വയനാട് പുലിപ്പേടിയില്‍

കല്‍പറ്റ: വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടുകയാണ് വയനാട്. കാട്ടാനകള്‍ നാട്ടിലേക്കിറങ്ങി, കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കിയ സര്‍വവിളകളും ചവിട്ടിമെതിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഒപ്പം, കാടും നാടുമെന്ന വ്യത്യാസമൊന്നുമില്ലാതെ കാട്ടുപന്നികളും സൈ്വരവിഹാരം നടത്തുന്നു. ഇതിനിടയില്‍ അടുക്കളത്തോട്ടങ്ങളില്‍വരെ സകലവിളകളും നശിപ്പിച്ച് വാനരപ്പടയുടെ തേരോട്ടം. കാടിനോടടുത്ത പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്ക് തലവേദനയായി മാനുകളുടെയും മയിലുകളുടെയുമൊക്കെ വിഹാരം വേറെയും. എല്ലാംകൊണ്ടും ധര്‍മസങ്കടത്തിലായിരിക്കുന്ന വയനാടിന് ആധിയേറ്റി ഇപ്പോള്‍ പുലിഭീതി പടരുകയാണ്. വനങ്ങളോടു ചേര്‍ന്ന പ്രദേശത്ത് പുലിപ്പേടി പണ്ടുമുതല്‍ക്കേ ഉള്ളതാണെങ്കിലും മുണ്ടക്കൈയിലും തിരുനെല്ലിയിലും ബത്തേരിയിലുമടക്കം ഭീതിപടര്‍ത്തിയ പുലിസാന്നിധ്യം ഒടുവില്‍ തരുവണയിലും കാക്കവയലിലും വരെ സംശയിക്കുമ്പോള്‍ ജനം ഭീതിയിലാണ്. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുള്ള വയനാട്ടില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. മുമ്പ് കുടിയേറ്റക്കാര്‍ ജീവിതം പച്ച പിടിപ്പിക്കാന്‍ ചുരം കയറിയത്തെിയപ്പോഴും അവര്‍ക്കു മുന്നിലെ വലിയ വെല്ലുവിളി വന്യമൃഗങ്ങളായിരുന്നു. ഇന്ന് വയനാടിന്‍െറ മണ്ണും പ്രകൃതിയും നശിപ്പിച്ച് റിയല്‍ എസ്റ്റേറ്റ് - റിസോര്‍ട്ട് മാഫിയകള്‍ അസുരതാണ്ഡവമാടുമ്പോഴും ഒരു വശത്ത് വന്യമൃഗശല്യം ഇവിടത്തെ സാധാരണക്കാര്‍ക്കു മുന്നിലുയര്‍ത്തുന്ന പ്രതിസന്ധി വലിയ വാര്‍ത്ത തന്നെയാണിപ്പോഴും. പുതുവര്‍ഷം പിറന്നശേഷം വയനാട്ടില്‍ പലയിടത്തും വളര്‍ത്തുമൃഗങ്ങള്‍ പുലിയുടേതെന്നു കരുതപ്പെടുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തങ്ങളുടെ ജീവനും സ്വത്തിനും നേരെയുള്ള വെല്ലുവിളിയായി കരുതുകയാണ് ജനം. തരുവണയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നാലു വളര്‍ത്തുമൃഗങ്ങളാണ് വന്യമൃഗത്തിന്‍െറ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുലിയാണ് ആടുകളെയും പശുക്കിടാവിനെയുമൊക്കെ കൊന്നതെന്ന് നാട്ടുകാര്‍ ആണയിടുമ്പോഴും വനംവകുപ്പ് യാഥാര്‍ഥ്യം പരിശോധിക്കുന്നേയുള്ളൂ. മേപ്പാടിയില്‍ പുലി രണ്ടുദിവസം മുമ്പ് കറവപ്പശുവിനെയാണ് ആക്രമിച്ചത്. കാട്ടാനയടക്കമുള്ള മറ്റു മൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശം വിതക്കുമ്പോള്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുകയാണ് പുലികളുടെയും കടുവകളുടെയും രീതി. നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങളാണ് ഇവയുടെ ആക്രമണത്തില്‍ വര്‍ഷങ്ങളായി വയനാട്ടില്‍ മൃതിയടഞ്ഞത്. വനപ്രദേശങ്ങള്‍ മാത്രമല്ല, വലിയ എസ്റ്റേറ്റുകളിലും പുലികള്‍ പാര്‍ക്കുവെന്നതാണ് വയനാട്ടില്‍ ജനവാസകേന്ദ്രങ്ങളില്‍ ഇവയുടെ സാന്നിധ്യമുണ്ടാകാന്‍ കാരണം. ബീനാച്ചി എസ്റ്റേറ്റ്, വാര്യാട് എസ്റ്റേറ്റ് തുടങ്ങിയവയും മേപ്പാടി പ്രദേശത്തെ ചായത്തോട്ടങ്ങളുമൊക്കെ ഉദാഹരണം. തൊവരിമലയില്‍ ഈയിടെ ചായത്തോട്ടത്തിലെ പാടിമുറയില്‍നിന്നാണ് പുലിക്കുഞ്ഞിനെ കണ്ടെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്‍പറ്റ ടൗണിനടുത്ത് ഗൂഡലായിയില്‍നിന്ന് കരിമ്പുലിയെ കൂടുവെച്ചു പിടിച്ചിരുന്നു. എസ്റ്റേറ്റ് മേഖലകളില്‍നിന്നിറങ്ങിയത്തെിയ പുലിയായിരുന്നു ഇതെന്നായിരുന്നു നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.