പുന$പരിശോധന ചെറുകിട ഭൂവുടമകള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക

മാനന്തവാടി: കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമ ഭേദഗതി വീണ്ടും പുന$പരിശോധിക്കാന്‍ പുതിയ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത് കുറച്ചു ഭൂമിയുളളവര്‍ക്ക് തിരിച്ചടിയാകും. സംസ്ഥാനത്ത് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നിലവില്‍ വന്ന 2008 ആഗസ്റ്റ് 12ന് മുമ്പ് നികത്തിയ വയലുകളുടെ രേഖകളില്‍ കരഭൂമിയായി മാറ്റുന്നതിന് മുന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് നടപടികള്‍ക്കായി ജില്ലയില്‍ ഏഴായിരത്തോളം പേരാണ് അപേക്ഷ നല്‍കിയത്. 2015 ഡിസംബര്‍ മുതലാണ് ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയത്. വില്ളേജ് രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയ ഏത് ഭൂമിയും കരഭൂമിയാക്കാന്‍ വേണ്ടിയായിരുന്നു ഗുണഭോക്താക്കളില്‍നിന്ന് പ്രദേശത്തെ ഭൂമിയുടെ വിലയുടെ ഇരുപത്തി അഞ്ച് ശതമാനം തുക ഈടാക്കി നടപ്പാക്കാന്‍ പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് 500 രൂപ തോതില്‍ 35 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് ജില്ലയില്‍ നിന്ന് എത്തിയത്. എന്നാല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍ കീഴില്‍ തയാറാക്കിയ ഡാറ്റാ ബാങ്കില്‍ നെല്‍ വയലെന്നോ തണ്ണീര്‍ത്തടമെന്നോ രേഖപ്പെടുത്തിയ വസ്തുക്കള്‍ ഒരുകാരണവശാലും റെഗുലൈസ് ചെയ്യരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. ജില്ലയില്‍ വിരലിലെണ്ണാവുന്ന ഗ്രാമപ്പഞ്ചായത്തുകള്‍ മാത്രമെ ഡാറ്റാ ബാങ്ക് തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളു. അതുതന്നെ അബദ്ധജടിലവുമാണ്. ഈ സാഹചര്യത്തില്‍ ഡാറ്റാബാങ്കില്‍ നെല്‍വയലെന്നോ തണ്ണീര്‍ത്തടമെന്നോ ഉള്‍പ്പെട്ടവര്‍പോലും വയലുകള്‍ തരം തിരിക്കുന്നതിനായി അപേക്ഷനല്‍കിയിരുന്നു. അടുത്തകാലം വരെ ജില്ലയില്‍ വ്യാപകമായിരുന്ന റിയല്‍ എസ്റ്റേറ്റ് ലോബികള്‍ വയലുകള്‍ നികത്തി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പുതിയ സര്‍ക്കാര്‍ നിയമഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതിലൂടെ 2008ന് മുമ്പ് നികത്തിയതും നിലവില്‍ ഒരുവിധത്തിലും നെല്‍കൃഷിക്കോ തണ്ണീര്‍ത്തടമായോ പ്രയോജനപ്പെടുത്താന്‍ കഴിയാത്തതുമായ തരിശിട്ടിരിക്കുന്ന ചെറുകിട കര്‍ഷകരാണ് പ്രതിസന്ധിയിലായത്. ഭൂമി കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയാതെയും രേഖകളില്‍ നിലം എന്ന് കാണിക്കുകയും ചെയ്തതിനാല്‍ ഇവിടങ്ങളില്‍ മണ്ണ് നിക്ഷേപിക്കാനോ വീടുള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണത്തിനോ സാധ്യമല്ല. ഉദ്യോഗസ്ഥ ഭരണ സ്വാധീനമുള്ള വന്‍കിടക്കാര്‍ ഇത്തരം കാര്യങ്ങള്‍ യഥേഷ്ടം ചെയ്യുമ്പോള്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അഞ്ച് സെന്‍റില്‍ വീട് വെക്കാന്‍പോലും അപേക്ഷകളുമായി ഓഫിസുകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ്. ഇതിന് പരിഹാരമാകുമെന്ന് കരുതപ്പെട്ടിരുന്ന നിയമമാണ് ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. ഇതോടെ രേഖകള്‍ ശരിയായിക്കിട്ടുമെന്ന് പ്രതീക്ഷിച്ച യഥാര്‍ഥ ഗുണഭോക്താക്കള്‍ വിഷമവൃത്തത്തിലായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.