രണ്ട് നിലവിളികള്‍ക്കിടയില്‍ ഒരു കുപ്പി രക്തം

ഒക്ടോബര്‍1 ദേശീയ രക്തദാന ദിനം

അത്രയും ഹൃദയഭേദകമായി ഒരമ്മ അലമുറയിടുന്നത് പിന്നീടൊരിക്കലും കണ്ടിട്ടില്ല. ആശുപത്രി കവാടത്തിന്‍െറ കൂറ്റന്‍ ഇരുമ്പ് ഗേറ്റ് വളച്ചൊടിക്കാന്‍ പോന്ന ശേഷിയുണ്ടായിരുന്നു ആ അമ്മക്കരുത്തിനപ്പോള്‍. രാത്രി പടര്‍ന്നുവീണ അന്നേരം ഗേറ്റിനു പുറത്തെ റോഡിലൂടെ വീടുകള്‍ തേടി നിഴല്‍കണക്കെ ചേക്കയണയുന്ന കാല്‍പ്പെരുമാറ്റങ്ങളെ നോക്കി അവരപ്പോള്‍ കൂപ്പുകൈകളോടെ നിലവിളിച്ചു.

‘‘ആരെങ്കിലും എന്‍െറ കുഞ്ഞിനിത്തിരി രക്തം തരുമോ...?’’

ഓരോ ദിവസവും നൂറു കണക്കിന് മനുഷ്യര്‍ പിറന്നുവീണ് നിലവിളിക്കുന്ന ആ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അവരുടെ മകളുടെ ഞരമ്പുകളില്‍നിന്ന് അണപൊട്ടി ഒഴുകുന്ന രക്തസഞ്ചാരം നിര്‍ത്താന്‍ അപ്പോള്‍ ഡോക്ടര്‍മാര്‍ പെടാപ്പാട് പെടുകയായിരുന്നു.
രാവിലെ ഡോക്റെ കാണിക്കാന്‍ ആശുപത്രിയില്‍ വന്ന അമ്മയ്ക്കും മകള്‍ക്കുമൊപ്പം ബന്ധുക്കള്‍ ആരുമില്ലായിരുന്നു. പ്രസവത്തിന്‍െറ ഡേറ്റ് ഇനിയുമാകാനിരിക്കുന്നതേയുള്ളു. പക്ഷേ, ഉച്ചയായപ്പോള്‍ മകള്‍ക്ക് വേദന തുടങ്ങി. ഉച്ച തിരിഞ്ഞപ്പോള്‍ പ്രസവവും നടന്നു. പക്ഷേ, നിര്‍ത്താതെ ബ്ളീഡിംഗ് ആയിരുന്നു. പ്രസവിച്ചിട്ട് മണിക്കൂറുകള്‍ പോലുമാകാത്ത പേരക്കുഞ്ഞിനും ചോരവാര്‍ന്ന് വിളറിയ മകള്‍ക്കുമിടയില്‍ ആ അമ്മ നിലവിളിച്ചു നടന്നു.


ആരോ വിവരമറിയിച്ചതനുസരിച്ച് തൊട്ടടുത്ത എ.ആര്‍. ക്യാമ്പില്‍നിന്ന് കുറച്ചു പോലീസുകാര്‍ വന്ന് രക്തം കൊടുത്തുപോയി.
ഒരു സുഹൃത്തിന്‍െറ ബന്ധുവിന് അടുത്ത ദിവസം നടക്കുന്ന യൂട്രസ് ശസ്ത്രക്രിയക്ക് രക്തം നല്‍കാന്‍ എന്നെ കോളജില്‍നിന്ന് വിളിച്ചുകൊണ്ടുപോയതായിരുന്നു. അപ്പോഴാണ് ആ അമ്മയുടെ നിലവിളി ആശുപത്രി വളപ്പില്‍ മുഴങ്ങിയത്. എലിസ ടെസ്റ്റ് നിര്‍ബന്ധമാക്കി തുടങ്ങിയ കാലമായിരുന്നു അത്. ടെസ്റ്റ് പുറത്തുനിന്നു വേണമായിരുന്നു നടത്താന്‍. എന്നെ ടെസ്റ്റിനൊക്കെ വിധേയനാക്കി കുഴപ്പമൊന്നുമില്ളെന്ന് തെളിയിച്ച് കൊണ്ടുവന്നതാണ്. അപ്പോഴാണ് ഒരമ്മ രക്തം യാചിച്ച് നടക്കുന്നത്.



ഞാന്‍ അവരോട് ചോദിച്ചു ‘ഏത് ഗ്രൂപ്പ് രക്തമാണ് വേണ്ടത്.?’
‘ബി പോസിറ്റീവ്’ അതൊരു മറുപടിയായിരുന്നില്ല. പ്രാണനുവേണ്ടിയുള്ള യാചനയായിരുന്നു.
‘എന്‍െറ ഗ്രൂപ്പ് അതാണ്. വരൂ ഞാന്‍ തരാം..’
അവരപ്പോള്‍ എന്‍െറ കൈയില്‍ കയറിപ്പിടിച്ച് നിന്നു വിറച്ചു. ഞാന്‍ അവര്‍ക്കൊപ്പം നടക്കാന്‍ തുടങ്ങിയപ്പോള്‍ സുഹൃത്തിന്‍െറ ബന്ധുവിന്‍െറ പിടിവീണു.
’ഹേ, നിങ്ങളിതെന്തു ചെയ്യാന്‍ പോകുന്നു..’
എന്തു ചെയ്യാന്‍ പോകുന്നുവെന്ന് ഞാനയാളോട് പറയണമോ..?
‘നിങ്ങളുടെ ബ്ളഡ് ടെസ്റ്റ് ചെയ്തത് ഞങ്ങളാ. നിങ്ങള്‍ ഞങ്ങള്‍ക്ക് രക്തം തരാന്‍ വന്നതാ.. അവര്‍ക്ക് കൊടുക്കാന്‍ പറ്റത്തില്ല..’
എന്‍െറ രക്തത്തില്‍ എനിക്കൊരു അവകാശവുമില്ളെന്ന പോലെയായിരുന്നു അയാളുടെ സംസാരം. എന്‍െറ രക്തത്തിന്‍െറ അവകാശി ഞാനാണ് നിങ്ങളല്ല. അത് കൊടുക്കേണ്ടത് ആര്‍ക്കാണെന്ന് തീരുമാനിക്കാനും എനിക്കാണ് അവകാശം.

ഞാന്‍ അമ്മയ്ക്കൊപ്പം ബ്ളഡ് ബാങ്കിലേക്ക് പോകുമ്പോള്‍ പിന്നില്‍ അയാളുടെ ചീത്ത വിളി കേള്‍ക്കാമായിരുന്നു. അറവുകാരന്‍െറ മുറി കണക്കെ തോന്നിച്ച ബ്ളഡ് ബാങ്കിന്‍െറ തുരുമ്പിച്ച കിടക്കയില്‍ കിടന്ന് എന്‍െറ ഒരു കുപ്പി രക്തം ആ പെണ്‍കുട്ടിയുടെ ജീവനിലേക്ക് പകര്‍ന്നു.
അവസാനത്തെ ബസ്സില്‍ വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴും, രാത്രി കിടന്നുറങ്ങുമ്പോഴും ഗേറ്റ് പിടിച്ചുലയ്ക്കുന്ന ഒരു പെണ്‍രൂപം മനസ്സില്‍ ഇടയ്ക്കിടെ എഴുന്നേറ്റുനിന്നു. ആ രക്തവും അവര്‍ക്ക് മതിയായിട്ടുണ്ടാവില്ളെന്നുറപ്പ്.
പിറ്റേന്ന് രാവിലെ കോളജിലത്തെി നാഷനല്‍ സര്‍വീസ് സ്കീമിന്‍െറ (എന്‍.എസ്.എസ്) ചുമതലയുള്ള രാമവര്‍മ്മ സാറിനോട് കാര്യം പറഞ്ഞു. ഏതാനും ബി പോസിറ്റീവുകാരെ സാര്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു.


ഞങ്ങള്‍ ചെല്ലുമ്പോള്‍ ആ കിടക്ക ഒഴിഞ്ഞുകിടക്കുകയായിരുന്നു. അങ്ങകലെ നാട്ടിന്‍പുറത്തെ ഒരു കൊച്ചു വീടിന്‍െറ മുറ്റത്ത് ഒരു പെണ്‍കുട്ടിയുടെ പട്ടട കത്തിയമരുകയായിരുന്നു അപ്പോള്‍. ആ തീച്ചൂടില്‍ ഒരു ചോരക്കുഞ്ഞിനെ മാറോട് ചേര്‍ത്തുപിടിച്ച് ആ അമ്മ അപ്പോഴും നിലവിളിക്കുന്നുണ്ടാവണം. രാത്രിയില്‍ പിന്നെയും രക്തം പോയി. വെളുപ്പിനു മുമ്പുതന്നെ മരിച്ചുവെന്ന് അടുത്ത ബെഡ്ഡിലെ ആരോ പറഞ്ഞു.
ചിലപ്പോള്‍ ആ രാത്രിയില്‍ ആരെങ്കിലും ഒരു കുപ്പി രക്തം കൊടുത്തിരുന്നെങ്കില്‍ ഞങ്ങള്‍ ചെല്ലുന്നതുവരെയെങ്കിലും ആ പെണ്‍കുട്ടിയുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞേനെ എന്നോര്‍ത്തപ്പോള്‍ കടുത്ത കുറ്റബോധമാണ് തോന്നിയത്.

തിരികെ കോളജിലത്തെുമ്പോള്‍ വര്‍മ്മ സാര്‍ അക്ഷമയോടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പലതും പറഞ്ഞ് ഞങ്ങളെ സാര്‍ സമാധാനിപ്പിച്ചു.
നന്മയെന്നതിന് മതമില്ളെന്നും അതിന് മനുഷ്യനെന്നാണ് പേരെന്നും ഞങ്ങളെ പഠിപ്പിച്ചുതന്നത് വര്‍മ്മ സാറായിരുന്നു. ഓണക്കാലത്തും മറ്റ് ആഘോഷക്കാലങ്ങളിലും ഭാര്യയ്ക്കൊപ്പം സദ്യയുണ്ടാക്കി വാഴയിലയില്‍ പൊതിഞ്ഞ് പാക്കറ്റുകളിലാക്കി വിദ്യാര്‍ത്ഥികളെയും കൂട്ടി സാര്‍ തെരുവിലേക്കിറങ്ങും. തെരുവോരങ്ങളില്‍ പട്ടിണി കിടക്കുന്ന മനുഷ്യര്‍ക്ക് അത് സ്നേഹത്തോടെ നല്‍കും.
കോളജിന് നാല് കിലോ മീറ്റര്‍ അപ്പുറത്താണ് മെഡിക്കല്‍ കോളജ്. കുറച്ചപ്പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. മിക്ക ദിവസവും രക്തം ആവശ്യപ്പെട്ട് ആരെങ്കിലും എത്തും. ലിസ്റ്റും ബ്ളഡ് ഗ്രൂപ്പും നോക്കി ആരെയെങ്കിലും പറഞ്ഞുവിടും.

ഒരിക്കല്‍ നല്ല തടിയും തൂക്കവുമൊക്കെയുള്ള ഒരാള്‍ ബി പോസിറ്റീവ് രക്തം ആവശ്യപ്പെട്ട് കോളജില്‍ വന്നു. എന്നെയും കൂട്ടി അയാള്‍ മലയാളം ഡിപ്പാര്‍ട്ടുമെന്‍റിന് മുന്നിലൂടെ പുറത്തേക്ക് പോകുമ്പോള്‍ വര്‍മ്മ സാര്‍ കണ്ടു. എവിടെ പോവുകയാണ് എന്ന ചോദ്യം.
ആര്‍ക്കാണ് രക്തമെന്നു സാര്‍ അയാളോട് ചോദിച്ചു. അയാളുടെ അച്ഛന് അടുത്ത ദിവസം സര്‍ജറിയുണ്ട്. മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കോളജില്‍ വന്ന് എന്‍.എസ്.എസുകാരോട് ചോദിച്ചാല്‍ രക്തം കിട്ടുമെന്ന് ആരോ പറഞ്ഞു.
‘തന്‍െറ ഗ്രൂപ്പ് ഏതാ..?’ സാര്‍ അയാളോട് ചോദിച്ചു.
‘നോക്കിയിട്ടില്ല...’ അയാളുടെ മറുപടി കേട്ടപ്പോള്‍ സാറിന് കോപമിരച്ചു. എന്‍െറ നേരേ വിരല്‍ ചൂണ്ടി സാര്‍ പറഞ്ഞു.
‘ഇവരുടെ ശരീരത്തിലൂടെ ഒഴുകുന്ന പോലത്തെ ചോരയാ തന്‍െറ ശരീരത്തിലും. സ്വന്തം അച്ഛന് രക്തം വേണ്ടപ്പോള്‍ തന്‍െറ രക്തം ചേരുമോ എന്ന് നോക്കാതെ ഇങ്ങോട്ട് പോരാന്‍ ആരാ പറഞ്ഞത്. ആദ്യം പോയി തന്‍െറ ഗ്രൂപ്പ് നോക്ക്. ചേരുന്നില്ളെങ്കില്‍ ഇങ്ങോട്ട് വന്നാ മതി..’
വീണ്ടും എന്നെ നോക്കി സാര്‍ ആക്രോശിച്ചു. ‘പോയി ക്ളാസില്‍ കേറെടാ..’

എത്ര തവണ പിന്നീട് രക്തം കൊടുത്തിട്ടുണ്ടെന്ന് അറിയില്ല. പക്ഷേ, പലപ്പോഴും അന്നത്തെ പോലെ ഗ്രൂപ്പറിയാത്ത മക്കളുടെ രക്ഷിതാക്കള്‍ക്കും കൊടുക്കേണ്ടിവന്നിട്ടുണ്ട്.
മോന്‍െറ രക്തം എടുക്കാന്‍ പോയപ്പോള്‍ വേണ്ടെന്നും അവന്‍െറ കൂട്ടുകാരന്‍െറ രക്തം മതിയെന്നും നിലവിളിച്ച ഒരുമ്മയെക്കുറിച്ച് സുഹൃത്ത് കുഞ്ഞാപ്പ ഈ അടുത്തിടെയാണ് പറഞ്ഞത്. അന്ന് മകളുടെ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ഇത്തിരി രക്തത്തിനായി നെഞ്ചുകീറിയ ആ അമ്മയുടെ നിലവിളിയോട് ഈ നിലവിളി ചേര്‍ത്തുവെക്കുമ്പോള്‍ എന്തൊക്കെയാണ് തോന്നുക...?
ഇപ്പോഴും പറയാനുള്ളത് ആശുപത്രി ഗേറ്റില്‍ പിടിച്ചുലച്ച ആ അമ്മയുടെയത്രയും ഹൃദയഭേദകമായ നിലവിളി പിന്നീടൊരിക്കലും കേട്ടിട്ടില്ല എന്നാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.