലിച്ചിറക്കി മർദിച്ചു. തമിഴിൽ അസഭ്യം പറയുകയും വടികൾ കൊണ്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു. വാഹനത്തിന്റെ ചില്ലുകൾ അക്രമികൾ തകർത്തു. ടോൾ പ്ലാസക്ക് സമീപം നടന്ന അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.പരിക്കേറ്റ ഡ്രൈവർ രാമകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Attack against Kannadigas in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.