ഔദ്യോഗിക ബഹുമതിയോടെ അന്തിമോപചാരം
മംഗളൂരു: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട സൈനികൻ അനൂപ് പൂജാരിയുടെ (31) സംസ്കാരം വ്യാഴാഴ്ച ഉഡുപ്പി ജില്ലയിലെ ബീജാഡി കടൽത്തീരത്ത് പൂർണ സൈനിക ബഹുമതികളോടെ നടത്തി. ചൊവ്വാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട അഞ്ച് സൈനികരിൽ കർണാടകയിൽനിന്നുള്ള മൂന്നുപേരിൽ ഒരാളാണ് മറാത്ത ലൈറ്റ് ഇൻഫൻട്രി ബറ്റാലിയനിലെ സമർപ്പിത അംഗമായ പൂജാരി. അനൂപ് പൂജാരിയുടെ ഭൗതിക ശരീരം ദക്ഷിണ കന്നട എം.പി ബ്രിജേഷ് ചൗട്ടയും ഉഡുപ്പി -ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ പൂജാരി മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഏറ്റുവാങ്ങി.
തുടർന്ന്, ഔദ്യോഗിക സന്നാഹങ്ങളോടെ ഉഡുപ്പിയിൽ എത്തിച്ചു. കുന്താപുരം അസി. കമീഷണർ മഹേഷ്ചന്ദ്ര, തഹസിൽദാർ ശോഭ ലക്ഷ്മി എന്നിവർ തേക്കാട്ട് ജങ്ഷനിൽ സ്വീകരിച്ചു. 10 കിലോമീറ്റർ നീണ്ട മൃതദേഹം വഹിച്ചുള്ള യാത്രയിൽ സൈനികന് ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു.അന്ത്യകർമങ്ങൾക്കു മുമ്പ് അനൂപിന്റെ മൃതദേഹം പൊതിഞ്ഞ ദേശീയ പതാക ഭാര്യ മഞ്ജുശ്രീക്ക് ആചാരപരമായി കൈമാറി. ജമ്മു-കശ്മീർ പൂഞ്ച് ജില്ലയിലെ മെന്ദർ മേഖലയിലെ ബൽനോയിയിൽ നിയന്ത്രണ രേഖക്ക് സമീപം പട്രോളിങ്ങിനിടെ സൈനിക ട്രക്ക് മറിഞ്ഞാണ് അനൂപ് പൂജാരി വീരചരമമടഞ്ഞത്. കുന്താപുരം ബിജാഡി സ്വദേശിയും നാരായണ പൂജാരിയുടെയും ചന്തു എന്ന ചന്ദ്രി പൂജാരിയുടെയും മകനാണ് അനൂപ്. ചൊവ്വാഴ്ച വൈകീട്ട് ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖക്ക് സമീപം 18 സൈനികരുമായി ട്രക്ക് ഇടുങ്ങിയ റോഡിൽനിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ച് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. മറ്റുള്ളവർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. 13 വർഷം മുമ്പ് സൈന്യത്തിൽ ചേർന്ന അനൂപ് മറാത്ത ലൈറ്റ് ഇൻഫൻട്രി ബറ്റാലിയനിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.
മാസത്തെ അവധിക്ക് ശേഷം ഈമാസം 21നാണ് ഡ്യൂട്ടിയിൽ തിരിച്ചെത്തിയത്. അവധിക്കാലത്ത് കഴിഞ്ഞ 15ന് കോട്ടേശ്വരത്ത് നടന്ന കൊടി ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനു മുമ്പ് മകളുടെ ജന്മദിനം ആഘോഷിച്ചു. അനൂപിന് ഭാര്യയും രണ്ട് വയസ്സുള്ള മകളും മാതാവും രണ്ട് സഹോദരിമാരുമുണ്ട്. അനൂപ് പൂജാരി ഉൾപ്പെടെ കർണാടകയിൽനിന്നുള്ള മൂന്ന് സൈനികരാണ് മരിച്ചത്. ബെളഗാവിക്കടുത്ത സാംബ്ര ഗ്രാമത്തിൽനിന്നുള്ള സുബേദാർ ദയാനന്ദ് തിർക്കണ്ണവർ (45), മഹാലിംഗാപുരിൽ നിന്നുള്ള മഹേഷ് മരിഗൊണ്ട (25) എന്നിവരാണ് വീരമൃത്യു വരിച്ച കർണാടകയിൽനിന്നുള്ള മറ്റു സൈനികർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.