റിസോട്ട് ലോബിയുടെ അഴിഞ്ഞാട്ടം : മീന്‍മുട്ടിക്കാരുടെ കുടിവെള്ളം മുട്ടിച്ചു

മാനന്തവാടി: റിസോട്ട് ലോബിയുടെയും സ്വകാര്യ തേയിലത്തോട്ടം ഉടമകളുടെയും അഴിഞ്ഞാട്ടംമൂലം ഒരു പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. തൊണ്ടര്‍നാട് പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ മക്കിയാട് മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തെയും തൊട്ടടുത്ത പ്രദേശമായ ചാലില്‍ നിവാസികള്‍ക്കും ആശ്രയമായ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകളാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്. ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു മാസം മുമ്പാണ് 75 ലക്ഷം രൂപ ചെലവഴിച്ച് രണ്ടു ടാങ്കുകള്‍ അടക്കം പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പദ്ധതി കമീഷന്‍ ചെയ്തതിനുശേഷം ഇത് നാലാം തവണയാണ് സാമൂഹിക ദ്രോഹികള്‍ പൈപ്പുകള്‍ മുറിച്ച് നശിപ്പിക്കുന്നത്. സ്വാഭാവിക നീരുറവ തടഞ്ഞ് നിര്‍ത്തിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പദ്ധതി വരുന്നതിന് മുമ്പ് ഈ വെള്ളം പ്രദേശത്തെ റിസോര്‍ട്ടുകളിലേക്കും സമീപ പ്രദേശങ്ങളിലെ തേയില നനക്കാനുമാണ് ഉപയോഗിച്ചിരുന്നത്. ഇത് തടസ്സപ്പെട്ടതാണ് പ്രകോപനങ്ങള്‍ക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇരുനൂറിലേറെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് പ്രസ്തുത പദ്ധതി. രണ്ടു വര്‍ഷം മുമ്പാണ് പ്രവര്‍ത്തി ആരംഭിച്ചത്. നിരവധി തടസ്സങ്ങള്‍ തട്ടിനീക്കിയാണ് പദ്ധതി ലക്ഷ്യത്തിലത്തെിച്ചത്. വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം നേരിടുന്ന സമയത്ത് തന്നെ പൈപ്പുകള്‍ മുറിച്ചുമാറ്റി വെള്ളം വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്തിയത് കൂടതല്‍ ദുരിതത്തിലായിരിക്കുകയാണ്. സംഭവത്തിനുത്തരവാദികളായവരെ നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.