‘നോട്ട’ കൊണ്ട് എന്തു നേട്ടം? കലക്ടറോട് ന്യൂജെന്‍ ചോദ്യം

കല്‍പറ്റ: ‘നോട്ട’ (NOTA -None Of The Above) കൊണ്ട് എന്തു പ്രയോജനമെന്ന് ജില്ല കലക്ടറോട് ഭാവി വോട്ടര്‍മാര്‍. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാവുക എന്ന അവകാശം വിനിയോഗിക്കുകയും എന്നാല്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ആരോടും താല്‍പര്യമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വോട്ടവകാശം വിനിയോഗിക്കുന്നതോടൊപ്പം ഒരു പരിധിവരെ വോട്ടറുടെ പ്രതിഷേധം അറിയിക്കുന്നതിനുള്ള മാര്‍ഗമാണെന്ന് ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനിയുടെ മറുപടി. ജനുവരി 25 ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് ഭാവി ഇന്ത്യന്‍ വോട്ടര്‍മാരുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന മുഖാമുഖത്തിന്‍െറ ഭാഗമായി കല്‍പറ്റ കൃഷ്ണമോഹന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍.വോട്ടു ചെയ്യുന്നതില്‍നിന്ന് സ്ഥിരമായി വിട്ടുനില്‍ക്കുന്നത് കുറ്റകരമാണോ, വോട്ടു ചെയ്യുന്നതിനിടയില്‍ മെഷീന്‍ കേടായാല്‍ എന്തുചെയ്യും, സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്ത്, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്തൊക്കെ ചെയ്യണം, അപരന്മാരെ നിയന്ത്രിച്ചുകൂടേ തുടങ്ങിയ ചോദ്യങ്ങള്‍ വിദ്യാര്‍ഥികളില്‍നിന്ന് ഉയര്‍ന്നുവന്നു. വോട്ടിങ് പങ്കാളിത്തം കുറഞ്ഞ പ്രദേശങ്ങളില്‍ എന്‍.എസ്.എസ്/എന്‍.സി.സി വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ബോധവത്കരണം നടത്തണം, നിയമസഭയിലും ലോക്സഭയിലും വനിതാ സംവരണം ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ വിദ്യാര്‍ഥികളില്‍നിന്നുമുയര്‍ന്നു.തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഭാവി വോട്ടര്‍മാര്‍ക്കുള്ള സംശയങ്ങള്‍, ആശങ്കകള്‍, ആവശ്യങ്ങള്‍, നിര്‍ദേശങ്ങള്‍ തുടങ്ങിയവ പങ്കുവെക്കാനാണ് മുഖാമുഖം സംഘടിപ്പിച്ചത്. ജില്ലകള്‍ തോറും നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഓരോ സ്കൂളിലും ജില്ല തലത്തിലും മുഖാമുഖം സംഘടിപ്പിക്കാനാണ് ഇലക്ഷന്‍ കമീഷന്‍ നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം കല്‍പറ്റ മണ്ഡലത്തില്‍ മേപ്പാടി സെന്‍റ് ജോസഫ്സ് സ്കൂളിലും സുല്‍ത്താന്‍ ബത്തേരിയില്‍ മീനങ്ങാടി ജി.എച്ച്.എസ്.എസിലും മാനന്തവാടിയില്‍ കാട്ടിക്കുളം ജി.എച്ച്.എസിലും തഹസില്‍ദാരുമായി വിദ്യാര്‍ഥികള്‍ മുഖാമുഖം നടത്തി. കല്‍പറ്റയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സോമനാഥന്‍, പ്രിന്‍സിപ്പല്‍ സുധാറാണി, സുരേഷ് ബാബു, ജില്ലതല മാസ്റ്റര്‍ ട്രെയിനര്‍ കെ.എം. ഹാരിഷ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ വി.ആര്‍. ഉദയകുമാര്‍, ഷൈന്‍ ജോണ്‍, കുര്യാക്കോസ്, ബിജേഷ് പോള്‍, സന്ദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.