അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിത്തുകാട് കോളനി

മേപ്പാടി: വിത്തുകാട് ഭൂസമര കേന്ദ്രത്തില്‍ കുടില്‍കെട്ടി താമസിച്ചുവരുന്ന ആദിവാസികള്‍ അടക്കമുള്ള 150ല്‍പരം കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും അകലെ. വീട്,കുടിവെള്ളം, വൈദ്യുതി, ശൗചാലയങ്ങള്‍, റോഡ് മുതലായ അടിസ്ഥാന ആവശ്യങ്ങളുടെ അഭാവം സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ ഏറെയാണ്. ഒമ്പതുവര്‍ഷം മുമ്പ് 2008 ജനുവരി 24ന് രാത്രിയാണ് സി.പി.ഐ(എം.എല്‍ ) നേതൃത്വത്തില്‍ വിത്തുകാട് നിക്ഷിപ്ത വനഭൂമിയില്‍ കുടില്‍കെട്ടി സമരം അരങ്ങേറിയത്. 70 ഏക്കര്‍ വരുന്ന ഈ ഭൂമി സംബന്ധിച്ച് അന്നും സുപ്രീംകോടതിയില്‍ കേസ് നിലവിലുണ്ട്. മലയാളം പ്ളാന്‍േറഷന്‍ കമ്പനിയില്‍നിന്ന് മിച്ചഭൂമിയായി റവന്യൂവകുപ്പ് ഏറ്റെടുക്കുകയും പിന്നീട് കേരള വനനിയമം വന്നപ്പോള്‍ നിക്ഷിപ്ത വനഭൂമിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു. അന്നുമുതല്‍ ഭൂമിയുടെ അവകാശം സംബന്ധിച്ച് ഹാരിസണ്‍ കമ്പനിയും വനംവകുപ്പും തമ്മില്‍ സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. അതിനിടയിലായിരുന്നു കൈയേറ്റ സമരം. ആദ്യഘട്ടത്തില്‍ സി.പി.ഐ (എം.എല്‍) കൊടിക്കീഴില്‍ അണിനിരന്ന കോളനിയിലെ കുടുംബങ്ങളില്‍ പലരും അഭിപ്രായവ്യത്യാസങ്ങളത്തെുടര്‍ന്ന് പാര്‍ട്ടിവിട്ട് ജനതാദളിലും സി.പി.എമ്മിലും ചേക്കേറി. ഒമ്പതു വര്‍ഷത്തോളമായി ഇവിടെ താമസിച്ചുവരുന്നവര്‍ക്ക് സര്‍ക്കാറില്‍നിന്ന് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. വീട്, കുടിവെള്ളം, വൈദ്യുതി, റോഡ്, തൊഴില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ അവര്‍ക്കിന്നും സ്വപ്നം മാത്രമാണ്. അപൂര്‍വം ചിലര്‍ സിമന്‍റ് ഷീറ്റ് മേഞ്ഞ വീടുകളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഭൂരിഭാഗം കുടുംബങ്ങളും കുടിലുകളില്‍ത്തന്നെയാണിപ്പോഴും കഴിയുന്നത്. അറുപതോളം ആദിവാസി കുടുംബങ്ങള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ഇവരുടെ സ്ഥിതിയും ദയനീയമാണ്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍, താല്‍ക്കാലിക വീട്ടുനമ്പര്‍ നല്‍കല്‍ പോലുള്ള ചില കാര്യങ്ങള്‍ മാത്രമാണ് ഇവര്‍ക്കുവേണ്ടി ഇതിനകം നടന്നത്. ഭൂമിക്ക് കൈവശരേഖയില്ളെന്നതാണ് ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാന്‍ തടസ്സമാകുന്നത്. കൈവശരേഖ ലഭിക്കുന്നതിനുള്ള ശ്രമങ്ങളൊന്നും കാര്യമായി നടക്കുന്നില്ല. ഒഴിപ്പിക്കേണ്ട നിക്ഷിപ്ത വനഭൂമിയാണിതെന്ന വനംവകുപ്പിന്‍െറ നിലപാടും വിലങ്ങുതടിയാവുന്നു. ഒമ്പതു വര്‍ഷമായി ഇവിടെ താമസിച്ചുവരുന്നവരെ കുടിയൊഴിപ്പിക്കുകയെന്നത് പ്രായോഗികമല്ളെന്നതിനാല്‍ ഇവര്‍ക്ക് കൈവശരേഖ നല്‍കാനുള്ള രാഷ്ട്രീയ തീരുമാനം സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാവുകയാണ് പോംവഴി. മാറിയ സാഹചര്യത്തില്‍ അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ കുടുംബങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.