ഇനി നമുക്കുറങ്ങാതിരിക്കാം.....

ആണ്ടുകളേറെയായി  അവളെ കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ടും അവളുടെ പേരെന്തന്നെു നമുക്കറിയില്ല. അവളിലൂടെ അറിഞ്ഞ നാടിന്‍റെ പേര് നാമവളെ വിളിച്ചു. തെറി പറഞ്ഞു. വ്യഭിചരിച്ചു. ഉന്നത കുലജാതരായ, സാംസ്കാരിക ഒൗന്നിദ്ധ്യത്തിന്‍്റെ വക്താക്കളായ നാം അവളെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്തു. കോടതി മുറിക്കുള്ളിലും പൊലീസിന്‍്റെ വാഗ്ധോരണിയിലും മാധ്യമങ്ങളുടെ വിശദീകരണങ്ങളിലും അവള്‍ പിച്ചിച്ചീന്തപ്പെട്ടു. അവളിലേറ്റ മുറിവുകള്‍ ഉണങ്ങാതിരിക്കാനെന്നോണം അതിലേക്ക് എരിവുകള്‍ പകര്‍ന്നുകൊണ്ടേയിരുന്നു. ഇനിയും മതിയായിട്ടില്ല. ഇപ്പോള്‍ പത്തൊമ്പതാണ്ടിനു ശേഷം വെറുമൊരു 'വിടന്‍്റെ' വളിച്ച ചിരിയില്‍ നമ്മുടെ പരമോന്നത നീതിപീഠം വീണ്ടും ചോദിക്കുന്നു..എന്തു കൊണ്ട് നീ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല...കഴുക നഖങ്ങള്‍ക്കു കീഴെ ശരീരത്തിലെ ഓരോ അണുവും ചതഞ്ഞു പോയി, ഇനിയൊരടി വെക്കാനോ ഒന്നുറക്കെ കരയാനോ ശേഷിയില്ലാതിരുന്ന ഒരു പെണ്‍കുട്ടിയോടാണ് ഈ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നത്.

ഇത് വികസന കാലമാണ്. നീതിയും നീതിപീഠവും അടുക്കളപ്പുറങ്ങളിലും വരാന്തകളിലും ഒളിഞ്ഞുനിന്ന് കുശുകുശുക്കുന്നവരോടൊപ്പം ചേര്‍ന്ന് പതിഞ്ഞു ചിരിക്കുന്ന കാലം.  മുട്ടുകാലിലിഴഞ്ഞ് ,ശരീരം മുഴുവന്‍ പഴുത്തു തുടങ്ങിയ ഒരു മാറാരോഗിയെ പോലെ മകള്‍ കയറി വന്നപ്പോള്‍, ഈ തിരിച്ചു വരവില്‍ കരയണോ ചിരിക്കണോ എന്നന്തിച്ചു നില്‍ക്കാതെ, ശാപവാക്കുകള്‍ പറയാതെ അവളെ ചേര്‍ത്തു പിടിച്ച് അവള്‍ക്കൊപ്പം നിന്ന അഛനമ്മമാരെ കൂവിവിളിച്ച കാലം...അവരെ തുരത്തിയോടിച്ചു കൊണ്ടേയിരിക്കുന്ന കാലം....
കാണാതായ അന്നു പരാതി നല്‍കി, 40 ദിവസമാണ് ആ അഛന്‍ മകളെ കാത്തിരുന്നത്. ഒടുവില്‍ തിരിച്ചു വന്നപ്പോള്‍ അവള്‍ക്കു പങ്കുവെക്കാനുണ്ടായിരുന്നത് മദോന്മത്തമായ രാവുകളെ കുറിച്ചായിരുന്നില്ല. നിരവധി പേര്‍ ഒത്തിരി തവണ മാറി മാറി കൂട്ടബലാത്സംഗങ്ങള്‍. താനനുഭവിച്ച വേദനകള്‍..ഭീതിയില്‍ എരിഞ്ഞു തീര്‍ന്ന രാവുകള്‍..അപ്പനേയും അമ്മയേയും കൊന്നു കളയുമെന്ന ഭീഷണിയില്‍ പരാജയപ്പെട്ടു പോയ നിമിഷങ്ങള്‍. ഇതിനിടയില്‍ എപ്പോഴായിരുന്നു അവള്‍ രക്ഷക്കായുള്ള പഴുതന്വേഷിക്കേണ്ടിയിരുന്നത്. ഇക്കാലയളവില്‍ ഇതുപോലെ എത്രയെത്ര ചോദ്യം ചെയ്യലുകളാണ് അവളെ കടന്നു പോയത്. മറവിയുടെ ആഴങ്ങളിലേക്ക് അവളാഴ്ന്നു പോവാതിരിക്കാന്‍ അവള്‍ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യപ്പട്ടു കൊണ്ടേയിരുന്നു.  


അഭയമില്ലാ പെണ്‍കൂട്ടം

നീതിയിലും നീതി പീഠങ്ങളിലും അഭയമില്ലാത്തവരാണ് നമ്മുടെ നാട്ടിലെ പെണ്‍വിഭാഗമിന്ന്. പറയാന്‍ നിയമങ്ങളേറെയുണ്ടെങ്കിലും അതെല്ലാം വെറും കടലാസു കുറിപ്പുകളായി അവശേഷിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടക്ക് രണ്ടായിരത്തിലേറെ പെണ്‍കുട്ടികളാണ് ബലാത്സംഗം ചെയ്യപ്പട്ടവരായി കണക്കുകളില്‍ മാത്രം ഉള്ളത്. അതില്‍ വിചാരണ പൂര്‍ത്തിയായത് അതിന്‍്റെ കാല്‍ ഭാഗം പോലുമില്ല. വിധി പ്രഖ്യാപിച്ചത് അതിനും ചുവടെ. ലിംഗം കൊണ്ട് ചിന്തിക്കുന്നവരുടെ നാട്ടില്‍നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നു തന്നെയാണ് ഓരോ ദിനവും ബോധ്യപ്പെടുത്തുന്നത്. ഓണ്‍ലൈനിലും ഓഫ്ലൈനിലും ഇതില്‍ കവിഞ്ഞൊന്നും പ്രതീക്ഷിക്കാനില്ലിവിടെ. വേണമെങ്കില്‍ ഫേസ്ബുക്കില്‍ ഇത്തരം വാര്‍ത്തകള്‍ക്കു താഴെ ഇതു ചെയ്തവന്‍റെ അവയവം മുറിച്ചു കളയണം എന്ന് വന്യമായി മുരളും, അത്ര തന്നെ. അവിടെ തീരുന്നു നമ്മുടെ പ്രതികരണങ്ങള്‍.
പ്രായമേതായാലും പെണ്ണായാല്‍ മതിയെന്നൊരു ചിന്തയില്‍ വിഹരിക്കുന്ന വൃത്തികെട്ടൊരു വിഭാഗം തെരുവുകളിലും വീട്ടകങ്ങളിലും ഓഫീസുമുറികളിലും വാഹനങ്ങളിലുമെല്ലാം ഇങ്ങനെ നാക്കു നീട്ടിയിരിക്കുകയാണ്. അവര്‍ക്കു മുന്നില്‍ ഒരു പെണ്ണുടല്‍ പോലുമാവാത്ത നാലു വയസ്സുകാരിയും പെണ്ണുടലിന്‍റെ ഏതേതു മാനങ്ങള്‍ വെച്ചളന്നാലും ചുളിഞ്ഞു കോടി നില്‍ക്കുന്ന എഴുപതുകാരിയും ഒരുപോലെയാണ്. അല്ളെങ്കില്‍ എങ്ങനെയാണ് കഴിഞ്ഞ ദിവസം നമ്മുടെ തലസ്ഥാന നഗരിയിലെ റെയില്‍ പാളത്തില്‍ ചതഞ്ഞരഞ്ഞ പൂവു പോലെ ഒരു നാലു വയസുകാരിയെ നമുക്ക് കിട്ടുക. ഒരു കോലുമിഠായിയുടെ മധുരത്തിനുള്ളിലെ ചതികളറിയാനോ..മിഠായി നീട്ടിയ മാമന്‍്റെ കണ്ണിലെ കൊതികളറിയാനോ അവള്‍ക്കാവില്ലായിരുന്നില്ലല്ളോ? രഹസ്യഭാഗങ്ങളെന്ന് റെക്കൊര്‍ഡുകളിലെഴുതപ്പെടുന്ന ശരീരഭാഗം മുഴുവന്‍ വലിച്ചു കീറി, കുഞ്ഞുടല്‍ മുഴുവന്‍ കത്തിപ്പാടുകളുമായി ആ റെയില്‍ പാളത്തില്‍ ചോരവാര്‍ന്നു കിടക്കുമ്പോള്‍ എന്തായിരിക്കും ആ കുഞ്ഞു മനസ് ഓര്‍ത്തിട്ടുണ്ടാവുക. ആചുണ്ടുകള്‍ വിതുമ്പിയിട്ടുണ്ടാവുക.


ഒരു യാത്രക്കിടയിലെപ്പോഴോ കണ്ടുമുട്ടിയ പെണ്‍കുട്ടിയെ ഓര്‍മ വരുന്നു. നിര്‍ഭയക്കു വേണ്ടി കത്തുന്ന മെഴുകുതിരി ചിത്രങ്ങളിലേക്കു നോക്കി, എനിക്ക് വേണ്ടി ആര് സമരം ചെയ്യുമെന്ന മുഖവുരയോടെയാണ് അവള്‍ പറഞ്ഞു തുടങ്ങിയത്. വെറും ആറോ ഏഴോ വയസ്സ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ വായിച്ചെടുക്കാന്‍ ഞാന്‍ തീര്‍ത്തും അശക്തയായിരുന്നു. ഇരുണ്ട് തുടങ്ങുന്ന ആകാശമാണ് അവളെ ഏറെ പേടിപ്പെടുത്തുന്നത്. ആകാശത്തെ നക്ഷത്രവും അമ്പിളിയും അവളെ മോഹിപ്പിക്കാറില്ല. നമ്മള്‍ എല്ലാ സങ്കടങ്ങളുമൊതുക്കാന്‍ ചുരുണ്ടുകൂടുന്ന വീടകമാണ് അവളെ ഏറ്റവും പേടിപ്പെടുത്തുന്നത്. തനിക്കും തന്നോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞനിയത്തിക്കും രാവിന്‍്റെ നിശബ്ദതയില്‍ അവള്‍ കാവലിരിക്കുകയാണ്. കുഞ്ഞുടലുകളില്‍ പരതുന്ന കനത്ത കൈകളില്‍ നിന്ന് രക്ഷ നേടാന്‍. അരികിലുറങ്ങുന്ന അമ്മ പോലും അറിയാതെയാണ് കനമുള്ള കൈകള്‍ അവളെ എടുത്തോണ്ട് പോവുന്നത്.
ഒന്ന്കൂടെ പോയിക്കൊടുത്താല്‍ നിറമുള്ള മിഠായി മുതല്‍ നിറയെ മണികളുള്ള പാദസരം വരെ സമ്മാനം നല്‍കാമെന്ന് പറഞ്ഞ ബന്ധുവിനെ കുറിച്ച് പറഞ്ഞത് മറ്റൊരുവളാണ്. ജീവിതത്തിലെ ബന്ധങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടവളായിരുന്നു അവള്‍. അമ്മയുടേതടക്കം നാം കാണുന്ന സ്നേഹമെല്ലാം  പൊളളയാണെന്ന് അവള്‍ വിശ്വസിക്കുന്നു. ഇത് ഒന്നോ രണ്ടോ പേരുടെ കഥയല്ല. ഒരു പക്ഷെ നാം കാണുന്ന ഓരോ കുഞ്ഞിക്കണ്ണുകളിലും ഭീതിയുടെ ഒരു നിഴല്‍ പതിയിരിക്കുന്നുണ്ടാവാം.  

ബാല്യമില്ലാത്ത കുട്ടികള്‍

ബാല്യത്തെ കുറിച്ചോര്‍ക്കാന്‍ നല്ല ഒരോര്‍മ പോലുമില്ലാത്തവളാണ് നാദിയ. അമ്മയുടെ ആങ്ങളമാരോരുത്തരും ഊഴം വെച്ചാണ് ആ കുഞ്ഞു ശരീരത്തെ പിച്ചിച്ചീന്തിയത്. ഇരുണ്ടു തുടങ്ങുന്ന രാവുകളില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവള്‍ പകച്ചിരുന്നു. തന്‍്റെ അനുഭവങ്ങള്‍ കുഞ്ഞനിയത്തിമാര്‍ക്ക് വരാതിരിക്കാന്‍ കുഞ്ഞു നാദിയ ഉറക്കമിളച്ചു. തള്ളക്കോഴി കുഞ്ഞുങ്ങളെയെന്നപോലെ. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനുഭവങ്ങളുടെ ഒരു തരി പോലും മറക്കാനായിട്ടില്ല നാദിയക്ക്. ആശങ്കയൊഴിയാത്ത മനസ്സുമായാണ് ഇന്നുമവള്‍ ജീവിക്കുന്നത്. പത്ത് വയസ്സുകാരിയായ മകള്‍ക്ക് ചുറ്റിലും കഴുകക്കണ്ണുകള്‍ വട്ടമിടുന്നുണ്ടെന്ന ഭീതി എല്ലാ സന്തോഷങ്ങള്‍ക്കിടയിലും അവളില്‍ വല്ലാത്തൊരരക്ഷിതാവസ്ഥയുണ്ടാക്കുന്നു. പേടിപ്പെടുത്ത ഈ അരക്ഷിത വഴികളിലൂടെയാണല്ളോ നമ്മള്‍ നടന്നുനീങ്ങുന്നത്.

താല്‍ക്കാലിക അഭയ കേന്ദ്രങ്ങളിലും വീടകങ്ങളുടെ ഇരുട്ടിലും ആരോപണങ്ങളുടേയും സംശയങ്ങളുടേയും ഇരകളായി തുടര്‍ജീവിതം അസഹ്യമായി തീര്‍ന്ന, പല ദേശങ്ങളുടെ പേരുകളില്‍ അറിയപ്പെടുന്ന, അനേകങ്ങള്‍ വെറുമൊരു കേസ് നമ്പര്‍ മാത്രമായി കഴിയുന്നുണ്ട്.
വീടുകളില്‍ ,കച്ചവട സ്ഥാപനങ്ങളില്‍ ,പണിയിടങ്ങളില്‍ ,ജീവിതത്തിന്‍റെ കൊടും കാടുകള്‍ക്ക് നടുവില്‍ ഒരു കുഞ്ഞു നിലവിളി ശബ്ദം പോലും പുറത്തു കേള്‍പ്പിക്കാന്‍ ആവാതെ വേട്ട നായ്ക്കളുടെ പല്ലുകളില്‍ കുരുങ്ങിക്കിടക്കുന്ന നിസ്സഹായ ജന്മങ്ങളുണ്ട്. വിശപ്പിന്‍റെ പേരില്‍ ഒരു തൊഴില്‍ സ്ഥിരതയുടെ പേരില്‍, കഴുത്തില്‍ ചുറ്റി വരിഞ്ഞു കിടക്കുന്ന ഒരു മുഴം ചരടിന്‍റെ പേരില്‍, എല്ലാം സഹിക്കുന്നവര്‍ ..അവരുടെ ദൈന്യതകള്‍ക്ക് നേരെ  നമ്മുടെ മന:സാക്ഷിയുടെ കണ്ണ് എന്നാണ് തുറന്നു പിടിക്കുക? ആ നിലവിളികള്‍ എന്നാണ് നമ്മുടെ ബധിര കര്‍ണങ്ങളില്‍ ആലോസരമുണ്ടാക്കുക?


സ്ത്രീ എന്ന കോളം പൂരിപ്പിക്കേണ്ടി വരുന്ന ഒരാള്‍ക്കും മാറിപ്പോകാന്‍ കഴിയാത്തവിധം ഉറപ്പുള്ള ഒരു യാഥാര്‍ത്ഥ്യം.  ഏതു സമയത്തും ആക്രമിക്കപ്പെടാനുള്ള സാധ്യത, ശരീരം കീറിമുറിക്കപ്പെടാനും ബലാല്‍സംഗം ചെയ്യപ്പട്ടേക്കാനും ഇടയുണ്ടെന്ന നോവേറുന്ന സത്യം. ആ ഭീകര സത്യം പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന നാട്ടില്‍ ജീവിക്കുന്ന ഒരമ്മക്കും ഉറങ്ങാനാവില്ല ഒരിക്കലും. ഇനി നമുക്ക് ഉറങ്ങാതിരിക്കാം. ഉറങ്ങാതെയെന്നല്ല..ഒന്നു മയങ്ങു പോലും ചെയ്യാതിരിക്കാം.  കാരണം നമ്മുടെ ഒരു കുഞ്ഞു മയക്കത്തിനിടയില്‍ മടിത്തട്ടിലെ കുഞ്ഞോമന അപ്രത്യക്ഷമായെങ്കിലോ..ഒരൊച്ച പോലുമുണ്ടാവാതെ ഒന്നു പിടയുക പോലും ചെയ്യതെ നമ്മുടെ കിനാവുകള്‍ തകര്‍ന്നു പോയെങ്കിലോ..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.