മാര്‍ക്സിസം മതമാകുമ്പോള്‍

മതവിമര്‍ശനമാണ് എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കമെന്ന് മാര്‍ക്സ് സാമാന്യമായി പറഞ്ഞതല്ല. മതത്തെ അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും അനുഷ്ഠാനത്തിലും കീറിമുറിക്കുന്ന വിമര്‍ശനമാണ് മാര്‍ക്സിന്‍റെ മതവിമര്‍ശനം. എന്നാല്‍, കാലത്തിന്‍റെ കോലം മാറുമ്പോള്‍ മതവും കമ്മ്യൂണിസവും തമ്മില്‍ ആന്തരികമായി സംഘട്ടനം ആവശ്യമില്ലാതായി മാറി. ഇത് കമ്മ്യൂണിസ്റ്റുകാരും മതമേലധ്യക്ഷന്‍മാരും ഒരുപോലെ വിശ്വസിച്ച് ഉള്‍ക്കൊണ്ടു. കമ്മ്യൂണിസ്റ്റ് അധികാര രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ്-കത്തോലിക്ക ബാന്ധവവുമാണ്ടാകുന്നത് ഈ ആന്തരിക പരസ്പരവിശ്വാസത്തിന്‍റെ ആദ്യപടിയായാണ്. ഒറ്റനോട്ടത്തില്‍ വിരുദ്ധമെന്നുതോന്നുന്ന മതവും മാര്‍ക്സിസവും എങ്ങനെ യോജിക്കുന്നു എന്ന കാര്യം അന്വേഷണാര്‍ഹമാണ്. ഇതേ പരിതസ്ഥിതിയില്‍ത്തന്നെയാണ് മതമായിത്തീരാനുള്ള കമ്മ്യൂണിസ്റ്റ് നീക്കങ്ങളുടെ സമീപകാല ഉദാഹരണങ്ങളും വായിക്കപ്പെടേണ്ടത്.

മതം എന്ന പരിഗണനക്കുണ്ടാകുന്ന പരിണാമത്തിന്‍റെ ഫലമായാണ് കമ്മ്യൂണിസം തന്നെ ഒരു മതമായി മാറുന്നത്.  മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്നു പറഞ്ഞ മാര്‍ക്സും മതപരമായ പ്രസ്താവനകളും അനുഭൂതികളും വെറും ജല്‍പനങ്ങളാണെന്നെഴുതിയ എംഗല്‍സും മത വിശ്വാസിക്ക് യഥാര്‍ഥ കമ്മ്യൂണിസ്റ്റാകാന്‍ കഴിയില്ളെന്ന് ശാസിച്ച ലെനിനും മതമെന്ന പരിഗണനയുടെ തന്നെ പരിണാമ ദിശയിലെ കണ്ണികളാണ്. ഈ കണ്ണികള്‍ തന്നെ പിന്നീട് ഒരു സംഘടിത മതത്തിന്‍റെ ദേവസ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടതാണ് കമ്മ്യൂണിസ്റ്റ് ചരിത്രം.



മതം അതിന്‍റെ പിറവിയില്‍ മനുഷ്യനെപ്പോലത്തെന്നെ പ്രാകൃതമായിരുന്നു. പ്രാകൃത മതത്തിലെ പോരായ്മകളില്‍നിന്നുമാണ് ഏകദൈവമതത്തിന്‍റെ പിറവി. പ്രാകൃതത്തില്‍നിന്നും ദൈവമതത്തിലത്തെുമ്പോള്‍ മതം മനുഷ്യനെ ഉദ്ബുദ്ധനാക്കാന്‍ ഒന്നായിത്തീരുന്നു. കാലക്രമേണ ആകൃതിയിലും പ്രകൃതിയിലും വന്നുചേര്‍ന്ന പരിണാമത്തിലും മതം മതമായിത്തന്നെ തുടര്‍ന്നു. പ്രാകൃതന്‍ ദൈവമതക്കാരന്‍റെ ദൃഷ്ടിയില്‍ കാട്ടാളനും നിഷ്ഠൂരനുമാണ്. ഏകദൈവമതക്കാരനാവട്ടെ പ്രാകൃതന്‍റെ കണ്ണില്‍ വിപ്ളവകാരിയും തന്‍റെ ദൈവങ്ങളെ വഞ്ചിച്ചവനുമാണ്. കാലപരിണാമത്തില്‍ ദൈവമതവും കമ്മ്യൂണിസവും തമ്മിലും ഇതേ ബന്ധം തന്നെ ദര്‍ശിക്കാനാവും. പ്രാകൃതന്‍റെ സ്ഥാനത്ത് ദൈവമതവും ദൈവമതത്തിന്‍റെ സ്ഥാനത്ത് കമ്മ്യൂണിസവും നിലയുറപ്പിക്കുന്നു.

പ്രത്യയശാസ്ത്രങ്ങള്‍ കാലക്രമേണ മതമായി പരിണമിക്കുകയോ പരിവര്‍ത്തനം ചെയ്യപ്പെടുകയോ ആണ്. മാര്‍ക്സിസത്തിന്‍റെ കാര്യത്തിലും ഈ പരിവര്‍ത്തനം കൃത്യമാണ്. പ്രാകൃതത്തില്‍ നിന്നും ദൈവമതത്തിലേക്കുള്ള ദൂരം ചെറുതാണ് എന്നതു പോലത്തെന്നെ ദൈവമതത്തില്‍നിന്നും മാര്‍ക്സിസത്തിലേക്കുള്ള അകലവും ചെറുതാണ്. ഹൈന്ദവ ദേശീയത ഉദ്ഘോഷിക്കുന്ന തന്ത്രങ്ങള്‍ക്ക് എളുപ്പം കീഴടങ്ങുന്നവരായി കമ്മ്യൂണിസ്റ്റുകാര്‍ പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ മതം മാത്രമാണ് രക്ഷയെന്നും മതം മാത്രമാണ് ഏക പോംവഴിയെന്നുമുള്ള അവസ്ഥയിലേക്ക് കമ്മ്യൂണിസവും മതം മാറ്റപ്പെടുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ തലതിരിഞ്ഞ പരീക്ഷണം ഇതിനു തെളിവാണ്. കൃഷ്ണന്‍ ഹൈന്ദവതയുടെ മൃദു രൂപമാണ്, പ്രേമത്തിന്‍റേയും സ്നേഹത്തിന്‍റേയും സ്വരൂപമാണ്. എന്നാല്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുകള്‍ കൃഷ്ണജയന്തി ആഘോഷിക്കുമ്പോള്‍ അതിന്‍റെ അര്‍ത്ഥം ഹൈന്ദവതയുടെ തന്ത്രങ്ങളെ അവര്‍ അംഗീകരിക്കുന്നു എന്നുതന്നെയാണ്.

ശോഭായാത്രയിലുണ്ടാകുന്ന വലിയ ആള്‍ക്കൂട്ടം ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഷയമാണ്. കൃഷ്ണന്‍ ജനിച്ചു എന്നതിനെയല്ല, ദൈവമായ ശ്രീകൃഷ്ണന്‍റെ ജനനത്തെയാണ് ആള്‍ക്കൂട്ടം ആഘോഷിക്കുന്നത്. ജന്മദിനം ആഘോഷത്തിനപ്പുറം ആക്രോശങ്ങളാകുന്നത് അതുകൊണ്ടാണ്. ഇങ്ങനെ ചിഹ്നങ്ങള്‍ കൈയ്യിലേന്തി, ചിഹ്നങ്ങളെ വലിയ അടയാളങ്ങളാക്കി ആള്‍ക്കൂട്ടം നടത്തുന്ന ആക്രോശങ്ങള്‍ ഫാസിസത്തിന്‍റെ നിത്യഹരിതോദാഹരണങ്ങളാണ്. ഞങ്ങളിവിടെ നിലനില്‍ക്കുന്നു എന്നല്ല അവര്‍ ഉദ്ബോധിപ്പിക്കുന്നത് മറിച്ച് ഞങ്ങള്‍ മാത്രമേ നിലനില്പിന് അര്‍ഹരായുള്ളൂ എന്നാണ്. ഈ സന്ദേശത്തില്‍ക്കുറഞ്ഞ യാതൊന്നും സി.പി.എമ്മിനും മുന്നോട്ടുവെക്കാനുണ്ടായില്ല. ഇവിടെ ഫാസിസത്തില്‍നിന്നും കമ്മ്യൂണിസത്തിലേക്കുള്ള ദൂരം ഇല്ലാതാകുകയും രണ്ടും ഒന്നുതന്നെയായി മാറുകയും ചെയ്യുന്നു.

മതങ്ങളെ എങ്ങനെയാണ് ഫാസിസം ന്യായീകരണങ്ങളും ആയുധങ്ങളുമാക്കിത്തീര്‍ത്തതെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. മതത്തെ നശീകരണത്തിനുള്ള ആയുധമാക്കി ഉപയോഗിക്കുകയാണ് കാലാകാലങ്ങളായി ഫാസിസം ചെയ്തുപോരുന്നത്. ആളുകളെ ഒരുമിച്ചുനിര്‍ത്താനുള്ള മതത്തിന്‍റെ  ഫാസിസം അതിഭീകരമായി ചൂഷണം ചെയ്യുന്നു. ജനങ്ങളെ ഒന്നിച്ചുനിര്‍ത്തുവാന്‍ ചെങ്കൊടി അപര്യാപ്തമായിത്തീര്‍ന്നതുകൊണ്ടാണ് സി.പി.എം ദൈവങ്ങളെ ശരണം പ്രാപിക്കുന്നത്. അവിശ്വാസത്തില്‍നിന്നും വിശ്വാസത്തിലേക്കുള്ള പലായനമല്ല അത്, മറിച്ച് വിശ്വസിക്കേണ്ടതിനേയും പടിക്കുപുറത്തു നിര്‍ത്തേണ്ടവയേയും പുല്‍കാനുള്ള വെമ്പലാണ്. ജനങ്ങള്‍ക്ക് പൊതുവായി, ഒന്നിച്ചുനിര്‍ത്തുവാന്‍ ഒരു ഘടകവുമില്ല എന്ന് കമ്മ്യൂണിസ്റ്റുകാര്‍തന്നെ മുദ്രകുത്തിയതിന്‍റെ ഫലമായാണ് മതങ്ങളുടെ ആശയങ്ങള്‍, ഒരുപക്ഷേ തെറ്റായ ആശയങ്ങള്‍ കൈപ്പറ്റാന്‍ അവരെ പ്രലോഭിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പോരാതെ വരുമ്പോള്‍ മതാശയങ്ങള്‍ കടമെടുക്കുന്നത് ആളെക്കൂട്ടാന്‍ ഉപകരിക്കുന്നുണ്ടാകും. ഒരു പരിധിവരെ ആ ആള്‍ക്കൂട്ടം ആയുധമായും തോന്നിച്ചേക്കാം. എന്നാല്‍ ആ ആയുധം ഇരുതലമൂര്‍ച്ചയുള്ള ഒന്നുകൂടിയാണ്. ആയുധത്തിന്‍റെ ശക്തിയറിയാതെ ഉപയോഗിക്കുന്നവന്‍റെ തലതെറിപ്പിക്കാന്‍ പര്യാപ്തമായതുമാണ്. ഇങ്ങനെ തലതിരിഞ്ഞ് ഏകീകരിക്കപ്പെട്ട ആള്‍ക്കൂട്ടങ്ങള്‍ തന്നെയാണ് ചരിത്രത്തില്‍ വലിയ വിപത്തുകള്‍ വരുത്തിത്തീര്‍ത്തിട്ടുള്ളത്. കേരളത്തിലെ സി.പി.എമ്മിനെ സംബന്ധിച്ച് ചരിത്രാവബോധം എന്നത്തേയും  പോലത്തെന്നെ ഇപ്പോഴും പടിക്കുപുറത്തുതന്നെയാണ്. ചരിത്രത്തെ മറന്നതിന്‍റെ പരിണിതഫലമാണ് മതത്തിന്‍റെ ശക്തിയില്‍ വിളറിപൂണ്ട് മതമായി മാറാനുള്ള തത്രപ്പാടുകള്‍.
നാരായണഗുരു ഹൈന്ദവതക്കുള്ളിലെ അനാചാരങ്ങള്‍ക്കെതിരെയാണ് പോരാടിയത്. ആ പോരാട്ടത്തിന്‍റെ അര്‍ത്ഥം സമ്പൂര്‍ണ്ണമായല്ളെങ്കിലും ഇവിടത്തെ കമ്മ്യൂണിസ്റ്റുകാര്‍ ഗ്രഹിച്ചിട്ടുണ്ട്. ഗുരുവിനെ നമ്മള്‍തന്നെ എന്നോ ക്രൂശിച്ചുകഴിഞ്ഞതാണെന്ന തിരിച്ചറിവില്‍നിന്നാണ് കമ്മ്യൂണിസ്റ്റ് പ്രകടനത്തില്‍ ഗുരുവിനെ പ്രതീകാത്മകമായി കുരിശിലേറ്റുന്നത്. ഇതില്‍ തീര്‍ച്ചയായും ചങ്കൂറ്റത്തിന്‍റെ അംശമുണ്ട്. എന്നാല്‍ ആ ചങ്കൂറ്റം ചങ്കൂറ്റമേ അല്ലായെന്നും വെറും എടുത്തുചാട്ടം മാത്രമാണെന്നും വരുത്തിത്തീര്‍ക്കുകയാണ് സി.പി.എം നേതൃത്വം ചെയ്തത്. ഗുരുവിനെ കുരിശിലേറ്റുന്നതില്‍ കാണിച്ച ശുഷ്കാന്തി അതിന്‍്റെ വ്യാഖ്യാനത്തില്‍ നഷ്ടപ്പെട്ടു. സമരങ്ങളെ വിശദീകരിക്കാന്‍ പെടാപ്പാട് പെടുന്ന കമ്മ്യൂണിസ്റ്റകാര്‍ക്ക് മുന്നില്‍ മതമായിത്തീരുകയെന്നത് ഒരു പോംവഴി കൂടിയാകുന്നു. മതമായി മാറിയാല്‍ ചോദ്യംചെയ്യലുകള്‍ ഇല്ലാതായിത്തീരുമെന്നതുകൊണ്ടുതന്നെ ചോദ്യങ്ങളെ ഭയപ്പെടുന്നിടത്തോളം കാലം കമ്മ്യൂണിസം മൃതമതമായി തുടരും.  

(മലയാളം സര്‍വകലാശാലയില്‍നിന്നും ക്രിയാത്മക രചനക്ക് ബിരുദാനന്തര ബിരുദം നേടിയ ആളാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.