പൂക്കോട് തടാകത്തില്‍ പാര്‍ക്കിങ് സ്ഥലം ഒരുങ്ങുന്നു

വൈത്തിരി: വിനോദ സഞ്ചാര കേന്ദ്രമായ പൂക്കോട് തടാകത്തിലേക്കുള്ള വാഹനങ്ങള്‍ നിരന്തരം ഗതാഗത കുരുക്കില്‍ പെടുന്നതിന് പരിഹാരമാവുന്നു. ഡി.ടി.പി.സിയും വൈത്തിരി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് തടാകത്തിനടുത്തു വൈത്തിരി റോഡില്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലം ദീര്‍ഘകാല കരാര്‍ പ്രകാരം വാടകക്കെടുത്താണ് പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കുന്നത്. കരാര്‍ പ്രകാരം ഒരു ഏക്കര്‍ വരുന്ന സ്ഥലത്തു പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസിനത്തില്‍നിന്ന് 10ശതമാനം വൈത്തിരി ഗ്രാമപഞ്ചായത്തിനും 30 ശതമാനം ഡി.ടി.പി.സിക്കും 60 ശതമാനം സ്ഥലം ഉടമക്കുമാണ് ലഭിക്കുക. എന്നാല്‍, പാര്‍ക്കിങ്ങിനുവേണ്ടി സ്ഥലം നിരത്തുന്നത് പാരിസ്ഥിതിക ദോഷം ഉണ്ടാകുമെന്നാണ് പരിസ്ഥിതി സംരക്ഷകരുടെ വാദം. തടാകത്തിന്‍െറ ചുറ്റളവില്‍ ഒരു വിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവുള്ളതായി പരിസ്ഥിതി പ്രവര്‍ത്തകരായ അബു പൂക്കോട്, ശകീര്‍ എന്നിവര്‍ പറഞ്ഞു. മണ്ണിടിച്ചു താഴ്ത്തുന്നതുമൂലം നിരവധി മരങ്ങളാണ് നീക്കം ചെയ്തത്. വനമേഖലയോട് ചേര്‍ന്നാണ് ഇപ്പോഴത്തെ പാര്‍ക്കിങ് സ്ഥലം. പൂക്കോട് തടാകത്തിലേക്ക് വരുന്ന വാഹനങ്ങള്‍ വീതി കുറഞ്ഞ റോഡിനിരുവശവും നിര്‍ത്തിയിടുന്നതുമൂലം തളിപ്പുഴ മുതല്‍ തടാകം വരെ റോഡില്‍ ഗതാഗത തടസ്സം പതിവ് കാഴ്ചയാണ്. കല്‍പറ്റ നിന്നും സുഗന്ധഗിരിയിലേക്കു പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ റോഡിലെ തടസ്സം കാരണം തളിപ്പുഴ വരാതെ വൈത്തിരിയില്‍നിന്ന് തിരിഞ്ഞുപോകുകയാണ്. പൂക്കോട്, കോളിച്ചാല്‍ പ്രദേശങ്ങളിലുള്ള താമസക്കാര്‍ വൈത്തിരി ചുറ്റി വരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.