മാനന്തവാടി: 447 ദിവസമായി മാനന്തവാടിയിലെ ബിവറേജസ് മദ്യശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സ്ത്രീകൾ നടത്തിവരുന്ന സമരം പൊളിക്കാൻ സബ് കലക്ടറുടെ ശ്രമം. കഴിഞ്ഞ ഏപ്രിൽ രണ്ടിന് മദ്യശാല ഉപരോധിക്കുകയും പൊലീസിനെതിരെ ചാണകാഭിഷേകം നടത്തുകയും ചെയ്തതിന് ജയിലിലായ ആദിവാസി സ്ത്രീകൾക്ക് ലഭിച്ച ജാമ്യവ്യവസ്ഥയിൽ ബിവറേജസ് പരിസരത്ത് പോകരുതെന്ന് നിബന്ധന ഏർപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് സമരം ഏപ്രിൽ 17 മുതൽ സബ് കലക്ടർ ഓഫിസിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, സബ് ഡിവിഷനൽ മജിസ്ട്രേറ്റിെൻറ അധികാരം ഉപയോഗിച്ച് സബ് കലക്ടർ ഓഫിസ് കവാടത്തിന് മുന്നിലെ സമരം ചൊവ്വാഴ്ച നിരോധിക്കുകയായിരുന്നു. ഇതേതുടർന്ന് ബുധനാഴ്ച സമരം കവാടത്തിന് അൽപംമാറി റോഡിൽ ആരംഭിച്ചു. സമരത്തെ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ അഭിവാദ്യംചെയ്ത് സംസാരിച്ചു. പ്ലാച്ചിമടയിലെ സമരം വിജയിച്ചെങ്കിൽ ഈ സമരവും വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മദ്യഷാപ്പുകൾ അടച്ചുപൂട്ടിയാൽ സർക്കാറിെൻറ വരുമാനം കുറയുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ആദിവാസി അമ്മമാർ മാനന്തവാടി നഗരത്തിൽ പിച്ചതെണ്ടൽസമരം നടത്തി. ചട്ടികളും പ്ലക്കാർഡുകളുമായാണ് പൊതുജനങ്ങളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും പിച്ചതെണ്ടി സംഭാവന സ്വീകരിച്ചത്. വ്യത്യസ്തസമര രീതിയിലുടെ ലഭിച്ച തുക മുഖ്യമന്ത്രിക്ക് അയച്ച് കൊടുക്കും. മാക്ക പയ്യമ്പള്ളി, വെള്ള സോമൻ, മുജീബ് റഹ്മാൻ, ഷൗക്കത്തലി, അജി കോളോണിയ, ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.