മുട്ടില്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവല്‍ പക്ഷികളാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ഒരേപോലെ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോള്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് പണംപോലും നല്‍കാതെ ലഭിക്കുമായിരുന്ന റേഷനരി ഇടതുപക്ഷ സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിനായി മോദി മുന്നോട്ടുവെച്ച വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കള്ളപണവും കള്ളപണക്കാരെയും പിടിക്കാനാണ് നോട്ട് നിരോധനം എന്നാണ് മോദി പ്രചരിപ്പിച്ചിരുന്നതെങ്കില്‍ നിരോധിച്ച കറന്‍സി മാറ്റിയെടുക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ അനൗദ്യോഗിക കണക്കനുസരിച്ച് നിരോധിച്ച നോട്ടുകളെക്കാള്‍ കൂടുതല്‍ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചത്തെി. നേപ്പാളും ബള്‍ഗേറിയയും മൊറീഷ്യസും അടക്കം ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കുന്ന രാജ്യങ്ങളിലെ കണക്കുകൂടി പുറത്തുവരുന്നതോടെ ഇതിന്‍െറ ഭയാനകമായ ചിത്രം കൂടുതല്‍ വ്യക്തമാകും. നിരോധിച്ച നോട്ടുകളുടെ മൂല്യത്തെക്കാള്‍ കൂടുതല്‍ മൂല്യമുള്ള നോട്ടുകള്‍ തിരിച്ച് വന്നതിലൂടെ രാജ്യത്തെ കള്ളപണക്കാരെ സംരക്ഷിക്കാനും കള്ളപ്പണം വെളുപ്പിച്ചെടുക്കാനും മാത്രമേ നോട്ട് നിരോധനം ഉപകരിച്ചിട്ടുള്ളൂ. കഴിഞ്ഞ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി 25 കിലോ അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒരു കിലോ അരി പണം നല്‍കിയാല്‍പോലും റേഷന്‍ കടകള്‍ വഴി ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത.് കേരളത്തിലെ റേഷന്‍ സംവിധാനം പിണറായി സര്‍ക്കാര്‍ പാടെ തകര്‍ത്തിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം എന്ന് നാം അഭിമാനത്തോടെ പറയുന്ന സംസ്ഥാന സ്കൂള്‍ കലോത്സവ വേദിക്ക് അരികില്‍പോലും രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ അരങ്ങേറുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡന്‍റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കോഴിക്കോട് മുന്‍ ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, എന്‍.ഡി അപ്പച്ചന്‍, പി.ടി. ഗോപാലകുറുപ്പ്, കെ.വി. പോക്കര്‍ ഹാജി, ബിനു തോമസ്, പി.കെ. കുഞ്ഞിമൊയ്തീന്‍, കെ.ഇ. വിനയന്‍, പി.പി. ആലി, മാണ ഫ്രാന്‍സിസ്, കെ. മിനി, മോഹന്‍ദാസ് കോട്ടകൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.