മംഗളൂരു: ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ ഉഡുപ്പി സ്വദേശിക്ക് 29,68,973 രൂപ നഷ്ടപ്പെട്ടതായി പരാതി. സൈബർ ഇക്കണോമിക് ആൻഡ് നാർകോട്ടിക് (സി.ഇ.എൻ) ക്രൈം പൊലീസ് സ്റ്റേഷനിൽ സി. ചന്ദ്രകാന്താണ്(41) പരാതി നൽകിയത്.
പരാതിയിൽ പറയുന്നത് ഇങ്ങനെ: സെപ്റ്റംബർ 11ന് @Anjana_198_off എന്ന ഹാൻഡിൽ വഴി പ്രവർത്തിക്കുന്ന ഉപയോക്താവ് ടെലിഗ്രാം വഴി ബന്ധപ്പെട്ടു. യു.കെ സർക്കാറിന്റെ ഔദ്യോഗിക സ്ഥാപനമായ റോയൽ മിന്റിനെ പ്രതിനിധാനംചെയ്യുന്നതായി അവകാശപ്പെട്ട അയാൾ സ്വർണം, വെള്ളി എന്നിവയിൽ നിക്ഷേപിക്കുന്നതിലൂടെ ഉയർന്ന വരുമാനം ലഭിക്കുമെന്നു പറഞ്ഞു. മൊബൈൽ ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് പ്രതിദിനം 1500 മുതൽ 5000 രൂപ വരെ വരുമാനം നേടാമെന്നായിരുന്നു വാഗ്ദാനം.
ചന്ദ്രകാന്ത് സമ്മതിച്ചതോടെ റോയൽ മിന്റ് പ്ലാറ്റ്ഫോമിലേക്കുള്ള ലിങ്ക് നൽകി. തുടർന്ന് സെപ്റ്റംബർ 18നും ഒക്ടോബർ 10നും ഇടയിൽ 29,68,973 രൂപ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. എന്നാൽ, ലാഭമോ പണമോ തിരികെ ലഭിച്ചില്ല. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ചന്ദ്രകാന്ത് പൊലീസിനെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.