ഖേലോ ഇന്ത്യ 2016; മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

കല്‍പറ്റ: കേന്ദ്ര കായിക മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന്‍െറയും സ്പോര്‍ട്സ് കൗണ്‍സിലിന്‍െറയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ഖേലോ ഇന്ത്യ -2016 ന്‍െറ ജില്ല തല മത്സരങ്ങളും ജില്ല ടീം തെരഞ്ഞെടുപ്പും ബുധനാഴ്ച ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നടവയല്‍ ചെല്ലിവില്ല നീന്തല്‍ അക്കാദമി, മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയം, മുട്ടില്‍ ഡബ്ള്യു.എം.ഒ കോളജ് ഗ്രൗണ്ട്, കല്‍പറ്റ എന്‍.എം.ഡി.സി ഹാള്‍, കല്‍പറ്റ വൈസ്മെന്‍സ് ഷട്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായി നാല്, ആറ്, ഏഴ്, എട്ട്, 12,13 തീയതികളിലാണ് മത്സരങ്ങള്‍. ഏഴിന് രാവിലെ ഒമ്പതിന് മുട്ടില്‍ കോളജ് ഗ്രൗണ്ടില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മികവുകാട്ടിയ ദൃശ്യക്കും വിനായക് വിക്രമിനും ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉപഹാരം നല്‍കും. സമാപനസമ്മേളനം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ അധ്യക്ഷത വഹിക്കും. ആറിന് രാവിലെ ഒമ്പതിന് മുട്ടില്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ഫുട്ബാള്‍ മത്സരം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്യും. 17 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഫുട്ബാള്‍, അത്ലറ്റിക്സ്, വോളിബാള്‍, തൈക്വാന്‍ഡോ, ഷട്ടില്‍ ബാഡ്മിന്‍റണ്‍ വിഭാഗങ്ങളിലാണ് മത്സരം. ആറിന് രാവിലെ ഒമ്പതുമണി മുതല്‍ ഫുട്ബാള്‍ മത്സരം മുട്ടില്‍ ഡബ്ള്യു.എം.ഒ കോളജ് ഗ്രൗണ്ടില്‍ നടത്തും. ഏഴിന് രാവിലെ ഒമ്പതിന് അത്ലറ്റിക്സ്, വോളിബാള്‍ മത്സരങ്ങളും ഇവിടെ നടക്കും. തൈക്വാന്‍ഡോ മത്സരങ്ങള്‍ എട്ടിന് രാവിലെ 10 മുതല്‍ കല്‍പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. ഷട്ടില്‍ ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍ 12ന് രാവിലെ വൈസ്മെന്‍സ് ഷട്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. ഖോഖോ, നീന്തല്‍ മത്സരങ്ങളുടെ ജില്ല ടീം തെരഞ്ഞെടുപ്പ് ബുധനാഴ്ച മീനങ്ങാടി, നടവയല്‍ എന്നിവിടങ്ങളില്‍ നടക്കും. 14 വയസ്സില്‍ താഴെയുള്ളവരുടെ നീന്തല്‍, ഖോഖോ, അത്ലറ്റിക്സ്, വോളിബാള്‍, ഫുട്ബാള്‍, തൈക്വാന്‍ഡോ, ഗുസ്തി, ഷട്ടില്‍ ബാഡ്മിന്‍റണ്‍ ജില്ല ടീം തെരഞ്ഞെടുപ്പും ഈ ദിവസങ്ങളില്‍ നടക്കും. ജില്ല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1500 രൂപ, രണ്ടാംസ്ഥാനക്കാര്‍ക്ക് ആയിരം രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 500 രൂപ നിരക്കില്‍ പ്രൈസ്മണി വിതരണം ചെയ്യും. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജില്ല-സംസ്ഥാനതല മത്സരങ്ങളില്‍ നിന്ന് ടാലന്‍റ് കാന്‍ഡിഡേറ്റ്സിനെ തെരഞ്ഞെടുക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് ജില്ല തലത്തില്‍ അഞ്ഞൂറ് രൂപയും സംസ്ഥാനതലത്തില്‍ ആയിരം രൂപയും പ്രതിമാസം സ്കോളര്‍ഷിപ് ലഭിക്കും. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എം. മധു, ഖേലോ ഇന്ത്യ ജില്ല കോഓഡിനേറ്റര്‍ കെ.പി വിജയി, സലീം കടവന്‍, ടി. സതീഷ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.