വയനാടന്‍ ജനത അതിജീവിക്കാനുള്ള സമരത്തില്‍ – ഒ.ആര്‍. കേളു എം.എല്‍.എ

മാനന്തവാടി: കാലാവസ്ഥ പ്രതികൂലമായതോടെ അതിജീവനത്തിന്‍െറ കാര്യത്തില്‍ കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന വയനാടന്‍ ജനത ഇന്ന് ആശങ്കയിലാണെന്ന് ഒ.ആര്‍. കേളു എം.എല്‍.എ പറഞ്ഞു. വയനാട് വികസന സെമിനാറിന്‍െറ ആറാമത്തെ പ്രാദേശിക സെമിനാര്‍ മാനന്തവാടി ഇ.കെ. നായനാര്‍ സ്മാരക ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചൂട് കൂടി വെള്ളമില്ലാത്ത സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ എല്ലാ വകുപ്പും സംയോജിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കേണ്ടതുണ്ട്. ജനകീയ ആസൂത്രണ പദ്ധതിയില്‍ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ചചെയ്യണം. വന്യമൃഗശല്യം കര്‍ഷകര്‍ക്ക് വിനയാവുകയാണ്. ഇതിന് പരിഹാരമുണ്ടാക്കാന്‍ വനം വകുപ്പ് നല്ലപോലെ ഇടപെടണം. തോന്നിയപോലെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനു പകരം ജനകീയ ഇടപെടലിലൂടെ സംരക്ഷണ പദ്ധതികള്‍ നടപ്പാക്കി കര്‍ഷകരെ സംരക്ഷിക്കാന്‍ പദ്ധതികള്‍ നടപ്പാക്കണം. നെല്‍ കര്‍ഷകര്‍ക്ക് വെള്ളം, മണ്ണ് എന്നിവ സംരക്ഷിച്ച് കര്‍ഷകരുടെ ആരോഗ്യം സംരക്ഷിക്കാനുതകുന്ന പദ്ധതികള്‍ ഏറ്റെടുക്കണം. ഭക്ഷ്യ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയെടുക്കാന്‍ നമുക്ക് കഴിയണം. ജനകീയ ഇടപെടലിലൂടെ പങ്കാളിത്തം ഉറപ്പാക്കി സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കി നടപ്പാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും തയാറാവണമെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. നെല്ല് ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വരുമാനവും തൊഴിലും മിച്ചവരുമാനവും വര്‍ധിപ്പിച്ച് ഭക്ഷ്യസുരക്ഷക്കായി പ്രവര്‍ത്തിക്കാന്‍ ജനകീയ ആസൂത്രണ പദ്ധതിയിലൂടെ സെമിനാറിന് കഴിയണമെന്ന് ‘കാര്‍ഷിക വയനാടിന്‍െറ വീണ്ടെടുപ്പ് സുസ്ഥിര നെല്‍കൃഷി വികസനത്തിലൂടെ’ എന്ന വിഷയം അവതരിപ്പിച്ച് കൃഷി ഓഫിസര്‍ മമ്മുട്ടി പറഞ്ഞു. നെല്ല്, പച്ചക്കറി എന്നിവ ഉല്‍പാദിപ്പിച്ച് മൂല്യവര്‍ധന വരുത്തി വിപണനം ചെയ്യുന്നതിന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തയാറാകണം. ക്ഷീരമേഖല വികസിപ്പിച്ച്, മണ്ണിനെ പുഷ്ടിപ്പെടുത്തി കാര്‍ഷികവിളകള്‍ ഉല്‍പാദിപ്പിച്ച് സാധാരണക്കാരായ കര്‍ഷകര്‍ക്ക് അധികവരുമാനം ലഭ്യമാക്കാന്‍ കഴിയുമെന്ന് ‘സുസ്ഥിര കാര്‍ഷിക വികസനവും ക്ഷീരവികസന-മൃഗസംരക്ഷണ മേഖലയും’ എന്ന വിഷയം അവതരിപ്പിച്ച ക്ഷീര വകുപ്പ് ഡെയറി ട്രെയ്നിങ് പ്രിന്‍സിപ്പല്‍ എം. പ്രകാശ് പറഞ്ഞു. വിപുലമായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ കഴിയണം. ഇതിനായി ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം. പദ്ധതി ആസൂത്രണത്തിന്‍െറ അഭാവം ഗുണമേന്മയുള്ള വസ്തുക്കളുടെ ലഭ്യതക്കുറവ്, വിപണന സംവിധാനമില്ലായ്മ, ഗുണനിലവാരമുള്ള തീറ്റവസ്തുക്കള്‍ എന്നിവയുടെ പോരായ്മ, പദ്ധതി സംയോജനത്തിന്‍െറ അഭാവം ഈ മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന നിയമപരമായ ബുദ്ധിമുട്ടുകള്‍ എന്നിവക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെട്ട് നയപരമായ മാറ്റത്തിലൂടെ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിന് ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ സംസ്കരണ മൂല്യവര്‍ധിത സംവിധാനം ഉറപ്പാക്കണമെന്ന് ചര്‍ച്ചയില്‍ പൊതുവെ അഭിപ്രായമുയര്‍ന്നു. മാനന്തവാടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. പാനല്‍ അംഗങ്ങളായി ഷാജി എളുപ്പുപ്പാറ, ലില്ലിമാത്യു എന്നിവര്‍ പങ്കെടുത്തു. സെമിനാറില്‍ പ്രഫ. ബാലഗോപാലന്‍, പ്രഫ. ജോസ് ജോര്‍ജ്, ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ എം. ആന്‍റണി, വര്‍ക്കി മാസ്റ്റര്‍, ഡോ. വിജയലക്ഷ്മി (കോഫി ബോര്‍ഡ്, ചുണ്ടേല്‍), പി.ടി. ബിജു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.