പൊതു ഇടത്തില്‍ അവള്‍ക്കും ചെയ്യാനേറെയുണ്ട്‌

‘മുസ്ലിം സമൂഹത്തില്‍ സ്ത്രീ പ്രശ്നം പോലെ സത്യവും അസത്യവും തെറ്റും ശരിയും, കൂട്ടലും കുറയ്ക്കലും എല്ലാം കൂടിക്കുഴഞ്ഞ മറ്റൊരു പ്രശ്നമില്ല.’ പ്രമുഖ പണ്ഡിതനായ യൂസുഫുല്‍ ഖറദാവി ഒരു ചോദ്യകര്‍ത്താവിന് നല്‍കിയ മറുപടിയുടെ ആദ്യ വരികളാണ്  ഇത്. ചില ഖതീബുമാരും മതപ്രസംഗകരും നിരന്തരമായി സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തുന്ന ചില പരാമര്‍ശങ്ങളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു  ചോദ്യം. സ്ത്രീ പരീക്ഷണമാണെന്നും തിന്മയാണെന്നും പാപത്തിനു പ്രേരിപ്പിക്കുന്നവളാണെന്നും സകല കുഴപ്പങ്ങള്‍ക്കും കാരണമാണെന്നുമുള്ള ഇസ്ലാമിക വിരുദ്ധവും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ ‘ഫത്് വകള്‍’ അധികരിച്ചു വരുന്ന സാഹചര്യത്തില്‍ ഖറദാവിയുടെ മറുപടിക്ക് പ്രസക്തിയേറുന്നു.


ഇസ്ലാമിന്‍്റെ മൂല്യപ്രമാണങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളുകയും സാമൂഹിക രാഷ്ട്രീയ തലങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്ന അഭ്യസ്ത വിദ്യരായ മുസ്ലിം സ്ത്രീകളുടെ എണ്ണം ഏറിവരുന്നു. കാലം ആവശ്യപ്പെടുന്ന ദൗത്യ നിര്‍വഹണത്തില്‍ കര്‍മ്മനിരതരായ സന്ദര്‍ഭത്തിലാണ്  അവളെ വീടകങ്ങളിലേക്ക് പിന്‍വലിക്കാന്‍ വ്യഗ്രത പൂണ്ട് പലരും രംഗപ്രവേശം ചെയ്യുന്നത്. രസകരമെന്ന് പറയട്ടെ, സാമൂഹിക പ്രവര്‍ത്തനം നിഷിദ്ധമാണോ അനുവദനീയമാണോ എന്നതിനെക്കുറിച്ചൊന്നുമല്ല, മറിച്ച് നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന മുദ്രാവാക്യങ്ങളെക്കുറിച്ചും അവരുടെ രാഷ്ട്രീയ അജണ്ടകളെക്കുറിച്ചും സമൂഹത്തിന്‍െറ ആവശ്യങ്ങളെ കുറിച്ചുമാണ് വനിതാ സ്ഥാനാര്‍ഥികള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്ന്. ഇനിയും സാധ്യമായിട്ടില്ലാത്ത സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ചാണ് അവര്‍ സംവദിക്കുന്നത്.

അനീതിയുടെയും ആട്ടിയകറ്റലിന്‍്റെയും ആധിപത്യമനോഭാവത്തിന്‍്റെയും അക്രമണത്തിന്‍്റെയും  ഇരുളടഞ്ഞ ഒരു കാലത്തുനിന്ന് സ്ത്രീകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും കിടയറ്റ നീതിയുടേയും സത്യത്തിന്‍്റേയും മാര്‍ഗത്തിലേക്ക് ലോകത്തെ ഉണര്‍ത്തുകയും ചെയ്ത ഒരു പ്രവാചകന്‍െറ അനുയായികള്‍ എന്നു പറയുന്നവര്‍ പ്രചരിപ്പിക്കുന്ന സ്ത്രീ വിരുദ്ധത അത്രയൊന്നും വിലപ്പോവില്ല എന്നാണ് ഈ സ്ത്രീകള്‍ തന്നെ നമുക്ക് കാണിച്ചു തരുന്നത്.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാചക ജീവിതം മോചിപ്പിച്ചത് ആണും പെണ്ണുമടങ്ങുന്ന മനുഷ്യ സമൂഹത്തെയായിരുന്നു. അതുകൊണ്ട് തന്നെയാണ് തന്‍്റെ അനുചരന്‍ മറ്റൊരാളെ ‘കറുത്തവളുടെ മകനേ’ എന്ന് വിളിച്ചപ്പോള്‍ കോപത്തോടെ പ്രവാചകന്‍ പറഞ്ഞത് ‘നിന്നിലിപ്പോഴും ജാഹിലിയ്യത്തിന്‍്റെ (അന്ധകാര യുഗത്തിന്‍െറ) അംശമുണ്ടെന്ന്'. യഥാര്‍ത്ഥത്തില്‍ ഈ അംശമാണ് ഇന്നും കേരളത്തിലെ മതപുരോഹതന്മാരില്‍ നിന്നും മുസ്ലിം സ്ത്രീകള്‍ക്കുനേരെ കൂര്‍ത്ത അമ്പുകള്‍ ആയി ഇടക്കിടെ തൊടുത്തുവിട്ടുകൊണ്ടിരിക്കുന്നത്.

ഇസ്ലാമിക ചരിത്രത്തില്‍ വനിതകള്‍ക്ക് ഉണ്ടായിരുന്ന സമോന്നത സ്ഥാനം അറിയാന്‍ ചില ഉദാഹരണങ്ങള്‍ മാത്രം മതി. നിങ്ങള്‍ വീടകങ്ങളില്‍ അടങ്ങിയൊതുങ്ങി കഴിയുക എന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ കണ്ണടയ്ക്കുന്നതും മൂടിവെക്കാന്‍ ശ്രമിക്കുന്നതും ഇത്തരം ഉജ്ജ്വല ചരിത്രങ്ങളെയാണ്.

ഇസ്ലാമിലെ ആദ്യ രക്തസാക്ഷിയായ സുമയ്യ നെഞ്ചോട് ചേര്‍ത്തത് നീതിയിലധിഷ്ഠിതമായ ഒരു പ്രത്യയ ശാസ്ത്രത്തെയായിരുന്നു. അത് നല്‍കിയ കരുത്താണ് ജീവന്‍ വെടിയുംവരെ ക്രൂരമര്‍ദ്ധനങ്ങളും പരിഹാസങ്ങളും സഹിക്കാന്‍ ആ അടിമസ്ത്രീയെ പ്രാപ്തയാക്കിയത്.

പെണ്ണിന്‍റെ സദാചാരവും ധാര്‍മ്മികതയും ഭര്‍ത്താവിനെയും വീടിനെയും മക്കളെയും സംരക്ഷിക്കുവാനുള്ള അവളുടെ ഉത്തരവാദിത്വത്തെയും സൂചിപ്പിക്കുന്ന പ്രവാചക വചനങ്ങള്‍ പലരും ഉദ്ദരിക്കുന്നത് കേട്ടിട്ടുണ്ട്. ഈ വിഷയത്തെ കടുപ്പിക്കുന്നതിന് മേമ്പൊടിയായി ദുര്‍ബല പരമ്പരയുള്ള ഹദീസുകള്‍ (നബി വചനങ്ങള്‍) ഇതിലേക്ക് ചേര്‍ത്തുവെക്കുകയും ചെയ്യും. എന്നാല്‍, അവര്‍ക്കറിയാത്തതാണോ ഖദീജയുടെ ചരിത്രം?

പ്രവാചക ലബ്ധിയുടെ ആദ്യ നാളുകളില്‍ ആത്മസംഘര്‍ഷത്തിലകപ്പെട്ട പ്രവാചകന് സര്‍വ്വപിന്തുണയും നല്‍കിയത് നബിപത്നി ഖദീജയായിരുന്നു.  പിന്നീട് മക്കയില്‍ നിന്ന് ഉപരോധം നേരിട്ട് ഷിഅ്ബു അബീത്വാലിബില്‍ പ്രവാചകരും സംഘവും അഭയം തേടിയപ്പോള്‍ പ്രഗല്‍ഭ കച്ചവടക്കാരിയായ ഖദീജയുടെ സാമ്പത്തിക ഭദ്രതയാണ് അദ്ദേഹത്തിന് ആശ്വാസമേകിയത്. ഖുര്‍ആനിലും കര്‍മ്മ ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും കവിതയിലും നിപുണയായ അസാമാന്യ ബുദ്ധിശക്തിയുള്ളവള്‍ എന്ന് ചരിത്രം വിശേഷിപ്പിച്ച പ്രവാചക പത്നി ആയിശയും മുസ്ലിംസ്ത്രീകള്‍ക്ക് പകര്‍ന്നു നല്‍കുന്ന പാഠം മറ്റൊന്നല്ല.

 പ്രമുഖരായ പ്രവാചാകാനുയായികളെ അണിനിരത്തി ജമല്‍യുദ്ധത്തിന് നേതൃത്വം നല്‍കിയ അവര്‍ ഏത് ഘട്ടത്തിലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുകയും ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും കൊണ്ട് അതിനെ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. ജമല്‍ യുദ്ധാനന്തരം താന്‍ എടുത്ത നിലപാടിനെക്കുറിച്ച് അവര്‍ ആത്മ വിശകലനം നടത്തി എന്ന് ചരിത്രം പറയുന്നുണ്ടെങ്കിലും പ്രവാചകന്‍ ക്രമ പ്രവൃദ്ധമായ് വളര്‍ത്തിയ ആയിശ എന്ന മഹതിയെ, അവരുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലിനെ എങ്ങനെ കണ്ടില്ളെന്ന് നടിക്കാനാവും?  യുദ്ധത്തില്‍ നേതൃത്വം നല്‍കിയ ആര്‍ജ്ജവത്തിലല്ല, മറിച്ച് അവര്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള കീറിമുറിക്കലുകളിലാണ് പലരുടെയും ശ്രദ്ധയും താല്‍പര്യവും പതിഞ്ഞത്.

ആയിശയുടെ സഹോദരിയും ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖിന്‍്റെ മകളുമായ അസ്മാബിന്‍ത് അബൂബക്കറിനെക്കുറിച്ചും ചരിത്രം പറയുന്നുണ്ട്. ഇസ്ലാം അതിന്‍്റെ സുപ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയും മദീനയിലേക്കുള്ള പലായനം തീരുമാനിക്കുകയും ചെയ്തപ്പോള്‍ അബൂബക്കര്‍ അദ്ദേഹത്തിന്‍്റെ മകളെയും മകനെയും ഏല്‍പ്പിച്ചത് നിര്‍ണായക ദൗത്യമായിരുന്നു. തന്‍്റെ ദൗത്യനിര്‍വ്വഹണത്തില്‍ ബുദ്ധിയും കര്‍മ്മശേഷിയും പ്രകടിപ്പിച്ച അവര്‍ പ്രവാചക പ്രശംസ പിടിച്ചു പറ്റുകയും ചയ്തു. തന്‍്റെ നൂറാമത്തെ വയസ്സില്‍ തീര്‍ത്തും അനിസ്ലാമിക സ്വേഛാ ഭരണം കാഴ്ച്ചവെച്ച ഹജ്ജാജ്ബുനു യൂസുഫ് എന്ന ഭരണാധികാരിയുമായ് അസ്മ നടത്തിയ സംഭാഷണവും ആ ഭരണാധികാരിയോട് യുദ്ധം ചെയ്യുവാന്‍ തന്‍്റെ മകനായ അബ്ദുല്ലാഹിബ്നു സുബൈറിനെ അയക്കുന്നതും ഇസ്ലാമിക ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

അതിനിര്‍ണായകമായ ‘അഖബാ’ ഉടമ്പടിയില്‍ പങ്കാളിയായ ഉമ്മുഅമ്മാറ മുസ്ലിം സ്ത്രീയുടെ സാമൂഹിക രാഷ്ട്രീയ പങ്കാളിത്തത്തിന്‍്റെ ഏറ്റവും നല്ല ഉദാഹരണമാണ്. അര്‍ധരാത്രി രഹസ്യമായി അഖബയില്‍ വെച്ച് നബിയുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ട എഴുപത്തിമൂന്ന് പുരുഷന്മാരൊടൊപ്പം ഉണ്ടായ രണ്ടു സ്ത്രീകളില്‍ ഒരാള്‍ ഉമ്മു അമ്മാറയായിരുന്നു. പിന്നീട് തന്‍്റെ കരാര്‍ പൂര്‍ത്തീകരണത്തിനായി ഉഹ്ദ് യുദ്ധത്തിന്‍്റെ ഒരു വേളയില്‍ പോര്‍ക്കളത്തിലേക്ക് നേരിട്ടിറങ്ങുകയും പ്രവാചകനെ പത്തോളം വരുന്ന സ്വഹാബിമാര്‍ക്കൊപ്പം നിന്ന് പൊരുതി സംരക്ഷിക്കുകയും ചെയ്തു അവര്‍. ഒടുവില്‍ പതിമൂന്നു മുറിവുകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങിയ അവരോട് പ്രവാചകന്‍ പറഞ്ഞത് ഇപ്രകാരമാണ് ‘ഉമ്മുഅമ്മാറ നിനക്ക് കഴിയുന്നത് ആര്‍ക്കു കഴിയും?’

പില്‍ക്കാല ഇസ്ലാമിക ചരിത്രം ഇത്തരം ത്യാഗോജ്ജലമായ ഈ മുസ്ലിം  സ്ത്രീചരിത്രം ലേകമധ്യേ അവതരിപ്പിക്കുന്നുണ്ട്. സമൂഹ നിര്‍മിതിയില്‍, നേര്‍പാതിയായ സ്ത്രീയുടെ ശക്തമായ സാന്നിധ്യത്തെ കുറിച്ച് ലോകം ചര്‍ച്ച ചെയ്യുമ്പോഴാണ് നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ ഉജ്ജ്വല പാരമ്പര്യം അവകാശപ്പെടാവുന്ന മുസ്ലിം സ്ത്രീകളെ പൊതു ഇടങ്ങളില്‍ നിന്ന് പിന്‍വലിക്കാന്‍ മുസലിം ലോകത്തെ സ്ത്രീവിരുദ്ധര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന വിരോധാഭാസം ചൂണ്ടിക്കാണിക്കാതെ വയ്യ.








 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.