കല്‍പറ്റ-പടിഞ്ഞാറത്തറ റോഡ്: ഇനി പ്രക്ഷോഭമേ രക്ഷ

കാവുംമന്ദം: പാടേ തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നവീകരണപ്രവൃത്തികള്‍ പോലും നടക്കാത്ത കല്‍പറ്റ പടിഞ്ഞാറത്തറ റോഡിനോട് അധികൃതര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരും അത്രതന്നെ വാഹനങ്ങളും ആശ്രയിക്കുന്ന ഈ റോഡില്‍ ഭൂരിഭാഗവും തകര്‍ന്നിട്ട് വര്‍ഷങ്ങളായി. പലയിടങ്ങളിലും ഗര്‍ത്തങ്ങളില്‍ കുടുങ്ങി അപകടങ്ങളും പതിവായി. സ്കൂള്‍ കുട്ടികളും രോഗികളും വയോജനങ്ങള്‍ക്കും ഇതുവഴി യാത്ര ദുരിതമായിട്ടും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുര സാഗര്‍ ഡാം, കര്‍ലാട് സാഹസിക വിനോദസഞ്ചാര കേന്ദ്രം എന്നിവയിലേക്ക് കേരളത്തിന് അകത്തുനിന്നും വിദേശത്തുനിന്നുമടക്കം എത്തുന്ന വിനോദസഞ്ചാരികള്‍ യാത്രാദുരിതം കാരണം യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് ജില്ലയുടെ വിനോദസഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയാവും. സ്റ്റേറ്റ് ഹൈവേ 54ല്‍പെട്ട ഈ റോഡില്‍ കല്‍പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെയും വലിയ കുഴികളാണ്. ജില്ലയിലെ ഏക മാനസികാരോഗ്യ കേന്ദ്രമായി ചെന്നലോട് ലൂയിസ് മൗണ്ട്, മത തീര്‍ഥാടന കേന്ദ്രങ്ങള്‍, ഒരു ഡസനോളം സ്കൂളുകള്‍ എന്നിവയെല്ലാം ഈ റോഡിനോട് ചേര്‍ന്നുണ്ട്. പടിഞ്ഞാറത്തറയില്‍നിന്ന് രോഗികളെ കല്‍പറ്റ ആശുപത്രിയിലത്തെിക്കണമെങ്കില്‍ കിലോമീറ്ററുകളോളം ദുരിതയാത്ര വേണ്ടിവരും. നിരവധി തവണ പരാതികളും പ്രക്ഷോഭങ്ങളും നടന്നിട്ടും യാത്രാദുരിതം അവസാനിക്കാതെ തുടരുന്ന കല്‍പറ്റ പടിഞ്ഞാറത്തറ റോഡ് സര്‍ക്കാറും പൊതുമരാമത്ത് വകുപ്പും തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ച് തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെയും കല്‍പറ്റ മുനിസിപ്പാലിറ്റിയിലെയും യാത്രക്കാര്‍ ഒന്നിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സമരത്തിന്‍െറ ആദ്യഘട്ടമെന്ന നിലയില്‍ പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷന്‍ ഓഫിസിലേക്ക് ഫെബ്രുവരി 14ന് മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ചിന്‍െറ മുന്നോടിയായി മൂന്ന് പഞ്ചായത്തുകളിലും പ്രത്യേക ജനകീയ കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കും. കല്‍പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, വൈസ് പ്രസിഡന്‍റ് കെ.കെ. ഹനീഫ, ജില്ല പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷന്‍ മെംബര്‍ കെ.ബി. നസീമ, ബ്ളോക്ക് മെംബര്‍മാരായ ഈന്തന്‍ ആലി, ജിന്‍സി സണ്ണി എന്നിവര്‍ രക്ഷാധികാരികളായും എം.എ. ജോസഫ് ചെയര്‍മാനും എം. മുഹമ്മദ് ബഷീര്‍ ജനറല്‍ കണ്‍വീനറും എ. സുരേന്ദ്രന്‍ ട്രഷററുമായ ജനകീയ ആക്ഷന്‍ കമ്മിറ്റിയാണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കാവുംമന്ദത്ത് നടന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചാര ഉസ്മാന്‍, പി.കെ. അബ്ദുറഹ്മാന്‍, ടി.സി. ദേവസ്യ, പി. അബു, പി. നാസര്‍, പി.സി. മമ്മൂട്ടി, ടി. അബൂബക്കര്‍, പി.പി. അഷ്റഫ്, എം.കെ. ദേവദാസന്‍, ജോണി നന്നാട്ട്, കെ.വി. ജോസ് എന്നിവര്‍ സംസാരിച്ചു. എം.എ. ജോസഫ് സ്വാഗതവും ജോ. കണ്‍വീനര്‍ ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.