പര്‍വതപുത്രന്‍

172 ദിവസങ്ങള്‍ കൊണ്ട് ഏഴു പര്‍വതങ്ങള്‍ കീഴടക്കിയ, ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരമേറിയ കൊടുമുടികള്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കാല്‍ക്കീഴില്‍ ആക്കിയ, ജീവിതത്തിലും മരണത്തിലും ഉയരങ്ങളെ പ്രണയിച്ച മല്ലി മസ്താന്‍ എന്ന പര്‍വതാരോഹകന്‍റെ ജീവിതം

11ാം വയസില്‍ സ്കൂള്‍ മൈതാനത്തെ പ്രതിമ ആദ്യമായി കണ്ടപ്പോള്‍ മല്ലി മസ്താന്‍ ബാബു തിരിച്ചറിഞ്ഞിരിക്കില്ല, തന്‍െറ നിയോഗം നിര്‍ണയിക്കുന്നത് ആ പ്രതിമയാണെന്ന്. ലഫ്. ഉദയ്ഭാസ്കര്‍ റാവുവിന്‍െറ സ്മരണയില്‍ ആന്ധ്രപ്രദേശിലെ കോറുകോണ്ടയിലെ സൈനിക് സ്കൂള്‍ മൈതാനത്തു നിര്‍മിച്ച പ്രതിമയുടെ മിഴികളില്‍ അപ്പോഴും തെളിഞ്ഞുകണ്ട പ്രകാശമായിരിക്കാം ലോകറെക്കോര്‍ഡുകാരനായ പര്‍വതാരോഹകന്‍ മല്ലി മസ്താന്‍ ബാബുവിന് സ്വന്തം ദൗത്യം വെളിപ്പെടുത്തിക്കൊടുത്തത്. എവറസ്റ്റ് ആരോഹണദൗത്യത്തിനിടെ ഓര്‍മയായ ഉദയ്ഭാസ്കര്‍ റാവു മല്ലിയുടെ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നു. ഉദയ്ഭാസ്കറിന്‍െറ ലക്ഷ്യസാഫല്യമാണ് തന്‍െറ നിയോഗമെന്ന് മല്ലി തിരിച്ചറിഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്‍െറ പടവുകള്‍ ഏറെ കയറിയിട്ടും ഉയരങ്ങള്‍ കീഴടക്കാനുള്ള അഭിനിവേശത്തിന് അറുതി വന്നില്ല. ഉയരം കൂടുന്തോറും ജീവിതത്തില്‍ എല്ലാം മാറുന്നുവെന്ന് മല്ലിയും വിശ്വസിച്ചിരിക്കണം.
ഒരുപാട് റെക്കോര്‍ഡുകള്‍ സ്വന്തംപേരില്‍ ബാക്കിയാക്കിക്കൊണ്ടാണ് 2015 മാര്‍ച്ച് 24ന് മല്ലി കാണാമറയത്തേക്ക് മടങ്ങിയത്. വെറും 172 ദിവസങ്ങള്‍ കൊണ്ട് ഏഴു പര്‍വതങ്ങള്‍ കീഴടക്കി സ്വന്തമാക്കിയ, ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമേറിയ കൊടുമുടികള്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കീഴടക്കിയയാള്‍ എന്ന റെക്കോര്‍ഡാണ് അവയില്‍ ഒന്നാമത്.



മഞ്ഞ് മൂടിക്കിടക്കുന്ന പര്‍വതശിഖരങ്ങളായിരുന്നു മല്ലി മസ്താന്‍ ബാബുവിന്‍െറ പ്രണയിനികള്‍. അവയുടെ വിളികള്‍ക്ക് കാതോര്‍ക്കാതെ വയ്യെന്നായി. അവക്കായി ഏതുയരവും താണ്ടുന്നത് ലഹരിയായി. ഐ.ഐ.എം, ഐ.ഐ.ടി, എന്‍.ഐ.ടി ലേബലുകളില്‍ തിളങ്ങുന്ന ബിരുദങ്ങള്‍ തോളിലുണ്ടായിട്ടും ‘സുരക്ഷിതസുഖജീവിതത്തി’ന്‍െറ പ്രലോഭനങ്ങളെ വകവെക്കാതെ മല്ലി മസ്താന്‍ ബാബു തന്‍െറ സ്വപ്നങ്ങളിലേക്ക് നടന്നുകയറി. ചിലപ്പോള്‍ സ്വപ്നം കണ്ടിരിക്കാവുന്ന ഏറ്റവും ഉദാത്തമായ മരണം തന്നെ നേടിയെടുത്തു.

ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ഗാന്ധി ജനസംഘം ഗ്രാമത്തില്‍ മല്ലി മസ്താനയ്യുടെയും സുബ്ബമ്മയുടെയും അഞ്ചാമത്തെ മകനായി 1974 സെപ്തംബര്‍ മൂന്നിനാണ് മല്ലി മസ്താന്‍ ബാബുവിന്‍െറ ജനനം. ആ കര്‍ഷകകുടുംബത്തിലാദ്യമായി ഉന്നതവിദ്യാഭ്യാസം നേടിയയാളും അദ്ദേഹം തന്നെയായിരുന്നു. മസ്താന്‍ സ്വാമി എന്ന സന്യാസിയുടെ/ദിവ്യന്‍െറ പേരാണ് അദ്ദേഹത്തിന് നല്‍കിയതത്രെ. ആന്ധ്രപ്രദേശിലെ കൊറുകോണ്ടയിലെ സൈനിക് സ്കൂളിലെ പഠനകാലത്ത് ഒരു പ്രതിമ മനസില്‍ കോറിയിട്ട ചിത്രം ലോകത്തിന്‍െറ ഉന്നതിയിലേക്ക് മല്ലിക്ക് വഴിവെളിച്ചമായി.
ജംഷഡ്പൂര്‍ എന്‍.ഐ.ടിയില്‍നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബി.ഇ., ഐ.ഐ.ടി ഖരക്പൂറില്‍നിന്ന് ഇലക്ട്രോണിക്സില്‍ എം.ടെക്, കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍നിന്ന് മാനേജ്മെന്‍റില്‍ പി.ജി ഡിപ്ളോമ എന്നിവക്കുശേഷം സോഫ്റ്റ്വെയര്‍ എഞ്ചിനീയറിങ് മേഖലയില്‍ മൂന്നുവര്‍ഷം ജോലി ചെയ്തു. അപ്പോഴും പര്‍വതങ്ങളുടെ വിളി മല്ലിയുടെ മനസിനെ അസ്വസ്ഥമാക്കിക്കൊണ്ടേയിരുന്നു. മണാലിയില്‍ പര്‍വതാരോഹണത്തിന് അടിസ്ഥാനപരിശീലനം നേടി. ഗംഗോത്രി ഗ്ളേസിയര്‍, സിക്കിം മലനിരകള്‍ തുടങ്ങിയവയിലേക്ക് തനിച്ച് യാത്രകള്‍. എവറസ്റ്റ് കീഴടക്കുക എന്ന ഉദയഭാസ്കറിന്‍െറ സ്വപ്നത്തെ ഏഴു ഭൂഖണ്ഡങ്ങളുടെയും ഉന്നതികളിലത്തെുക എന്ന സ്വപ്നമായി മല്ലി വളര്‍ത്തി. അധികം വൈകാതെ ദൗത്യത്തിലേക്ക് ചുവടുകള്‍ വെച്ചു. ഏഴ് ഭൂഖണ്ഡങ്ങളിലെയും ഉയരം കൂടിയ കൊടുമുടികള്‍ (സെവന്‍ സമ്മിറ്റ്സ്) ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കീഴടക്കിയ പര്‍വതാരോഹകന്‍. 2006 ജനുവരി 19 മുതല്‍ ജൂലൈ 10 വരെ 172 ദിവസംകൊണ്ടായിരുന്നു നേട്ടം.



ആഴ്ചകളിലെ വ്യത്യസ്ത ദിനങ്ങളിലായി അന്‍്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മാസിഫ്(ജനുവരി 19 വ്യാഴം), തെക്കേ അമേരിക്കയിലെ അകൊന്‍കാഗ്വ (ഫെബ്രുവരി 17 വെള്ളി), ആഫ്രിക്കയിലെ കിളിമഞ്ജാരോ( മാര്‍ച്ച് 15 ബുധന്‍), ആസ്ട്രേലിയയിലെ കുസിയാസ്കൂ (ഏപ്രില്‍ ഒന്ന് ശനി), ഏഷ്യയിലെ എവറസ്റ്റ് (മെയ് 21 ഞായര്‍), യൂറോപ്പിലെ എല്‍ബ്രസ് (ജൂണ്‍ 13 ചൊവ്വ), വടക്കേ അമേരിക്കയിലെ മക്കിന്‍ലി (ഡെനാലി) (ജൂലൈ 10 തിങ്കള്‍) എന്നീ കൊടുമുടികള്‍ താണ്ടിയാണ് മല്ലി റെക്കോര്‍ഡിലേക്ക് കുതിച്ചത്. പണം കണ്ടത്തെിയതും പിന്തുണയേകിയതും സുഹൃത്തുക്കള്‍. അതിനുമുമ്പ് 2005ല്‍ 3.5 ദിവസം കൊണ്ട് കിളിമഞ്ജാരോ കയറിയിറങ്ങി. സെവന്‍ സമ്മിറ്റ്സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍, തുടര്‍ച്ചയായ മാസങ്ങളില്‍ ആഴ്ചയിലെ വ്യത്യസ്ത ദിനങ്ങളില്‍ സെവന്‍ സമ്മിറ്റ്സ് പൂര്‍ത്തിയാക്കിയ ആദ്യവ്യക്തി, സെവന്‍ സമ്മിറ്റ്സ് പൂര്‍ത്തിയാക്കുന്ന ആദ്യ ദക്ഷിണേഷ്യക്കാരന്‍, അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ വിന്‍സണ്‍ മാസ്സിഫ് താണ്ടിയ ഏക ഇന്ത്യക്കാരന്‍, ഓഷ്യാനയിലെ ഏറ്റവും ഉയരം കുടിയ കൊടുമുടിയായ കാഴ്സ്ടെന്‍സ് പിരമിഡ് താണ്ടിയ ആദ്യ ഇന്ത്യക്കാരന്‍, എറവസ്റ്റ് കീഴടക്കുന്ന ആദ്യ ആന്ധ്ര സ്വദേശിയും മൂന്നാമത്തെ ദക്ഷിണേന്ത്യക്കാരനും എന്നീ റെക്കോര്‍ഡുകളും മല്ലിയുടേതാണ്. നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും മല്ലിയെ തേടിയത്തെി. അമേരിക്കയിലെ വിവിധ സംഘടനകള്‍ അദ്ദേഹത്തെ ആദരിച്ചു.


അവസാനയാത്ര
അര്‍ജന്‍റീന-ചിലി അതിര്‍ത്തിയിലുള്ള ആന്‍ഡസ് പര്‍വതത്തില്‍ വെച്ചാണ് മല്ലിയെ കാണാതായത്. ഡിസംബര്‍ പതിനാറിനാണ് ഇവിടെ എത്തിയത്. അര്‍ജന്‍റീനയുടെ ഭാഗത്ത് നിന്ന് മല കയറി തുടങ്ങിയ സംഘം 21,748 അടി ഉയരത്തില്‍ ട്രെസ് ക്രുസെസില്‍ വരെ എത്തിയിരുന്നു. പിന്നീടുള്ള വഴി കണ്ടത്തൊന്‍ തനിച്ച് നടത്തിയ യാത്രക്കിടെ മാര്‍ച്ച് 24 ന് അപ്രത്യക്ഷനായി. വിദേശകാര്യ മന്ത്രാലയം അര്‍ജന്‍റീനന്‍ സര്‍ക്കാറിന്‍െറ സഹായത്തോടെ തിരച്ചില്‍ നടത്തിവന്നു. മല്ലിയുടെ സഹോദരി ദൊരസനാമ്മയും അര്‍ജന്‍റീനയില്‍ എത്തിയിരുന്നു. സുഹൃത്തുക്കളുടെ സ്വകാര്യ രക്ഷാദൗത്യത്തിനായി സോഷ്യല്‍ മീഡിയ കൂട്ടായ്മകളിലൂടെ പണവും പിന്തുണയും കണ്ടത്തെി.  'റസ്ക്യു മല്ലി മസ്താന്‍ ബാബു' എന്ന പേജിലൂടെയുള്‍പ്പെടെ സുഹൃത്തുക്കളും ആരാധകരും മല്ലിയെ കണ്ടത്തൊനായി കാമ്പയിനുകള്‍ നടത്തി. ഏപ്രില്‍ മൂന്നിന് എണ്ണൂറുമീറ്റര്‍ താഴെ ഉറങ്ങാന്‍ കിടന്ന അവസ്ഥയില്‍ ശരീരം കണ്ടത്തെി. കൊടുമുടി കീഴടക്കി തിരിച്ചിറങ്ങിയപ്പോഴായിരുന്നു മരണം.



പഠനകാലത്ത് കായികരംഗത്ത് സജീവമായിരുന്നു മല്ലി. സ്കൂള്‍ പഠനകാലത്ത് ദേശീയതലത്തിലുള്ള ശാസ്ത്രാഭിരുചിപരീക്ഷയിലും മുന്നിലത്തെി. കായികവിനോദങ്ങള്‍ക്കുപുറമേ യോഗയും എഴുത്തും വായനയും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫിയുമുള്‍പ്പെടെ ഇഷ്ടം. സാഹസികതയും ദിശാബോധവും വളര്‍ത്തുന്നതിന് പ്രഭാഷണങ്ങള്‍ നടത്തുകയും കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. സൗഹൃദങ്ങളായിരുന്നു സ്വപ്നങ്ങളിലേക്കുള്ള സഞ്ചാരത്തില്‍ മല്ലിയുടെ കരുത്ത്.

പര്‍വതങ്ങള്‍ തങ്ങളുടെ പ്രിയപുത്രനെ തിരിച്ചുവിളിച്ചുവെന്ന് മല്ലി ഓര്‍മയായപ്പോള്‍ സുഹൃത്തുക്കള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അതൊരു മടക്കിവിളിക്കല്‍ തന്നെയായിരുന്നു. സാഹസികത കൊണ്ട് സ്വപ്ങ്ങള്‍ താണ്ടിയ ഒരാള്‍ക്ക് മാത്രം കൊതിക്കാനര്‍ഹതയുള്ള മരണം. മല്ലിയെ നമുക്ക് തിരിച്ചറിയാന്‍ അദ്ദേഹത്തിന്‍െറ മരണം വേണ്ടിവന്നുവെന്ന് സുഹൃത്ത് പറയുകയുണ്ടായി. ഇന്ത്യന്‍ കായികരംഗത്തെ അതികായര്‍ക്കൊപ്പം ചേര്‍ത്തുവെക്കേണ്ട പേരാണ് മല്ലി മസ്താന്‍ ബാബുവിന്‍റേത്. ആന്ധ്രപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച് ലോകത്തിന്‍െറ നെറുകയിലേക്കുള്ള മല്ലിയുടെ സഞ്ചാരം കഠിനാധ്വാനത്തിന്‍െറയും ഇച്ഛാശക്തിയുടെയും രേഖയാണ്. എന്നാല്‍ ജന്‍മനാട് മറ്റ് രാജ്യങ്ങള്‍ നല്‍കിയ വില പോലും ആ പ്രതിഭക്ക് നല്‍കിയില്ല. സ്പോണ്‍സര്‍മാരോ സര്‍ക്കാരോ മല്ലിയുടെ പാതയില്‍ കൈ പിടിക്കാനത്തെിയില്ല. ദൗത്യത്തിനിടയിലെ അപകടമരണമല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ മല്ലിയുടെ നേട്ടങ്ങള്‍ ഇത്രപോലും ലോകമറിയാതെ പോകുമായിരുന്നോ? പല അപൂര്‍വപ്രതിഭകളെയും തിരിച്ചറിയാന്‍ അവരുടെ മരണം വേണ്ടിവരുന്നൂവെന്നാണോ മല്ലിയുടെ ജീവിതം ലോകത്തോട് പറയുന്നത്??
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.