മരിച്ചവരെയും അവര്‍ വേട്ടയാടും

മുമ്പേ പറക്കുന്ന പക്ഷികള്‍ ആണ് സാംസ്കാരിക രംഗത്ത്, പ്രത്യേകിച്ച് ധൈഷണിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. അതുകൊണ്ട് തന്നെ അവരെ നിശബ്ദരാക്കുക എന്നുള്ളത് ഏത് കാലത്തും അധികാരത്തിന്‍െറ പ്രധാനപ്പെട്ട അജണ്ടയാണ്. എന്നാല്‍, ഫാഷിസ്റ്റ് അധികാരം മറ്റെല്ലാ അധികാരങ്ങളില്‍ നിന്നും അടിസ്ഥാനപരമായി വ്യത്യസ്തമാണ്. തങ്ങള്‍ക്ക് കീഴ്പ്പെടാത്തവരെ അടിമുടി കീഴ്പെടുന്നവരാക്കി മാറ്റിത്തീര്‍ക്കാനുളള ആസൂത്രിതമായ ശ്രമങ്ങളാണ്  അവര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഡോക്ടര്‍ കല്‍ബുര്‍ഗി കൊല്ലപ്പെടുമ്പോള്‍ ഒരു കല്‍ബുര്‍ഗിയല്ല യഥാര്‍ഥത്തില്‍ കൊല്ലപ്പെടുന്നത്. മറിച്ച് കല്‍ബുര്‍ഗി പ്രതിനിധാനം ചെയ്യുന്ന യുക്തിചിന്തയുടെ, വിമര്‍ശന ബോധത്തിന്‍െറ, ആശയാവതരണത്തിന്‍െറ ഒരു ലോകമാണ് അസ്തമിക്കപ്പെടുന്നത്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ഒരു പ്രതിഭാശാലിയെ വകവരുത്തിയാല്‍ അയാളെ അവസാനിപ്പിക്കല്‍ മാത്രമല്ല അത്, ഇതേ വഴിയിലൂടെ മുന്നോട്ടു പോവാന്‍ ആഗ്രഹിക്കുന്ന മറ്റു പ്രതിഭാശാലികളെയും കാത്തിരിക്കുന്നത് ഇതുപോലുള്ള അപകടങ്ങള്‍ ആണ് എന്നതാണ്. ആ അര്‍ഥത്തില്‍ ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ അതെല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പായി മാറുന്നു.
ഇത്തരം താക്കീതുകളില്‍ നിന്നും മുന്നറിയിപ്പുകളില്‍ നിന്നും പാഠം പഠിക്കാനും അതിനെ ധീരമായി പ്രതിരോധിക്കാനുമുള്ള ഒരു പ്രവണത മുമ്പത്തെ അപേക്ഷിച്ച് പല കാരണങ്ങളാല്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കുറഞ്ഞു കൊണ്ടിരിക്കുന്നു. ഇതും ഫാഷിസത്തിന്‍െറ ഒരു വിജയമാണ്. ദബോല്‍ക്കര്‍ മുതല്‍ കല്‍ബുര്‍ഗി വരെയുള്ളവരുടെ കാര്യം പരിശോധിച്ചാല്‍ അത് വളരെ വ്യക്തവും പ്രകടവുമാണ്. ഈ  കൊലപാതകങ്ങളില്‍ ആരാണ് പങ്കു വഹിച്ചത്? എന്തായിരുന്നു കൊലപാതകത്തിന്‍െറ ഉദ്ദേശ്യം?

 ഒരല്‍പം പുറകോട്ടു പോയാല്‍ കൃത്യമായി അത് മനസ്സിലാവും. കര്‍ണാടകയില്‍ പബ്ബിലെ വിദ്യാര്‍ഥികളെ ആക്രമിച്ച മുത്തലിഖിന്‍െറ നേതൃത്വത്തിലുള്ള ശ്രീരാമ സേനയുടെ പ്രവര്‍ത്തനം. ശ്രീരാമ സേനയെ സംഘ്പരിവാര്‍ തള്ളിക്കളഞ്ഞു എന്നത് ശരിയാണ്. ശിവസേന സംഘ് പരിവാറില്‍ നിന്ന് വ്യത്യസ്തമായ സംഘടനാണ് എന്നുള്ളതും ശരിയാണ്. പക്ഷെ, മഹാരാഷ്ട്രയിലെ സാംസ്കാരിക ലോകം നിയന്ത്രിക്കുന്നത് ശിവസേനയും സംഘ്പരിവാറും കൂടിയാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുപോലെ കര്‍ണാടക സംഭവത്തില്‍ മുത്തലിഖിനെ തള്ളിപ്പറഞ്ഞെങ്കിലും 60 ലക്ഷം രൂപക്ക് വര്‍ഗീയ കലാപം സംഘടിപ്പിക്കും എന്നു പറഞ്ഞ മുത്തലിഖിന് കിട്ടുന്ന പരിചരണവും നിരപരാധികളായ മനുഷ്യരെ ഭീകരര്‍ എന്ന രീതിയില്‍ ക്രൂരമായി പീഡിപ്പിക്കുന്നതും താരതമ്യപ്പെടുത്തിനോക്കിയാല്‍ മുത്തലിഖ് സുരക്ഷിതനാവുന്നത് കാണാന്‍ സാധിക്കും. ഇത്രയേറെ  ഭീകരമായ പ്രസ്താവന നടത്തിയിട്ടുപോലും!! നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷം വളരെ കൃത്യതയോടെ ഇന്ത്യയില്‍ ഉടനീളം നടത്തിക്കൊണ്ടിരിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളാണ് ഇവയെല്ലാം. ഒരു രാഷ്ട്രത്തിന്‍െറ പ്രധാനമന്ത്രി ഇവയോടൊക്കെ പ്രതികരിക്കേണ്ടതുണ്ട്. പക്ഷെ, അദ്ദേഹം മൗനത്തിലാണ്.

യു.ആര്‍ അനന്തമൂര്‍ത്തിക്കുനേരെ നടന്ന ആക്രമണമായിരുന്നു ഇതിന്‍െറയൊക്കെ പ്രകടമായ തുടക്കം. 16ാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ ഒരിക്കലും ഫാഷിസ്റ്റുകള്‍ അധികാരത്തില്‍ വരാന്‍ പാടില്ല എന്ന ഒരു ജനാധിപത്യ വാദിയുടെ അദമ്യമായ ആഗ്രഹം പ്രകടിപ്പിച്ചു എന്നത് മാത്രമായിരുന്നു അനന്തമൂര്‍ത്തി ചെയ്തത്. ലോക സാംസ്കാരിക പരിസരത്തിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായിരുന്നു അദ്ദേഹം. പക്ഷെ, അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള അനന്തമൂര്‍ത്തിക്കുപോലും രക്ഷയുണ്ടായില്ല. ഫാഷിസ്റ്റുകള്‍ ജയിച്ചാല്‍ ഞാന്‍ ഇന്ത്യ വിടും എന്നാണദ്ദേഹം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഏതെങ്കിലും ഒരാളോട് പാകിസ്താനിലേക്ക് പോവാനല്ല, താന്‍ ഇന്ത്യ വിടും എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. അതു പറയാന്‍ ഒരു വ്യക്തിക്ക് അവകാശമുണ്ട്. മാത്രമല്ല, രാഷ്ട്രീയ- സാംസ്കാരിക സംവാദങ്ങളില്‍ ഒരപകടം സംഭവിക്കാതിരിക്കാന്‍, അതായത് ഫാഷിസ്റ്റ് ആധിപത്യം സംഭവിക്കാതിരിക്കാന്‍ ജനാധിപത്യം നടത്തുന്ന ഒരു പ്രചാരണത്തിന്‍െറ ഭാഗം കൂടിയായിരുന്നു ആ പ്രസ്താവന.


പക്ഷെ, ഈ പ്രസ്താവന നടത്തിയതിന്‍െറ പേരില്‍ മാത്രം അനന്തമൂര്‍ത്തി നേരിടേണ്ടിവന്ന പീഡനങ്ങള്‍ നമ്മള്‍ വേണ്ടത്ര  തിരിച്ചറിയാതെ പോയി. അതിനപ്പുറം, സാധാരണ ഒരാള്‍ മരിച്ചാല്‍, കടുത്ത രോഗം ബാധിച്ചാല്‍ എല്ലാം ആളുകളുടെ എതിര്‍പ്പ് തല്‍ക്കാലത്തേക്കെങ്കിലും നിര്‍ത്തിവെക്കുന്ന പതിവ് ജനാധിപത്യത്തിലുണ്ട്. എന്നാല്‍, ഫാഷിസ്റ്റുകള്‍ക്ക് അത് ബാധകമല്ല. ജീവിക്കുന്നവരെ മാത്രമല്ല, മരിച്ചവരെയും അവര്‍ വേട്ടയാടും. അനന്തമൂര്‍ത്തിയുടേത് സ്വാഭാവിക മരണം തന്നെ ആയിരുന്നു. രോഗ ബാധിതനായിരുന്നു അദ്ദേഹം. ആ അവസ്ഥയില്‍ വീട്ടില്‍ കിടക്കുമ്പോള്‍ പോലും ഒരു പ്രസ്താവന നടത്തിയതിന്‍െറ പേരില്‍ മാനസികമായി പീഡിപ്പിക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് വരാനിരിക്കുന്ന ഫാഷിസ്റ്റ് അപകടത്തിനെതിരെയുള്ള ഒരു അര്‍ധ രക്തസാക്ഷിത്തമായി അനന്തമൂര്‍ത്തിയുടെ മരണത്തെ നമുക്കിപ്പോള്‍ തിരുത്തി വായിക്കാന്‍ കഴിയണം.  
അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോള്‍ ബാംഗ്ളൂരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആഹ്ളാദനൃത്തം ചവിട്ടുകയാണുണ്ടായത്. 1948 ജനുവരി 30ന് നാഥുറാം ഗോഡ്സെ ഗാന്ധിജിയെ കൊന്നതിനുശേഷം ഗ്വാളിയോറിലും ഉജ്ജയ്നിയിലുമെല്ലാം സംഘ്പരിവാറുകാര്‍ മധുര പലഹാര വിതരണം നടത്തിയത് ഇന്ത്യന്‍ മനസാക്ഷിയെ ഞെട്ടിച്ചു. പതിറ്റാണ്ടുകള്‍ക്കുശേഷം, ഇതേ ഫാഷിസ്റ്റ് നാടകം തന്നെയാണ് അനന്തമൂര്‍ത്തി മരിച്ചപ്പോഴും അരങ്ങേറിയത്. ഓരോ ഫാഷിസ്റ്റ് ആക്രമണം സംഭവിക്കുമ്പോഴും അതിനെതിരെ ഉയരേണ്ട ഒരു പ്രതികരണവും പ്രതിരോധവും ഉണ്ട്. സത്യത്തില്‍ അത് കൊടുങ്കാറ്റ് പോലെ ജനാധിപത്യലോകത്ത് ആഞ്ഞടിക്കേണ്ടതാണ്. പക്ഷെ, പലവിധ കാരണങ്ങളാല്‍ ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പ്രതികരണങ്ങള്‍ വളരെ വളരെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഫാഷിസ്റ്റുകള്‍ ഒരു കൊല നടത്തുന്നത് വളരെ ആസൂത്രിതമായ പദ്ധതിയുടെ ഭാഗമായിട്ടാണ്. യാദൃഛികമായി സംഭവിക്കുന്ന ഒരു കൈത്തെറ്റ് എന്ന അര്‍ഥത്തില്‍ അല്ല, മറിച്ച് ഒരു ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍െറ അക്രാമകമായ പ്രയോഗം എന്ന നിലയില്‍ തന്നെ ആണ് അവര്‍ കൊല നടപ്പിലാക്കുന്നത്. ആ അര്‍ഥത്തില്‍ അത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. കല്‍ബുര്‍ഗിയുടെ മരണത്തില്‍ മാത്രമല്ല, പുണെയിലെ ടെക്കിയായ മുഹ്സിന്‍ ശൈഖ് കൊല്ലപ്പെട്ടപ്പോഴും സമാനമായ ആഹ്ളാദം പ്രതിഫലിച്ചു. ഒരു തരത്തിലുള്ള ആശയ പ്രചാരണ പ്രവര്‍ത്തനത്തിലും ആ ചെറുപ്പക്കാരന്‍ പങ്കെടുത്തിട്ടില്ല എന്ന് വളരെ വ്യക്തമാണ്. പ്രത്യേക മതത്തില്‍പെട്ടു എന്ന കാരണത്താല്‍ അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍ ‘ഒരു വിക്കറ്റ് വീണു’ എന്നാണ് അവര്‍ പോസ്റ്റ് ചെയ്തത്. എന്നു പറഞ്ഞാല്‍, അവര്‍ കൊല നടത്തുക മാത്രമല്ല, കൊലക്കളത്തില്‍ നൃത്തം ചവിട്ടുക കൂടി ചെയ്യും. ഇതാണ് ഫാഷിസത്തിന്‍െറ മറ്റൊരു പ്രത്യേകത. ഇതിനാണ് സാംസ്കാരിക വിമര്‍ശകര്‍ ‘നെക്രോഫീലിയ’ അഥവാ ‘ശവ കാമുകത’ എന്നു വിളിക്കുന്നത്. ഒന്നിനെ ഇല്ലാതാക്കുക മാത്രമല്ല, ഇല്ലാതാക്കുന്ന പ്രക്രിയ ആഘോഷിക്കുകയും ചെയ്യുക എന്നതാണ് ഫാഷിസത്തിന്‍െറ രീതി. അതുകൊണ്ട് തീര്‍ച്ചയായും പലരും കരുതുന്നതുപോലെ എന്തെങ്കിലും വൈകാരിക സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ സംഭവിക്കുന്ന വഴുക്ക് അല്ല ഇത്. മറിച്ച് അവരുടെ ഒരു തത്വചിന്താപരമായ കാഴ്ചപ്പാടിന്‍െറ തുടര്‍ച്ചയില്‍ ആണ് ഇതു സംഭവിക്കുന്നത്.

ഇതിന് ഒരുദാഹരണം പറയാം. ശക്തിയെയാണ് നമ്മള്‍ പൂജിക്കേണ്ടത് എന്നാണ് വിചാരധാരയില്‍ പറയുന്നത്. രക്തസാക്ഷിക്കുപോലും എന്തോ പരിമതിയുണ്ട്. അതിനെ ഒരാദര്‍ശമായി കണ്ടുകൂടാ എന്ന്. ഒരു വലിയ യുദ്ധം സ്വാഗതാര്‍ഹമാണെന്ന് അതില്‍ പറയുന്നു. അതായത് പാകിസ്താനുമായിട്ട് യുദ്ധം ചെയ്തിട്ട് കാര്യമില്ല, നമ്മള്‍ യുദ്ധം ചെയ്യേണ്ടത് ചൈനയുമൊക്കെ ആയിട്ടാണ്. അതുകൊണ്ട് വലിയൊരു യുദ്ധം സ്വാഗതാര്‍ഹമാണ് എന്ന്. മാത്രമല്ല,  ഒരു റാംപോ മോഡലില്‍ ഉള്ള വീര പൗരുഷത്തെയാണ് ഫാഷിസ്റ്റുകള്‍ എപ്പോഴും വാര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരം അല്ല അത്. കരുത്ത്, ഉരുക്ക് ഇതൊക്കെയാണ് ഇവര്‍ ഉപയോഗിക്കുന്ന വാക്കുകള്‍. നരേന്ദ്രമോഡിയെ കുറിച്ച് അവര്‍ പറയുന്നത് ഉരുക്ക്, കരുത്ത് എന്നൊക്കെയാണ്. കാട്ടിലെ മാനിനെ നോക്കൂ എന്ന് അവര്‍ പറയുന്നില്ല, കാട്ടിലെ സിംഹത്തെ നോക്കൂ എന്നാണ് പറയുന്നത്. സത്യത്തില്‍ അവിടെ ഒരു തരം മരവിപ്പാണ് രൂപപ്പെട്ടു വരുന്നത്. കല്‍ബുര്‍ഗിയുടെ നേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നിലും ഇതു തന്നെയാണ്.



വിചാരധാരയില്‍ ഒക്കെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാശയം ഉണ്ട്. മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ കുറിച്ച് അവര്‍ നടത്തിയ പരാമര്‍ശം വായിച്ചാല്‍ നാഥുറാം വിനായക് ഗോഡ്സെ നടത്തിയതിനേക്കാള്‍ ക്രൂരമായ ആക്രമണമാണ് അതെന്ന് കണ്ടത്തൊന്‍ കഴിയും. ഹിന്ദു-മുസ്ലിം ഐക്യമില്ലാതെ ഇന്ത്യക്ക് സ്വരാജ് ഇല്ളെന്ന് പറഞ്ഞവര്‍ രാജ്യദ്രോഹികള്‍ ആണെന്ന് അതില്‍ പറയുന്നു. മതേതരത്തിന്‍െറ ഏറ്റവും മഹത്തരമായ, സാമൂഹ്യമെന്ന ഐക്യം എന്ന മുദ്രാവാക്യം പുലര്‍ത്തുന്നവര്‍ രാജ്യദ്രോഹികള്‍ ആണെന്ന് പരസ്യമായി സ്വന്തം തത്വചിന്താപരമായ പുസ്തകത്തില്‍ എഴുതിവെക്കുന്നിടത്തോളം ജനാധിപത്യവിരുദ്ധതയും ഭീകരതയും ആണ് ഈ സംഘടന കാത്തു സൂക്ഷിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭീകരതകളുയുടെയും മാതാവാണ് സംഘപരിവാര്‍ എന്ന് ശ്യാം ചന്ദിന്‍െറ ‘സാഫ്റോണ്‍ ഫാഷിസം’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. കൃത്യമായും അത് ശരിയാണ് എന്ന് തെളിയിക്കുന്ന തരത്തിലുള്ള നിരന്തര പ്രവര്‍ത്തനങ്ങള്‍ ആണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്‍െറ ഒരു ഭാഗമായിട്ടു തന്നെയാണ് കല്‍ബുര്‍ഗി പ്രശ്നവും നമ്മള്‍ പരിഗണിക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.