വെള്ളമുണ്ട: അന്തര്‍സംസ്ഥാന ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന നിരവില്‍പുഴ സംസ്ഥാന പാത തകര്‍ച്ചയില്‍. തരുവണ മുതല്‍ നിരവില്‍ പുഴ വരെയുള്ള റോഡിലൂടെ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. കിലോമീറ്ററുകളോളം റോഡ് തകര്‍ന്നിട്ടും കുഴിയടക്കാന്‍പോലും അധികൃതര്‍ തയാറാവുന്നില്ല. റോഡിലെ വാരിക്കുഴികളില്‍ വലുതും ചെറുതുമായ വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയിലെ ഏറെ പ്രധാനപ്പെട്ട ഈ റോഡിന്‍െറ തകര്‍ച്ച ദിനേന ആയിരക്കണക്കിന് യാത്രികരെയാണ് പ്രയാസത്തിലാക്കുന്നത്. മാനന്തവാടിയില്‍ നിന്ന് എറണാകുളം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലേക്കും മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് വടകര, തൊട്ടില്‍പാലം ഭാഗത്തേക്കും തിരിച്ചുമുള്ള നിരവധി ദീര്‍ഘദൂര ബസുകള്‍ ഇതുവഴി സര്‍വിസ് നടത്തുന്നുണ്ട്. അതോടൊപ്പം നിരവില്‍പുഴ മാനന്തവാടി റൂട്ടില്‍ അനേകം സ്വകാര്യ ബസുകളും ഇതുവഴി കടന്നുപോകുന്നുണ്ട്. കോഴിക്കോട് ജില്ലയുടെ സമീപപ്രദേശമായതിനാല്‍തന്നെ ധാരാളം സ്വകാര്യവാഹനങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. ബാണാസുര സാഗര്‍, മീന്‍മുട്ടി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു പോകുന്നവരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. തരുവണ മുതല്‍ നാലാംമൈല്‍ വരെ റോഡ് റബറൈസ്ഡ് ചെയ്തിട്ടുള്ളതാണ് യാത്രക്കാര്‍ക്ക് നേരിയ ആശ്വാസം. റോഡ് നവീകരണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി ആരംഭിച്ചിരുന്നില്ല. മഴക്കാലത്ത് ചളിവെള്ളം നിറഞ്ഞുനിന്നിരുന്ന കുഴികളില്‍നിന്ന് ഇപ്പോള്‍ പൊടിശല്യമാണുള്ളത്. ഇരുചക്ര വാഹനങ്ങള്‍ക്കുപോലും നേരേചൊവ്വെ ഇതുവഴി സഞ്ചരിക്കാനാവുന്നില്ല. ഇടക്കാലത്ത് ചില സംഘടനകള്‍ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ പ്രതിഷേധങ്ങളും നിലച്ച മട്ടാണ്. മാനന്തവാടി മണ്ഡലത്തിന്‍െറ പരിധിയിലെ പ്രധാന റോഡായിട്ടും ഒ.ആര്‍. കേളു എം.എല്‍.എ ഈ വിഷയത്തില്‍ ഇടപെടുന്നില്ളെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.