നോട്ട് നിരോധനം: കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ –എന്‍.സി.പി

സുല്‍ത്താന്‍ ബത്തേരി: നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷം രണ്ടു ഘട്ടങ്ങളിലായി പൊതുമേഖല ബാങ്കുകള്‍ കോര്‍പറേറ്റുകളുടെ 14 ലക്ഷം കോടി രൂപ എഴുതിത്തള്ളിയെന്ന് എന്‍.സി.പി ബ്ളോക്ക് കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. പേരുകള്‍ വെളിപ്പെടുത്താതെ ഉന്നതന്മാരുടെ 40,000 കോടി രൂപ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണക്കാരായ കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്യുമ്പോള്‍ അവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുമേഖല ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കല്‍ നടപടിയുമായി മുന്നോട്ടു പോകുകയാണ്. നോട്ട് നിരോധനത്തിന്‍െറ ഫലമായുണ്ടായ വിലത്തകര്‍ച്ചമൂലം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. പൊതുമേഖല ബാങ്കുകളുടെ ധിക്കാരപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 10ന് രാവിലെ 11 മണിക്ക് ബത്തേരി എസ്.ബി.ഐ ശാഖയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്യും. കെ.കെ. രാജന്‍, കളിച്ചാട്ട് രാമകൃഷ്ണന്‍, ഇ.പി. വിന്‍സെന്‍റ്, എം.കെ. രവി, കെ. കുഞ്ഞിക്കണ്ണന്‍, റഫീഖ് ബത്തേരി, എം. പ്രകാശന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.