മരണം മണക്കാത്ത റോഡുകള്‍ക്കായി..

യാത്രകള്‍ മലയാളിയുടെ ദൗര്‍ബല്യമാണ്. പതിവു യാത്രകള്‍ക്കു പുറമെ, ചിലര്‍ തീരുമാനിച്ചുറപ്പിച്ച് യാത്രക്കിറങ്ങുന്നു. മറ്റു ചിലര്‍ ഒരു തോന്നലില്‍ നിന്ന നില്‍പില്‍ പുറപ്പെടുന്നു..ഇനിയും ചിലര്‍ കഴിയാതെ പോയ യാത്രകളെ മനസ്സില്‍ സ്വപ്നമായ് ഓമനിക്കുന്നു..

എന്നാല്‍, ഒരിക്കലും മടക്കമില്ലാത്ത യാത്രകള്‍ ആയി അവ മാറുന്നതിനെ കുറിച്ച് ഓര്‍ത്തു നോക്കിയിട്ടുണ്ടോ? എത്ര ദൈര്‍ഘ്യമേറിയതാവട്ടെ ചെറുതാവട്ടെ, യാത്രക്കൊടുവില്‍ സുരക്ഷിതമായി വീടണയണേ എന്നതാണ് ഓരോരുത്തരുടെയും ബോധത്തിലോ അബോധത്തിലോ ഉള്ള തേട്ടം. എന്നാല്‍, അങ്ങനെ ഒരു ഉറപ്പും നല്‍കാത്തവയായിരിക്കുന്നു നമ്മുടെ യാത്രാ പരിസരങ്ങള്‍. യുദ്ധങ്ങളിലേതിനേക്കാള്‍ ആളുകളുടെ ജീവന്‍ പൊലിയുന്നത് റോഡുകളിലാണ് എന്നതാണ് യാഥാര്‍ഥ്യം.

മാരകരോഗങ്ങളുടെ വിളനിലമായ കേരളത്തില്‍ ഇതിനേക്കാളേറെ ആളുകള്‍ മരിക്കുന്നത് റോഡപകടങ്ങളിലാണെന്നത് അറിയുമോ? റോഡപകടങ്ങളുടെ കാര്യത്തില്‍  ഇനിയെങ്കിലും കടുത്ത ജാഗ്രത പാലിക്കേണ്ടതിന്‍റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. യാത്രക്ക് അനുയോജ്യമായ വാഹനങ്ങള്‍ കണ്ടത്തെി സ്വന്തമായി ഓടിച്ചു പോകാനുള്ള മലയാളിയുടെ ആഗ്രഹം പ്രസിദ്ധമാണ്. വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് ഭൂരിഭാഗത്തിനും നല്ല അറിവുണ്ടെങ്കിലും താനും അത് പാലിക്കേണ്ടവനാണെന്ന ബോധം വളരെ കുറച്ചാളുകള്‍ക്കേയുള്ളൂ.

മാന്യതയുടെ കാര്യത്തില്‍ രാജ്യത്തെ ഇതര പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാളി പക്ഷെ, റോഡിലെ മാന്യന്മാരുടെ പട്ടികയില്‍ ഏറ്റവും പിറകിലാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നല്ല ഡ്രൈവിംഗ് ഒരു സംസ്കാരമായി വളര്‍ത്തിയെടുത്താല്‍ മാത്രമേ ഈ പട്ടികയില്‍ മുന്നിലത്തൊന്‍ നമുക്ക് സാധിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ അപകട മരണങ്ങളുടെ പട്ടികയില്‍ നിന്ന് മലയാള നാടിന് താഴേക്കിറങ്ങാന്‍ കഴിയൂ.
റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ കൂടുതലും രാജ്യത്തിന്‍റെ അമൂല്യ സമ്പത്തായ യുവാക്കളാണെന്നത് ഇതിന്‍റെ ഗൗരവം കൂട്ടുന്നു. അനാഥരായ കുട്ടികളുടെയും വിധവകളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതില്‍ റോഡപകടങ്ങള്‍ക്കുള്ള പങ്ക് അത്ര ചെറുതല്ല. ഒരു നിമിഷത്തെ അശ്രദ്ധ നമ്മുടെയോ നിരപരാധിയായ മറ്റൊരാളുടെയോ ജീവന്‍ തട്ടിയെടുക്കാന്‍ കാരണമാവുകയാണെങ്കില്‍ അതില്‍പരമൊരു പാപം മറ്റെന്തുണ്ട് എന്നെങ്കിലും ഉള്‍ക്കിടിലത്തോടെ ചിന്തിക്കാന്‍ നമുക്ക് കഴിയണം.




കേരളത്തിലെ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൂടെ ഒരു യാത്ര..

1. കുണ്ടും കുഴിയും
 എത്ര നല്ല റോഡാണെങ്കിലും ഒരു മഴ കഴിയുന്നതോടെ പല സ്ഥലങ്ങളിലും ‘ചതിക്കുഴി’കള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. അത് കണ്ടത്തെലും കുഴിയടക്കലും അധികൃതര്‍ ചെയ്യേണ്ട ജോലിയാണ്. അതവര്‍ നിര്‍ബന്ധമായും ചെയ്യട്ടെ. പക്ഷെ, വാഹനം മിതമായ വേഗതയിലാണ് (40-45കി.) നമ്മള്‍ ഓടിക്കുന്നതെങ്കില്‍ മുമ്പില്‍ ഒരു കൂറ്റന്‍ കുഴിയാണെങ്കില്‍ പോലും വാഹനം ബ്രേക്ക് ചെയ്ത് നിര്‍ത്താനോ എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളെ ശ്രദ്ധിച്ച് കുഴി ഒഴിവാക്കി ഡ്രൈവ് ചെയ്യാനോ സാധിക്കും. കേരളത്തിലെ ഏത് നല്ല റോഡാണെങ്കിലും മുമ്പില്‍ എപ്പോഴും കുഴിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടുവേണം വാഹനം ഡ്രൈവ് ചെയ്യാന്‍.



2. വളവുകള്‍
മലപ്പുറം ജില്ലയിലെ വട്ടപ്പാറ വളവുപോലെയുള്ള അപകട മേഖലയായ ധാരാളം വളവുകള്‍ കേരളത്തില്‍ ഉണ്ട്. ഇവിടങ്ങളില്‍ നടക്കുന്ന അപകടങ്ങളുടെ പ്രധാന കാരണം അമിതവേഗതയാണെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. അമിത വേഗതയിലുള്ള വാഹനങ്ങള്‍, പ്രത്യേകിച്ചും ചരക്കുവാഹനങ്ങള്‍ ഇറക്കവും വളവും ഉള്ള സ്ഥലങ്ങളില്‍ പെട്ടെന്ന് സ്റ്റിയറിംഗ് തിരിച്ചാല്‍ വാഹനം മറിയാനോ എതിരില്‍ വരുന്ന വാഹനങ്ങളില്‍ ഇടിക്കാനോ സാധ്യത  കൂടുതലാണ്.



3.മറികടക്കല്‍
അപകടകരമായ രീതിയില്‍ എതിര്‍ദിശയിലും മുമ്പിലും സഞ്ചരിക്കുന്ന ചെറുതും വലുതുമായ വാഹനങ്ങളെ ഹോണടിച്ച് പേടിപ്പിച്ചും ഹെഡ് ലൈറ്റിട്ട് ഞെട്ടിച്ചും തട്ടിത്തെറിപ്പിച്ചും വാഹനം മറികടക്കുന്ന രീതി ഇവിടെ മാത്രമുള്ളതാണ്. കോഴിക്കോട് ^തൃശൂര്‍, കോഴിക്കോട്^നിലമ്പൂര്‍ റൂട്ടുകളില്‍ യാത്ര ചെയ്തവര്‍ റോഡിലെ സ്വകാര്യ ബസ്സുകളുടെയും മറ്റു വാഹനങ്ങളുടെയും ഈ ‘അഴിഞ്ഞാട്ടം’ നന്നായി അനുഭവിച്ചുകാണും. എത്ര നേരം കാത്തുനില്‍ക്കേണ്ടി വന്നാലും എതിര്‍ ദിശയില്‍ വാഹനങ്ങളൊന്നും വരുന്നില്ളെന്ന് ഉറപ്പാക്കിയ ശേഷമേ മുമ്പിലുള്ള വാഹനത്തെ മറികടക്കാവൂ. ബൈക്കുകള്‍ വലിയ വാഹനങ്ങളെ മറികടക്കുമ്പോള്‍ നന്നായി ശ്രദ്ധിച്ചില്ളെങ്കില്‍ രണ്ട് വാഹനത്തിന്‍റെയും ഇടയില്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. ഒരു വാഹനത്തെ മറികടക്കുന്ന അവസരത്തില്‍ ഒന്നാം സ്ഥാനം ക്ഷമക്കാണ്.

4.അമിതവേഗത
എതിര്‍ദിശയില്‍ വരുന്ന രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ അവ രണ്ടിന്‍റേയും മണിക്കൂറിലുള്ള വേഗതയുടെ തുകയായിരിക്കും ആഘാതത്തിന്‍റെ തീവ്രത നിര്‍ണയിക്കുക. നാം ഓടിക്കുന്ന വാഹനത്തിന്‍റെ വേഗത കുറവാണെങ്കില്‍ എതിര്‍ദിശയില്‍ നിന്നും അമിതവേഗതയില്‍ വരുന്ന വാഹനം കൂട്ടിയിടിച്ചാല്‍ തന്നെ നമുക്കേല്‍ക്കുന്ന ആഘാതത്തിന്‍റെ തോത് വളരെ കുറവായിരിക്കും. അതിനാല്‍ ട്രാഫിക് നിയമപ്രകാരം ഓടിക്കാവുന്ന പരമാവധി വേഗതയിലോ അതില്‍ കുറഞ്ഞോ മാത്രം വാഹനമോടിക്കുന്ന രീതി ഓരോരുത്തരും ഒരു ശീലമാക്കി മാറ്റേണ്ടതുണ്ട്.
അമിതവേഗത്തിലുള്ള വാഹനം പെട്ടെന്ന് നിര്‍ത്തേണ്ടി വന്നാല്‍ എത്രവലിയ ബ്രേക്കിംഗ് സിസ്റ്റം ആണെങ്കിലും ടയറുകള്‍ മീറ്ററുകളോളം റോഡിലൂടെ നിരങ്ങിപ്പോയതിനു ശേഷം മാത്രമേ നില്‍ക്കൂ. ഉദ്ദേശിച്ച സ്ഥലത്ത് വാഹനം നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ വാഹനം മിതവേഗതയില്‍ ആകണം.



5.ഹെഡ് ലൈറ്റ്  
പലരുടെയും ധാരണ വാഹനത്തിന്‍റെ ഹെഡ് ലൈറ്റ് ‘ബ്രൈറ്റ്’ (ഹൈ ബീം) ആക്കിയാണ് വാഹനം ഓടിക്കേണ്ടതെന്നാണ്. എന്നാല്‍, വാഹനം ഓടിക്കേണ്ടത് ‘ഡിം’ (ലോ ബീം) ലൈറ്റിലാണ്. കുറച്ചു ദൂരെ മുമ്പിലേക്കും റോഡരികിലേക്കും വ്യക്തമായ കാഴ്ച കിട്ടാത്ത സമയങ്ങളില്‍ മാത്രമാണ് ഹെഡ് ലൈറ്റ് ‘ബ്രൈറ്റ്’(ഹൈ ബീം)  ചെയ്യേണ്ടത്. എതിര്‍ദിശയില്‍ വാഹനങ്ങള്‍ വരുമ്പോള്‍ നിര്‍ബന്ധമായും ലൈറ്റ് ഡിം ചെയ്യണം. ഇല്ളെങ്കില്‍ ആ വാഹനത്തിലെ ഡ്രൈവര്‍ക്ക് റോഡരികിലെ മരങ്ങളെയോ കാല്‍ നടയാത്രക്കാരെയോ നിര്‍ത്തിയിട്ട മറ്റു വാഹനങ്ങളെയോ കാണാന്‍ സാധിക്കാതെ പോയി ഇടിച്ചെന്നുവരും. ഹെഡ് ലൈറ്റിന്‍റെ നിലവിലുള്ള ബള്‍ബ് മാറ്റി, എതിര്‍ ദിശയില്‍ വാഹനമോടിച്ചു വരുന്ന ഡ്രൈവറെ കുറഞ്ഞത് 5 സെക്കന്‍റ് മുതല്‍ 10 സെക്കന്‍റ് വരെയെങ്കിലും അന്ധനാക്കി മാറ്റാനാകുന്ന വിധം ‘ഹൈ ഇന്‍റന്‍സിറ്റി’ ബള്‍ബുകള്‍ പിടിപ്പിക്കുന്നത് കടുത്ത നിയമ ലംഘനമാണെന്ന് പലര്‍ക്കും അറിയില്ല.



6.വാഹനത്തിന്‍റെ രൂപം മാറ്റല്‍
വ്യക്തമായ നിയമ ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ് വാഹന നിര്‍മാതാക്കള്‍ വാഹനം നിര്‍മിക്കുന്നത്. നിരവധി പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് വാഹനത്തിന്‍റെ രൂപവും മറ്റും അവര്‍  ഡിസൈന്‍ ചെയ്യുന്നത്. തോന്നിയപോലെ വാഹനത്തിന്‍റെ രൂപത്തില്‍ മാറ്റം വരുത്തിയാലോ എക്സ്ട്രാ ഫിറ്റിംഗ്സുകള്‍ ചെയ്താലോ വാഹനം ഉദ്ദേശിച്ച രൂപത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കണമെന്നില്ല. മാത്രമല്ല ഈ രൂപം മാറ്റല്‍ വാഹനത്തിന്‍റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം അപകടങ്ങള്‍ക്ക് കാരണമാകാറുമുണ്ട്.
 
7. വാഹനത്തിന്‍റെ തകരാറുകള്‍
സമയാസമയങ്ങളില്‍ വാഹനത്തിന്‍റെ തകരാറുകള്‍ കണ്ടത്തെി പരിഹരിച്ചില്ളെങ്കില്‍ വാഹനം നിയന്ത്രണം വിട്ടുപോകാന്‍ സാധ്യതയുണ്ട്. ഡ്രൈവ് ചെയ്യുമ്പോഴുള്ള  അനുഭവങ്ങളില്‍ നിന്നോ കേള്‍ക്കുന്ന ശബ്ദങ്ങളില്‍ നിന്നോ മറ്റോ തകരാറുകള്‍ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നറിയാനുള്ള കഴിവ് ഡ്രൈവര്‍ക്ക് വേണം. വാഹന നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന പോലെ വാഹനം നിശ്ചിത കിലോമീറ്റര്‍ ഓടിയാലോ കാലാവധി ആയാലോ കൃത്യസമയത്ത് സര്‍വീസ് ചെയ്യാന്‍ മടിക്കരുത്.

8.ഹെല്‍മറ്റും വശങ്ങളിലെ കണ്ണാടിയും
പതിനായിരങ്ങളുടെ ബൈക്ക് വാങ്ങുന്ന നാം ആയിരം രൂപയുടെ ഹെല്‍മറ്റ് വാങ്ങാനും തലയില്‍ വെക്കാനും മടിക്കാറുണ്ട്. ഹെല്‍മറ്റ് ഉപേക്ഷിക്കാനായി മുടികൊഴിച്ചില്‍, തലവേദന തുടങ്ങിയ മുടന്തന്‍ ന്യായങ്ങളും പറയാറുണ്ട്. തലയില്ളെങ്കില്‍ പിന്നെ ഇതുരണ്ടിനും പ്രസക്തിയില്ളെന്ന കാര്യം നാം മറക്കുന്നു.  ബൈക്കില്‍ നിന്നും വീഴുമ്പോള്‍ ആദ്യം തല റോഡില്‍ ഇടിക്കാനാണ് 90%വും സാധ്യത. ഈ അവസരത്തില്‍ തലക്കേല്‍ക്കുന്ന പരിക്ക് ഒരു ഹാമര്‍ ഉപയോഗിച്ച് തലക്കടിച്ചതിന് സമാനമായിരിക്കും. പക്ഷെ, ഗുണമേന്മയുള്ള ഒരു ഹെല്‍മറ്റ് ഉപയോഗിച്ചാല്‍ ഈ ആഘാതം പരമാവധി കുറക്കാന്‍ സാധിക്കും.
ഫാഷന്‍ ട്രെന്‍ഡിന്‍റെ ഭാഗമായി ബൈക്കുകളിലെ വശങ്ങളിലെ കണ്ണാടി അഴിച്ചുവെക്കുന്ന യുവാക്കളുണ്ട്. വശങ്ങളിലൂടെ വരുന്ന വാഹനങ്ങളെ കണ്ണാടിയില്‍ നോക്കി മനസ്സിലാക്കാന്‍ ശീലിക്കാത്തത് വന്‍ അപകടങ്ങള്‍ ഉണ്ടാക്കും. പലപ്പോഴും ഓട്ടോ ഡ്രൈവര്‍മാര്‍ വാഹനം തിരിച്ചതിനു ശേഷം പുറത്തേക്ക് തലയിട്ടാണ് മറ്റുവാഹനങ്ങളുടെ വരവ് നോക്കാറ്. കണ്ണാടിയില്‍ നോക്കാതെയുള്ള ഈ പ്രവൃര്‍ത്തി കാരണം ധാരാളം അപകടങ്ങള്‍ ഉണ്ടാകാറുണ്ട്.


9.ഉറക്കം
ഡ്രൈവിങ്ങിനിടയില്‍ ഒന്നോ രണ്ടോ സെക്കന്‍റുകള്‍ മാത്രം ഉറങ്ങിപ്പോയാലും ഒരുപക്ഷെ വലിയ അപകടമായിരിക്കും സംഭവിക്കുക. പൂര്‍ണമായും സ്റ്റിയറിങ്ങിന്‍റെ നിയന്ത്രണം നമുക്ക് നഷ്ടമാകും. അത് മൂലം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളെ കുറിച്ച് പറയേണ്ടതില്ലല്ളോ. വളവും തിരിവും തിരിച്ചറിയാന്‍ സാധിക്കില്ളെന്ന് മാത്രമല്ല മുമ്പിലുള്ള വാഹനങ്ങളേയും അറിയാതാകും. നിമിഷനേരം കൊണ്ട് എന്തും സംഭവിക്കാം. രാത്രിയായാലും പകലായാലും ഉറക്കം വന്നു കഴിഞ്ഞാല്‍ പിന്നെ വാഹനം സൈഡില്‍ ഒതുക്കി നിര്‍ത്തിയതിനു ശേഷം അല്‍പ്പനേരമെങ്കിലും  ഉറങ്ങാന്‍ ഒട്ടും മടിക്കേണ്ടതില്ല. അല്ളെങ്കില്‍ ഒരു റൂമെടുത്ത് നന്നായി ഉറങ്ങിയ ശേഷം യാത്ര തുടരുകയാണ് ഉചിതം. ഓര്‍ക്കുക, ഉറക്കത്തെ എപ്പോഴും നമ്മുടെ പിടിയില്‍ ഒതുക്കിനിര്‍ത്താന്‍ സാധിക്കുമെന്ന് കരുതുന്നത് അബദ്ധമാണ്.

10. മാനസികാവസ്ഥ
റോഡില്‍ ഡ്രൈവറുടെ മാനസികാവസ്ഥ നിര്‍ണായകമാണ്. വീട്ടിലേയും നാട്ടിലേയും ഓഫീസിലേയും പ്രശ്നങ്ങള്‍ തലയില്‍ വെച്ചുകൊണ്ടല്ല ഒരു ഡ്രൈവര്‍ വാഹനമോടിക്കേണ്ടത്. ഡ്രൈവറുടെ ശ്രദ്ധ മുഴുവനും വാഹനത്തിലും റോഡിലുമായിരിക്കാന്‍ പരിശീലിക്കേണ്ടതുണ്ട്.   പെട്ടെന്ന് വികാരത്തിനടിപെട്ട് മത്സരയോട്ടം നടത്തുന്നതും നല്ലതല്ല. റോഡിനെ ഒരു യുദ്ധക്കളം പോലെ കാണരുത്. റോഡില്‍ പലപ്പോഴും ക്ഷമിക്കുന്നതും തോറ്റുകൊടുക്കുന്നതുമായിരിക്കും ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ നല്ലത്. ആളുകള്‍ തന്നെ ശ്രദ്ധിക്കണമെന്ന ഉദ്ദേശത്തോടെ അമിതവേഗത്തില്‍ ഉയര്‍ന്ന ശബ്ദമുണ്ടാക്കി വാഹനമോടിക്കുന്നവരും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. രോഗികളേയും കൊണ്ട് ആശുപത്രികളിലേക്ക് കുതിക്കുന്ന ആംബുലന്‍സുകളിലേയും മറ്റുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഓടുന്ന ഓട്ടം മറ്റുള്ളവരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായിത്തീരരുത്.



11. വീട്ടുമുറ്റത്തെ ഡ്രൈവിങ്ങ്
ഏറ്റവും ശ്രദ്ധയോടെ വാഹനം ഓടിക്കേണ്ട സ്ഥലമാണ് വീട്ടുമുറ്റങ്ങള്‍. വാഹനം വീട്ടില്‍ നിന്നും എടുക്കുമ്പോഴും വീട്ടിലേക്ക് കയറ്റുമ്പോഴും കുഞ്ഞുങ്ങളാരും മുറ്റത്തില്ലാ എന്നും അവര്‍ ഓടി വാഹനത്തിന്‍റെ മുമ്പിലേക്കോ പിമ്പിലേക്കോ വരാന്‍ സാധിക്കാത്ത വിധം മറ്റുള്ളവരുടെ കയ്യില്‍ സുരക്ഷിതരാണ് എന്നും ഉറപ്പുവരുത്തണം. വാഹനം പെട്ടെന്ന് വീട്ടുമുറ്റത്തേക്ക് കയറ്റരുത്. ഹോണടിച്ചതിനു ശേഷം കുഞ്ഞുങ്ങളാരും മുറ്റത്തില്ലായെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വാഹനം എടുക്കാവൂ.

12. കാല്‍നട യാത്രക്കാര്‍
പുലര്‍ക്കാലങ്ങളിലെ മങ്ങിയ വെളിച്ചവും മഞ്ഞും മറ്റും ഡ്രൈവറുടെ കാഴ്ച്ചയെ പ്രതികൂലമായി ബാധിക്കാറുണ്ട്.  ഈ സമയത്താണ് പ്രഭാത സവാരിക്കാരും സ്കൂള്‍മദ്രസ വിദ്യാര്‍ഥികളും അപകടത്തിനിരയാകുന്നത്. കേരളത്തിലെ തിരക്കുള്ള റോഡുകളുടെയെല്ലാം ഇരുവശത്തും ധാരാളം വീടുകളും സ്കൂളുകളും ഉള്ളതിനാല്‍ കുട്ടികളും വളര്‍ത്തുമൃഗങ്ങളും റോഡിലേക്ക് ഏതുസമയവും കയറിവരാം. തെരുവ് നായ്ക്കളും വനപ്രദേശങ്ങളില്‍ കാട്ടുപന്നി മുതലായ വന്യമൃഗങ്ങളും പെട്ടെന്ന് റോഡിലേക്ക് കയറിവരാന്‍ സാധ്യതയുണ്ട്.  മാത്രമല്ല, റോഡരികിലൂടെ നടന്നുപോകുന്ന പ്രായമായവരുടേയും കുട്ടികളുടേയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ കൊടുത്തു വേണം ഒരു ഡ്രൈവര്‍ വാഹനം നിയന്ത്രിക്കേണ്ടത്. ഏത് അടിയന്തിര സാഹചര്യങ്ങളിലും വാഹനം നിയന്ത്രിച്ചു നിര്‍ത്താന്‍ പറ്റുന്ന രീതിയിലായിരിക്കണം ഡ്രൈവിംഗ്.



13. സ്റ്റോപ് ഡിസ്റ്റന്‍സ്
വാഹനം ബ്രേക്ക് ചെയ്യാന്‍ തുടങ്ങിയത് മുതല്‍ പൂര്‍ണമായും നിശ്ചലമാകുന്നത് വരെ നീങ്ങിയ ദൂരത്തെയാണ് 'സ്റ്റോപ് ഡിസ്റ്റന്‍സ്' എന്ന് പറയുന്നത്.  ഈ ദൂരം വാഹനം ഓടിക്കൊണ്ടിരിക്കുന്ന സമയത്തെ വേഗത, ഭാരം, ബ്രേക്കിംഗ് സംവിധാനത്തിലെ കാര്യക്ഷമത തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ഓരോ വാഹനത്തിനും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് താന്‍ ഓടിക്കുന്ന വാഹനത്തിന്‍റെ 'സ്റ്റോപ് ഡിസ്റ്റന്‍സിനെ'കുറിച്ച് ഡ്രൈവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരിക്കണം. ഇത് പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട അവസരങ്ങളില്‍ ഉണ്ടാകാനിടയുള്ള അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകമാകും.

14. മഴത്തുള്ള ഡ്രൈവിങ്ങ്
കേരളത്തിലെ മഴക്കാലം വാഹനാപകടങ്ങളുടേയും കൂടി കാലമാണ്. എത്ര ഉയര്‍ന്ന സി.സി ഉള്ള വാഹനമാണെങ്കിലും ഡിസ്ക് ബ്രേക്ക് പോലുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലും മഴയില്‍ നനഞ്ഞിരിക്കുന്ന റോഡിലൂടെ 50കിലോമീറ്ററിലധികം വേഗതയില്‍ പോയാല്‍ വാഹനത്തിന്‍റെ  ടയറുകള്‍ റോഡില്‍ വഴുതിപ്പോകാന്‍ സാധ്യത കൂടുതലാണ്. മാത്രമല്ല, മഴവെള്ളത്തില്‍ ബ്രേക്ക് ലൈനര്‍ നനയാനിടയായാല്‍ വാഹനത്തിന്‍റെ 'സ്റ്റോപ്പ് ഡിസ്റ്റന്‍സ്' വളരെയേറെ കൂടാനിടയുണ്ടെന്ന കാര്യവും ഡ്രൈവര്‍മാര്‍ ഓര്‍ക്കണം. മഴയില്‍ പെട്ടെന്ന് ബ്രേക്ക് ചെയ്താല്‍ ബൈക്ക് ഉറപ്പായും മറിയും. കാറ് മുതലായ മറ്റുവാഹനങ്ങളും മഴക്കാലത്ത് ശ്രദ്ധിച്ചുപോകുന്നതാണ് നല്ലത്. കനത്ത മഴയാണെങ്കില്‍ വാഹനം ഓടിക്കാതെ സുരക്ഷിതമായ സ്ഥലത്ത് നിര്‍ത്തലാണ് ഉചിതം.



15. വാഹനത്തിലെ പാട്ട്
വാഹനത്തിലെ സ്റ്റീരിയോയില്‍ നിന്ന് വരുന്ന പാട്ടില്‍ ഡ്രൈവര്‍ മതിമറന്നിരിക്കരുത്. ഒരുനിമിഷത്തെ അശ്രദ്ധ വന്‍ ദുരന്തം വരുത്തിവെച്ചേക്കാം

16. മൊബെയില്‍ ഫോണും മദ്യപാനവും
ഒരു സമയത്ത് ഒരുകാര്യത്തില്‍ മാത്രം ശ്രദ്ധപതിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് മനുഷ്യമനസ്സിന്‍റെ സൃഷ്ടിപ്പ്. ഒന്നിലധികം കാര്യങ്ങള്‍ ഒരേസമയം ചെയ്യാനാകുന്നുണ്ടെന്ന ധാരണ മനസ്സിന്‍റെ പ്രവര്‍ത്തനവേഗം കൊണ്ടുള്ള തോന്നലാണ്. അതിനാല്‍ ഡ്രൈവിങ്ങിനിടെ മൊബെയിലില്‍ കേള്‍ക്കുന്ന കാര്യങ്ങളില്‍ മനസ്സ് പൂര്‍ണ്ണമായി കേന്ദ്രീകരിക്കപ്പെട്ടാല്‍ മുമ്പിലുള്ള ദൃശ്യങ്ങളെ സ്വീകരിക്കാനാകാത്തവിധം കണ്ണിന് താല്‍ക്കാലിക അന്ധത തന്നെ ബാധിച്ചേക്കാം. അതുകൊണ്ട് വാഹനം ഓടിക്കുമ്പോഴുള്ള മൊബെയില്‍ ഉപയോഗം ഒഴിവാക്കണം. മദ്യപാനം ആദ്യം ബാധിക്കുന്നത് മദ്യപാനിയുടെ കാലുകളെയാണ്. കാലിന്‍റെ പ്രവര്‍ത്തനക്ഷമതകുറവ് ബ്രേക്ക്, ക്ളച്ച്, ആക്സിലറേറ്റര്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. ഇതിനു പുറമെ താളം തെറ്റിയ മനസ്സും കാഴ്ച മങ്ങിയ കണ്ണുകളും സൃഷ്ടിക്കാനിടയുള്ള അപകടങ്ങളെകുറിച്ച് അധികം പറയേണ്ടതില്ലല്ളോ.

17. അമിതഭാരം
വാഹന നിര്‍മാതാക്കള്‍ പോലും ഞെട്ടിപ്പോകുന്ന രീതിയിലാണ് പലപ്പോഴും നമ്മള്‍ ഭാരം കയറ്റാറ്. ചരക്കുവാഹനങ്ങളില്‍ അമിതമായി ചരക്കുകളും യാത്രാവാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ചും പോകുന്ന വാഹനങ്ങള്‍ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തിലത്തൊന്‍ ഇടയില്ല. ബൈക്കുകള്‍ അധികവും ഡിസൈന്‍ ചെയ്തിരിക്കുന്നത് രണ്ട് പേര്‍ക്ക് യാത്ര ചെയ്യാനാണ്. അതില്‍ മൂന്നോ നാലോ ആളുകളെ കയറ്റിയാല്‍ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് വാഹന നിര്‍മാതാക്കള്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓരോ വാഹനത്തിലും കയറ്റാന്‍ അനുവദനീയമായ ഭാരത്തെ കുറിച്ചും ആളുകളെ കുറിച്ചും വ്യക്തമായ നിയമമുണ്ട്. ഇതിനെ കുറിച്ച് നന്നായി അറിഞ്ഞുവേണം ഡ്രൈവര്‍ വാഹനമോടിക്കാന്‍.


മേല്‍പറഞ്ഞ കാര്യങ്ങളിലെ അറിവില്ലായ്മ കൊണ്ടല്ല പലരും അപകടങ്ങള്‍ വരുത്തിവെക്കുന്നത്. മറിച്ച്, അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുന്നതില്‍ ഒരുതരം ദുരഭിമാനം കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണ്. ട്രാഫിക് മര്യാദകളോട് നിഷേധമനോഭാവം കാണിക്കുന്നത് കേവലം സംസ്കാര ശൂന്യതയുടേയും വ്യക്തിത്വമില്ലായ്മയുടേയും ബുദ്ധിരാഹിത്യത്തിന്‍റേയും അടയാളങ്ങള്‍ മാത്രമാണ്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന യുവ തലമുറയേയാണ് നമുക്ക് വേണ്ടത്.
നമ്മുടെ അശ്രദ്ധകൊണ്ടോ അഹന്തകൊണ്ടോ നിരപരാധിയായ ഒരാള്‍ വധിക്കപ്പെടാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കുക. നാം പൊലിക്കുന്ന ഓരോ ജീവനോടൊപ്പവും തകരുന്നത് അവരുടെ കുടുംബത്തിന്‍റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണെന്ന് ഓര്‍ക്കുക. നമ്മുടെ ജീവനും വിലപ്പെട്ടതാണ്. നമ്മേയും നമ്മുടെ കുടുംബം കാത്തിരിക്കുന്നുണ്ട്... പ്രതീക്ഷകളോടെ... സ്വപ്നങ്ങളോടെ...
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.