പറയുന്നത് കേരളത്തിന്‍െറ ‘സാംസ്കാരിക തലസ്ഥാന’ത്തെ ചില വിശേഷങ്ങളാണ്. പുതിയ കാലത്ത് തൃശൂരിന് ഈ വിശേഷണം എങ്ങനെയൊക്കെ ചേരും എന്ന് പുനരാലോചിക്കേണ്ട ചില സൂചനകള്‍ കൂടിയാണത്.
നരേന്ദ്ര ദാമോദര്‍ ദാസ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന്‍െറ പിന്നാലെ തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിലുള്ള ഒരു കലാലയത്തിലുണ്ടായ സാംസ്കാരിക വിശേഷമാണ് അതില്‍ ആദ്യം. ഗുരുവായൂര്‍ ദേവസ്വം നടത്തുന്ന കോളജാണ് ശ്രീകൃഷ്ണ. മോദിയെക്കുറിച്ച് ചില ചോദ്യങ്ങളും അതിന് ചേരുംപടി ചേര്‍ക്കാനുള്ള ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്ന മാഗസിന്‍ കോളജ് യൂണിയന്‍ അച്ചടിച്ചു. എന്നാല്‍, മാഗസിന്‍ അച്ചടിക്ക് മാനേജ്മെന്‍റ് ഫണ്ട് കൊടുത്തില്ല. അവിടെയും തീര്‍ന്നില്ല; യൂണിയന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്ത് കേസുമെടുത്തു.
ഏതാണ്ട് അതേസമയത്താണ് കുന്നംകുളത്തെ ഗവ. പോളിടെക്നിക്കില്‍ മാഗസിനിലെ ഒരു പേജിനെച്ചൊല്ലി പ്രശ്നമുണ്ടായത്. ഭരണം എ.ബി.വി.പിക്ക് ആയിരുന്നെങ്കിലും മാഗസിന്‍െറ ചുമതല എസ്.എഫ്.ഐക്കായിരുന്നു. ലോകത്ത് ഏറ്റവും വെറുക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ മോദിയുടെ ചിത്രം കൂടി ഉള്‍പ്പെട്ട ആ മാഗസിന്‍െറ പ്രത്യാഘാതം പ്രിന്‍സിപ്പലും മാഗസിന്‍ ഉപദേശകനായ അധ്യാപകനും സ്റ്റുഡന്‍റ് എഡിറ്ററും അറസ്റ്റ് ചെയ്യപ്പെട്ടു എന്ന നടുക്കമുളവാക്കുന്ന സംഭവമായിരുന്നു.
2015 പിറന്നപ്പോള്‍ തൃശൂരിലെ ഗവ. മാഹാരാജാസ് പോളിടെക്നിക്കിലാണ് അടുത്ത സാംസ്കാരിക സംഭവമുണ്ടായത്. ഏതാണ്ട് കുന്നംകുളത്തിന്‍െറ മാതൃകയില്‍ ഒരു മാഗസിന്‍ അച്ചടിക്കാന്‍ കൊടുത്തു. മുന്‍കൂറായി പണവും കൊടുത്തു. നാടിന്‍െറ ഗതി അറിയാനുള്ള വിശേഷ ബുദ്ധി സ്വകാര്യ പ്രസ്സുകാര്‍ക്കു തന്നെ ഉണ്ടായിരുന്നതുകൊണ്ട് അവര്‍ മാഗസിന്‍ അച്ചടിച്ചതേയില്ല. ഏറ്റവും ഒടുവില്‍ തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ ഒരു പ്രതിഷേധ സമരത്തിന്‍െറ പേരില്‍ വിവാദം അലയടിക്കുമ്പോള്‍, കേരളത്തെ അടുത്ത ലക്ഷ്യസ്ഥാനമാക്കാന്‍ ചിലര്‍ക്ക് പ്രേരകമാകുന്നത് എന്തെല്ലാമെന്നതിന്‍െറ ഉത്തരംകൂടി അതില്‍ ഒളിഞ്ഞു കിടപ്പുണ്ട്.
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം ഭക്ഷിച്ചുവെന്ന് ആരോപിച്ച് ഒരു ഗൃഹനാഥനെ തല്ലിക്കൊന്നതിലുള്ള പ്രതിഷേധം കേരളവര്‍മ്മ കാമ്പസിലെ എസ്.എഫ്.ഐക്കാര്‍ ബീഫ്ഫെസ്റ്റ് നടത്തിയാണ് പ്രകടിപ്പിച്ചത്. അതിനെ തടയാന്‍ എ.ബി.വി.പി രംഗത്തത്തെി. കേരളവര്‍മ്മ കാമ്പസിലൊരു ക്ഷേത്രമുണ്ടെന്നും അവിടെ മാംസാഹാരം നിഷിദ്ധമാണെന്നുമാണ് വാദം. അതുകേട്ട പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടിപ്പോയി. നിഷിദ്ധമായത് എന്നു മുതലാണെന്ന് അവരില്‍ പലരും പരസ്പരം ചോദിച്ചു. തങ്ങള്‍ പഠിച്ച കാലത്ത് പങ്കിട്ടു കഴിച്ച ഉച്ചഭക്ഷണത്തില്‍ മാംസാഹാരവും ഉണ്ടായിരുന്നല്ളോ എന്ന് അവര്‍ മനസ്സു തുറന്നു. അതിനേക്കാള്‍ വലിയ ആശ്ചര്യം ക്ഷേത്രത്തിന്‍െറ കാര്യത്തിലായിരുന്നു. ‘ഏത് ക്ഷേത്രം?’ എന്നാണ് ചോദ്യം. അവരോടൊക്കെ ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ പണ്ട് ഒഴിവു വേളകളില്‍ കാറ്റുകൊണ്ടിരുന്ന ആല്‍ത്തറയല്ല കേരളവര്‍മ്മയിലെ ഇന്നത്തെ ആല്‍ത്തറ. അതൊന്ന് കാണണം. നാളെയൊരുനാള്‍ നിത്യപൂജ നടത്താവുന്ന അവസ്ഥയില്‍ ഒരു ‘ക്ഷേത്രം’ വളരുന്നുണ്ട്!
വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങളല്ളെന്നും കലാലയങ്ങളില്‍ പിന്തുടരേണ്ടത് ക്ഷേത്രാചാരമല്ളെന്നും പറഞ്ഞ് കേരളവര്‍മ്മയില്‍ മലയാളം പഠിപ്പിക്കുന്ന ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് വിഷയത്തിന്‍െറ രഷ്ട്രീയമാനം പുറംലോകത്തേക്ക് എത്തിയത്. കലാ‘ക്ഷേത്ര’ത്തിലേക്ക് ബീഫ് കടത്തേണ്ടെന്ന് പറയുന്നവര്‍ ക്ഷേത്രത്തില്‍ അശുദ്ധി സമയത്ത് സ്ത്രീകള്‍ കയറരുതെന്ന് നാളെ പറഞ്ഞേക്കാം’ എന്ന ദീപയുടെ ആധി തള്ളാനാവുമോ? കേരളവര്‍മ്മയില്‍ ക്ഷേത്രമുള്ളതു കൊണ്ട് വിശ്വാസങ്ങളുമായി പൊരുത്തപ്പെടാത്ത ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കേണ്ടെന്നും നാളെ പറഞ്ഞേക്കാം. എ.ബി.വി.പിയുടെ പരാതിയില്‍ ദീപക്കെതിരെ അന്വേഷണം നടത്താന്‍ മാത്രം ‘ധര്‍മ്മ സംസ്ഥാപനം’ നടത്തുന്നവരാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എന്നുകൂടി അറിയുമ്പോഴാണ് ഫാഷിസം എത്രത്തോളം പിടിമുറുക്കി കഴിഞ്ഞുവെന്ന് മനസ്സിലാവുക.
ഏറ്റവുമൊടുവില്‍, നെഹ്റുവിന്‍െറ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്‍െറ മകള്‍ നയന്‍താര സെഹ്ഗലും കേന്ദ്ര സാഹിത്യ അക്കാദമിക്ക് പുരസ്കാരം തിരിച്ചു കൊടുത്തിരിക്കുന്നു. നിങ്ങളോ? സംഘ്പരിവാറിന് ചൂട്ടുപിടിക്കാന്‍ ഒരു രാഷ്ട്രീയ കക്ഷി രൂപം കൊള്ളുമ്പോള്‍ അതിന്‍െറ രക്ഷാധികാരിയാകാന്‍ ഒരുങ്ങുന്ന കേരളത്തിന്‍െറ ‘ശാസ്ത്രമുത്തുകള്‍’ ഈ വയസ്സാംകാലത്ത് എന്ത് ലാഭമാണ് ഉന്നം വെക്കുന്നത്?
നമ്മള്‍ പറയാറുണ്ടല്ളോ, അദ്ദേഹത്തിന്‍െറ മരണം കനത്ത നഷ്ടവും നികത്താനാവാത്ത വിടവുമാണെന്ന്. അതിപ്പോള്‍ കേരളം ശരിക്കും അനുഭവിക്കുന്നു. സുകുമാര്‍ അഴീക്കോടും എം.എന്‍. വിജയനും ശേഷം നട്ടെല്ലുള്ളവരുടെ കുറ്റിയറ്റെന്ന് നിങ്ങള്‍ ഞങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ‘എന്നെയല്ല,എന്നോടല്ല’ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്നതുവരെ നിങ്ങള്‍ക്കെല്ലാം ‘നല്ല ദിവസം‘ വരട്ടെ എന്നാശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.