അടിസ്ഥാന സൗകര്യങ്ങളില്ല; വില്‍പന നികുതി ചെക്ക് പോസ്റ്റുകളില്‍ ദുരിതം പേറി ഉദ്യോഗസ്ഥര്‍

സുല്‍ത്താന്‍ ബത്തേരി: അതിര്‍ത്തികളില്‍ സ്ഥിതി ചെയ്യുന്ന വില്‍പന നികുതി ചെക്ക് പോസ്റ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തതിനാല്‍ ദുരിതം പേറി ഉദ്യോഗസ്ഥര്‍. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന ഇത്തരം ചെക്ക് പോസ്റ്റുകളുടെ ഇടുങ്ങിയ ഒറ്റമുറികള്‍ തന്നെയാണ് ജീവനക്കാര്‍ ഓഫിസിനും താമസത്തിനും ഭക്ഷണം പാകംചെയ്യുന്നതിനും ഉപയോഗിക്കുന്നത്. 13 ചെക്ക് പോസ്റ്റുകളാണ് ജില്ലയിലുള്ളത്. മുത്തങ്ങ, അഞ്ചാം മൈല്‍, നൂല്‍പ്പുഴ, വെള്ളച്ചാല്‍, നമ്പ്യാര്‍കുന്ന്, വെണ്ടോല, തോല്‍പ്പെട്ടി, ബോയ്സ്ടൗണ്‍, ബാവലി, നിരവില്‍പുഴ, ലക്കിടി, വടുവഞ്ചാല്‍, കോട്ടൂര്‍ എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകളുള്ളത്. എല്ലാ ചെക്ക് പോസ്റ്റുകളുടേയും സ്ഥിതി പരിതാപകരമാണ്. ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. അതിനാല്‍ ഓഫിസില്‍ തന്നെ താമസിക്കുകയേ നിവര്‍ത്തിയുള്ളൂ. വെള്ളച്ചാല്‍ ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന കെട്ടിടത്തിലാണ്. പ്രാഥമികാവശ്യങ്ങള്‍പോലും നിറവേറ്റുന്നതിന് ഇവിടെ സൗകര്യമില്ല. പ്രധാന ചെക്ക് പോസ്റ്റുകളിലൊന്നായ നൂല്‍പ്പുഴയും പരിമിതമായ സൗകര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വനത്തോട് ചേര്‍ന്നായതിനാല്‍ വന്യമൃഗശല്യം രൂക്ഷമാണ്. കടുവ, പുലി, ആന എന്നിവയെല്ലാം സ്ഥിരമായി ചെക്ക് പോസ്റ്റിന് സമീപത്തത്തൊറുണ്ട്. വന്യമൃഗങ്ങള്‍ ഉദ്യോഗസ്ഥരുടെ ജീവനുതന്നെ ഭീഷണിയുയര്‍ത്തുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. ആറു ദിവസം തുടര്‍ച്ചയായി ജോലി ചെയ്ത ശേഷം അവധിയെടുത്ത് നാട്ടിലേക്ക് പോകുകയാണ് ജീവനക്കാര്‍ ചെയ്യുന്നത്. ഇതിനിടെ എന്തെങ്കിലും അത്യാവശ്യത്തിന് അവധിയെടുക്കണമെങ്കില്‍ സാധിക്കാത്ത സ്ഥിതിയാണ്. അടുത്ത ചെക്ക് പോസ്റ്റുകളില്‍ ഉള്ളവരെ ജോലി ഏല്‍പിച്ചാണ് ഇത്തരം ഘട്ടങ്ങളില്‍ അവധിയെടുക്കുന്നത്. കൃത്യമായി പരിശോധന നടത്തുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ചെക്ക് പോസ്റ്റുകളിലില്ല. സാധനങ്ങള്‍ കുത്തിനോക്കുന്നതിനുള്ള കമ്പി മാത്രമാണുള്ളത്. ചെക്ക് പോസ്റ്റ് വഴി കടന്നുപോകുന്ന ചരക്കുകള്‍ക്ക് നേരത്തേ തന്നെ മുഴുവന്‍ നികുതിയും അടച്ചശേഷമാണ് മിക്ക വാഹനങ്ങളും എത്തുന്നത്. അതിനാല്‍, നികുതിയില്‍ കാണിച്ചിരിക്കുന്ന അളവിലും കൂടുതല്‍ സാധനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഒരു സംവിധാനവും നിലവിലില്ല. തമിഴ്നാട്ടില്‍നിന്നും ചെക്ക് പോസ്റ്റ് വെട്ടിച്ച് വ്യാപകമായി കോഴി കടത്തുന്നുണ്ടെന്ന് ആരോപണമുണ്ട്. ചില ചെക്ക് പോസ്റ്റ് അധികൃതരുടെ ഒത്താശയോടെയും കോഴി കടത്തുന്നതായി നാട്ടുകാര്‍ പറയുന്നു. ചെക്ക് പോസ്റ്റുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കി പരിശോധന കര്‍ശനമാക്കേണ്ടതും അത്യാവശ്യമാണ്. നിലവിലെ പരിമിതമായ സൗകര്യങ്ങളില്‍ ചെക്ക് പോസ്റ്റുകളില്‍ കൃത്യമായ പരിശോധന നടത്താന്‍ സാധിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.