വയനാടിന്‍െറ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും –മുഖ്യമന്ത്രി

കല്‍പറ്റ: വയനാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതാണ് സര്‍ക്കാറിന്‍െറ സമീപനമെന്ന് മുഖ്യമന്ത്രിയായ ശേഷം ആദ്യമായി വയനാട്ടില്‍ സന്ദര്‍ശനത്തിനത്തെിയ പിണറായി വിജയന്‍. ജില്ലയിലെ ജനങ്ങളോടൊപ്പം സര്‍ക്കാറുണ്ടാകുമെന്ന് പറഞ്ഞ പിണറായി, കാര്‍ഷിക പ്രതിസന്ധിയാണ് വയനാടിനെ ഏറ്റവുമധികം അലട്ടുന്നതെന്നും അഭിപ്രായപ്പെട്ടു. വയനാടിന്‍െറ സമഗ്ര വികസനം ലക്ഷ്യമിട്ട് നടക്കുന്ന സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റി, പഴശ്ശി ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കല്‍പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സെമിനാര്‍ നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ വയനാടിന്‍െറ വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. വയനാടിന്‍െറ വികനത്തെക്കുറിച്ച കാഴ്ചപ്പാട് സ്വീകരിക്കേണ്ടത് കാര്‍ഷികരംഗം, ആദിവാസി ക്ഷേമം, തോട്ടം മേഖല ഇതിനെയെല്ലാം മുന്‍നിര്‍ത്തിക്കൊണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് കണ്‍വീനര്‍ പി. കൃഷ്ണപ്രസാദ് വികസന രൂപരേഖ അവതരിപ്പിച്ചു. ലോഗോ പ്രകാശനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, സ്ഥിരം സമിതി അംഗങ്ങളായ പി.കെ. അനില്‍കുമാര്‍, അനില തോമസ്, എ. ദേവകി, കെ. മിനി, നഗരസഭ ചെയര്‍മാന്മാരായ സി.കെ. സഹദേവന്‍, ഉമൈബ മൊയ്തീന്‍കുട്ടി, വി.ആര്‍. പ്രവീജ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ശകുന്തള ഷണ്‍മുഖന്‍, ലത ശശി, പ്രീത രാമന്‍, ടി.എസ്. ദിലീപ്കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് പി.എം. നാസര്‍, സെക്രട്ടറി പി.എ. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.