അടിസ്ഥാന സൗകര്യങ്ങളില്ലാതെ അഭയകേന്ദ്രം

പുല്‍പള്ളി: വയോജനങ്ങളടക്കം കഴിയുന്ന മാനസിക-ശാരീരിക വൈകല്യങ്ങള്‍ ബാധിച്ചവരുടെ കേന്ദ്രത്തില്‍ വിശ്രമിക്കാന്‍ ഒരു പായപോലുമില്ല. പുല്‍പള്ളി ശശിമലയിലെ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്‍ററിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്തത്. ഇത്തരത്തിലുള്ളവര്‍ക്കായി ജില്ലയിലെ ഏക സെന്‍ററാണ് ഇത്. 2015 ഒക്ടോബര്‍ മൂന്നിനാണ് സെന്‍റര്‍ ആരംഭിച്ചത്. സെന്‍ററില്‍ 15 പഠിതാക്കളുണ്ട്. മാനസിക-ശാരീരിക വൈകല്യങ്ങള്‍ ബാധിച്ച 18 മുതല്‍ 65 വയസ്സുവരെ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. സെന്‍റര്‍ ആരംഭിച്ചതില്‍ പിന്നെ സാമൂഹി ക്ഷേമ വകുപ്പില്‍നിന്ന് കാര്യമായ സഹായങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ശശിമല ഗവ. യു.പി സ്കൂളിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്കൂളിലെ സൗകര്യങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഭക്ഷണവിതരണത്തിന് മാത്രമാണ് സാമൂഹിക ക്ഷേമ വകുപ്പ് സഹായം നല്‍കുന്നത്. സ്കൂളിലെ ബെഞ്ചും ഡെസ്ക്കുമെല്ലാമാണ് പഠിതാക്കള്‍ക്കായി നല്‍കിയിരിക്കുന്നത്. ഫര്‍ണിച്ചര്‍ സൗകര്യവും കുറവാണ്. ഉച്ചസമയത്ത് ഇവിടെയുള്ളവര്‍ക്ക് വിശ്രമിക്കാന്‍ ഒരു സൗകര്യവുമില്ല. ടൈല്‍സ് പാകിയ തറയില്‍ പായപോലുമില്ലാതെയാണ് ഇവരുടെ കിടപ്പ്. വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതേറെ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇവിടേക്ക് പായ അടക്കം അനുവദിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. സെന്‍ററിനോട് ചേര്‍ന്ന് ടോയ്ലറ്റ്, അടുക്കള എന്നിവയെല്ലാം ഇത്തരം കേന്ദ്രങ്ങളില്‍ വേണമെന്നാണ് നിബന്ധന. എന്നാല്‍, ഇതൊന്നും ഇവിടെയില്ല. വീല്‍ച്ചെയറിലടക്കം തൊഴില്‍ പരിശീലനത്തിനായി എത്തുന്നവര്‍ ഇവിടെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.