വൈത്തിരിയിലെ ബിവറേജസ് ഒൗട്ട്ലെറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

വൈത്തിരി: വൈത്തിരിയിലെ ബിവറേജസ് ഒൗട്ട്ലെറ്റ് മാറ്റണമെന്ന ആവശ്യം ശക്തിപ്രാപിക്കുന്നു. വൈത്തിരി പൊലീസ് സ്റ്റേഷനടുത്തുള്ള ദേശീയ പാതയോരത്തെ ഇരുനില കെട്ടിടത്തില്‍ പൊലീസിനും നാട്ടുകാര്‍ക്കും ഒരുപോലെ തലവേദനയായി പ്രവര്‍ത്തിക്കുന്ന ബിവറേജസ് വില്‍പന കേന്ദ്രം അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുപ്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്ന അമ്പല കുന്നിലേക്കും അമ്പലക്കുന്ന് ക്ഷേത്രത്തിലേക്കുമുള്ള വഴി മുടക്കിയാണ് മദ്യം വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നത്. സ്ത്രീകള്‍ക്ക് ഇതിലൂടെ വഴി നടക്കാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. പലപ്പോഴും നീണ്ടനിര വഴക്കും വക്കാണവുമായാണ് അവസാനിക്കാറ്. ഇവിടേക്ക് വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നത് വാഹനക്കുരുക്കിനിടയാക്കുന്നതു മാത്രമല്ല അപകടങ്ങളും സൃഷ്ടിക്കുന്നു. തെക്ക് കുന്നമംഗലത്തിനും വടക്ക് പനമരത്തിനും ഇടക്ക് മറ്റൊരു വില്‍പനകേന്ദ്രം ഇല്ലാത്തതുകൊണ്ട് വൈത്തിരിയിലേക്ക് ദൂരദിക്കുകളില്‍നിന്ന് ആളുകള്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. വൈത്തിരി ടൗണില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരത്തില്‍ ബിവറേജസിനോട് ചേര്‍ന്ന് പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. മാത്രമല്ല, ബിവറേജസ് പ്രവര്‍ത്തിക്കുന്ന സമയമത്രയും പൊലീസ് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ദിവസങ്ങളില്‍ വ്യാപാരഭവനും കഴിഞ്ഞ് ക്യൂ നീണ്ടുപോകാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.