നെല്‍കൃഷിക്ക് ഭീഷണിയായി രോഗബാധ

പുല്‍പള്ളി: നെല്‍കൃഷിക്ക് ഭീഷണിയായി രോഗം പടരുന്നു. പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ വിവിധയിടങ്ങളില്‍ നെല്‍ചെടിയുടെ ഓലകള്‍ കരിഞ്ഞുണങ്ങി നശിക്കുന്ന രോഗമാണ് വ്യാപകമാകുന്നത്. രണ്ടും മൂന്നും മാസമായ നെല്‍ചെടിയുടെ ഓലകളില്‍ ചെറിയ പാടുകള്‍ കാണപ്പെടുന്നതാണ് ലക്ഷണം. പിന്നീട് ഇത് ചെടി മുഴവന്‍ പടരുന്നു. ഇതോടെ ഇവയുടെ വളര്‍ച്ചയും നിലക്കുന്നു. രണ്ടാഴ്ചകൊണ്ട് മൊത്തം ചെടികളും കരിഞ്ഞുണങ്ങി നശിക്കുകയാണ്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ കൊളവള്ളി കൃഗന്നൂര്‍ പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കുകയാണ്. കുമ്മായമടക്കമുള്ള രാസവസ്തുക്കളുടെ മണ്ണിലെ കുറവാണ് ഇത്തരം വൈറസ് രോഗത്തിന് കാരണമെന്ന് കൃഷിവകുപ്പ് പറയുന്നു. എന്നാല്‍, രോഗം തടയുന്നതിന് ഫലപ്രദമായ മരുന്നുകള്‍ നിര്‍ദേശിക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല. മഴക്കുറവുമൂലം ഇത്തവണ വൈകിയാണ് പലയിടത്തും നെല്‍കൃഷി ആരംഭിച്ചത്. സ്വന്തം നിലയില്‍ ജലസേചന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മിക്കവരും കൃഷിയില്‍ ഇറങ്ങിയിരിക്കുന്നത്. വന്‍ പണച്ചെലവും ഇതുമൂലമുണ്ടാകുന്നു. ഇതിനിടെയാണ് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത്. ചില കീടനാശിനികള്‍ കര്‍ഷകര്‍ പ്രയോഗിച്ച് നോക്കിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഒരു സ്ഥലത്തുനിന്ന് മറ്റുഭാഗങ്ങളിലേക്ക് രോഗം പടരുന്നത് നെല്‍കൃഷിയിറക്കിയ മറ്റ് കര്‍ഷകര്‍ക്കും വന്‍ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.