സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-ബത്തേരി-നിലമ്പൂര്‍ റെയില്‍വേയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ രണ്ടു കോടി രൂപ ഡി.എം.ആര്‍.സിക്ക് കൈമാറിയതോടെ വയനാട് റെയില്‍വേക്ക് ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു. മലയോര ജില്ലയുടെ ചിരകാല സ്വപ്നം ഇതോടെ യാഥാര്‍ഥ്യമാവുകയാണ്. സര്‍വേയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എട്ടു കോടി അനുവദിച്ചിട്ട് മാസങ്ങളായെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. നിര്‍മാണം നടത്തുന്നതിനായി ഇ. ശ്രീധരന്‍െറ നേതൃത്വത്തില്‍ ഡി.എം.ആര്‍.സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പണം ലഭ്യമായതോടെ ഡി.എം.ആര്‍.സിക്ക് പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കും. വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് പാത അനുവദിച്ച് തുക മാറ്റിവെച്ചത്. 18 മാസംകൊണ്ട് വിശദമായ സര്‍വേ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു വര്‍ഷംകൊണ്ട് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഇ. ശ്രീധരന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഫണ്ടുകള്‍ കൃത്യമായി ലഭിച്ചാല്‍ നാലു വര്‍ഷം കൊണ്ടുതന്നെ വൈദ്യുതീകരണമടക്കം പൂര്‍ത്തിയാക്കാം. 120 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയുടെ നിര്‍മാണത്തിന് 5000 കോടി രൂപ ചെലവ് വരും. ഇതില്‍ 2500 കോടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കും. ബാക്കി തുക വായ്പയായി സമാഹരിക്കും. റെയില്‍പ്പാത വരുന്ന സ്ഥലം 20 മീറ്റര്‍ വീതിയില്‍ കല്ലിട്ട് തിരിക്കുകയാണ് അടുത്ത ഘട്ടത്തില്‍ ചെയ്യുന്നത്. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ ഈ പാതയെക്കുറിച്ച് പഠനം നടത്തിയിരുന്നു. എന്നാല്‍ നിര്‍മാണം നടത്താന്‍ സാധിച്ചില്ല. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പഠനം നടത്തിയെങ്കിലും പാത ലാഭകരമാകില്ളെന്നറിയിച്ച് ഉപേക്ഷിച്ചു. നാട്ടുകാരുടെയും ഭരണാധികാരികളുടെയും നിരന്തര ശ്രമഫലമായി വീണ്ടും സര്‍വേ നടത്തുകയും പാത ലാഭകരമായി നിര്‍മിക്കാന്‍ സാധിക്കുമെന്നും തെളിഞ്ഞു. ഒടുവില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി കൈമാറിയതോടെ വയനാടന്‍ മണ്ണില്‍ തീവണ്ടിയുടെ ചൂളംവിളിയുയരുമെന്ന് ഉറപ്പായിരിക്കുകയാണ്. തലശ്ശേരി-മാനന്തവാടി- മൈസൂരു പാത നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. ഇതുകൂടി യാഥാര്‍ഥ്യമായാല്‍ വയനാട് ജില്ലക്കാര്‍ക്ക് ഗതാഗത സൗകര്യത്തില്‍ വന്‍ കുതിപ്പാണ് സംഭവിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.