എടക്കല്‍ ഗുഹ സംരക്ഷണം: സമരപോരാളികള്‍ സംഗമിച്ചു

കല്‍പറ്റ: വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 1986ല്‍ നടന്ന എടക്കല്‍ ഗുഹ സംരക്ഷണ പ്രക്ഷോഭത്തില്‍ പങ്കാളികളായവര്‍ അമ്പലവയല്‍ മൗണ്ട് അവന്യൂവില്‍ ഒത്തുകൂടി. പ്രക്ഷോഭത്തിന്‍െറ 30ാം വാര്‍ഷികാചരണത്തിന്‍െറ ഭാഗമായാണ് ഒത്തുചേരല്‍ സംഘടിപ്പിച്ചത്. കര്‍ഷക മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി പി.സി. മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എടക്കല്‍ ഗുഹ സംരക്ഷണത്തിനു വേണ്ടി മൂന്നു പതിറ്റാണ്ടുമുമ്പ് വയനാട് പ്രകൃതിസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്നത് കാലം ഓര്‍ത്തുവെക്കേണ്ട പോരാട്ടമാണെന്ന് എം.പി. വീരേന്ദ്രകുമാര്‍ എം.പി സന്ദേശത്തില്‍ പറഞ്ഞു. എടക്കലിലെ പാറച്ചുവരുകളില്‍ നൂറ്റാണ്ടുകള്‍ മുമ്പ് ആലേഖിതമായ ചിത്രങ്ങള്‍ കേരളത്തിലെയെന്നല്ല, ലോകത്തെങ്ങുമുള്ള ശിലാചിത്രങ്ങളെക്കാള്‍ സമ്പന്നമാണെന്ന ചരിത്രകാരന്മാരുടെ വിലയിരുത്തല്‍ ആധികാരികമാണ്. എടക്കല്‍ ഗുഹയെ കരിങ്കല്‍ഗുഹ മാത്രമായാണ് പലരും കണ്ടിരുന്നത്. 30 വര്‍ഷംമുമ്പ് നടന്ന സമരങ്ങള്‍ വഴിയാണ് ഗുഹയെ ഇന്നത്തെ നിലയിലെങ്കിലും സംരക്ഷിക്കാന്‍ കഴിഞ്ഞത്. ചരിത്രപ്രാധാന്യമുള്ള ഈ ദൗത്യത്തിനായി പോരാടിയവര്‍ നിരവധിയാണ്. എടക്കല്‍ ഗുഹ സംരക്ഷിക്കാന്‍ എല്ലാ തലങ്ങളിലുമുള്ള ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് 1980കളില്‍ ജനത പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന താന്‍ ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി തുടരേണ്ടത് വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തിന്‍െറ ആവശ്യമാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ദശകങ്ങള്‍ക്കു മുമ്പുള്ള വയനാടല്ല ഇന്നുള്ളത്. അടിസ്ഥാനപരമായിത്തന്നെ പലതും മാറ്റിമറിക്കപ്പെട്ടു. പ്രകൃതിയുടെ മേല്‍ വന്യമായ കടന്നാക്രമണം തുടരുകയാണ്. പഴയ വയനാടിനെ തിരിച്ചുപിടിക്കാന്‍ നിസ്വാര്‍ഥവും സുസംഘടിതവുമായ കഠിന പ്രയത്നം ആവശ്യമാണെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. വയനാട് ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. ദേവസ്യ, സി.വി. ജോയി, ഡോ. അമ്പി ചിറയില്‍, കോണിക്കല്‍ ഖാദര്‍, എന്‍. ബാദുഷ, തോമസ് അമ്പലവയല്‍ എന്നിവര്‍ സംസാരിച്ചു. ബാബു മൈലമ്പാടി സ്വാഗതവും പി.യു. ജോയി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.