വയനാട്ടിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നു

പുല്‍പള്ളി: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന വയനാട്ടിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നു. പുല്‍പള്ളി, തിരുനെല്ലി, തലപ്പുഴ, വെള്ളമുണ്ട, പടിഞ്ഞാറത്തറ, മേപ്പാടി തുടങ്ങിയ സ്റ്റേഷനുകള്‍ക്കാണ് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇതിന്‍െറ ഭാഗമായി പൊലീസ് സ്റ്റേഷനുകളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ മുന്‍ഭാഗത്തുനിന്നും വശങ്ങളിലേക്ക് മാറ്റും. നിലവിലുള്ള പ്രവേശനകവാടത്തിലൂടെ ഒരാള്‍ക്ക് മാത്രം കയറിവരാന്‍ പറ്റുന്ന തരത്തില്‍ ഇംഗ്ളീഷ് അക്ഷരമാലയിലെ ‘എല്‍’ രൂപത്തില്‍ വേലികെട്ടിതിരിക്കും. ഇതിന് പുറമേ സ്റ്റേഷന്‍െറ നാലു വശങ്ങളിലും ചെറു കൗണ്ടറുകളും നിര്‍മിക്കും. ഇവിടെയടക്കം പൊലീസുകാരെ കാവല്‍ നിര്‍ത്തും. പുതിയ വഴിയിലൂടെ മാത്രമേ ഇനിമുതല്‍ സ്റ്റേഷനുകളിലേക്ക് എത്തിപ്പെടാനാവൂ. പുല്‍പള്ളി സ്റ്റേഷനില്‍ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുല്‍പള്ളി അടക്കമുള്ള ചില സ്റ്റേഷനുകള്‍ നക്സല്‍ ആക്രമണ ഭീഷണി നേരിട്ടിരുന്നു. പിന്നീട് ഇവ മാവോയിസ്റ്റ് ആക്രമണ ഭീഷണി നേരിടുന്ന സ്റ്റേഷനുകളായി മാറി. ഈ സ്റ്റേഷനുകള്‍ക്കെല്ലാം കനത്ത സുരക്ഷയാണ് ഓരോ വര്‍ഷവും ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്‍െറ ഭാഗമായി ഏറെ ഉയരത്തില്‍ തീര്‍ത്ത മതില്‍ക്കെട്ടുകള്‍ക്കുള്ളിലാണ് സ്റ്റേഷനുകള്‍. വാച്ച് ടവര്‍ അടക്കം ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.