മീനങ്ങാടി: ദേശീയപാതയില്‍ വാര്യാട് ഭാഗത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് വേഗനിയന്ത്രണം ഫലപ്രദമാകാത്തതുകൊണ്ടെന്ന് ആക്ഷേപം. അമിത വേഗതയില്‍ പായുന്ന വാഹനങ്ങള്‍ ഈ ഭാഗത്ത് പതിവ് കാഴ്ചയാണ്. ഒടുവില്‍ വ്യാഴാഴ്ച ടിപ്പറും ഒമ്നിയും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചതാണ് ഇവിടെയുണ്ടായ അവസാന സംഭവം. കാക്കവയലിനും മുട്ടില്‍ കൊളവയലിനും ഇടയിലുള്ള ഭാഗത്ത് ദേശീയപാത നേര്‍രേഖയിലാണ്. കാര്യമായ വളവില്ലാത്ത രണ്ട് കിലോമീറ്ററോളം ഭാഗത്താണ് വാഹനങ്ങള്‍ പരമാവധി വേഗതയിലോടുക. ഇതിനിടയില്‍ ക്രമംതെറ്റി മറികടക്കലും മറ്റുമുണ്ടാകുമ്പോള്‍ കൂട്ടിയിടി ഉറപ്പാകുന്നു. രണ്ടുമാസം മുമ്പ് അമിത വേഗത്തിലോടിയ ഏതാനും വാഹനങ്ങള്‍ ഈ ഭാഗത്തുനിന്ന് അധികൃതര്‍ പിടികൂടിയിരുന്നു. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും ഇതിലുള്‍പ്പെടും. എന്നാല്‍, തുടര്‍ച്ചയായ നടപടിയുണ്ടാകുന്നില്ല. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവിടെ വേഗ പരിശോധന നടക്കുന്നില്ല. മീനങ്ങാടി ഭാഗത്തേക്ക് വരുമ്പോള്‍ കാക്കവയലിന് ശേഷം സുധിക്കവല ഇറക്കവും വളവും ബസുകളുടെ അമിതവേഗതക്ക് പേരുകേട്ടതാണ്. കുട്ടിരായന്‍ പാലത്തില്‍ കഴിഞ്ഞദിവസവും അപകടം നടന്നിരുന്നു. എഫ്.സി.ഐക്കും മില്‍മ വളവിനും ഇടയില്‍ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചിട്ട് ഒരു മാസം തികഞ്ഞിട്ടേയുള്ളു. രണ്ടുമാസം മുമ്പ് ബസ് മറിഞ്ഞതിനത്തെുടര്‍ന്ന് ചീക്കല്ലൂര്‍ സ്വദേശികളായ രണ്ട് കാല്‍നടക്കാര്‍ മരിച്ച കൃഷ്ണഗിരി വളവില്‍ ഇപ്പോള്‍ അമിതവേഗതക്കും മറികടക്കലിനും ഒരു നിയന്ത്രണവുമില്ല. ഇതിന് ഒരു കി.മീറ്റര്‍ അകലെ പാതിരിപ്പാലം ഇറക്കത്തിലും സ്ഥിതി പഴയ അവസ്ഥയില്‍ത്തന്നെ. കഴിഞ്ഞദിവസവും ഈ ഇറക്കത്തില്‍ അപകടം നടന്നെങ്കിലും ജീവാപായം ഉണ്ടായില്ല. മുന്നറിയിപ്പ് ബോര്‍ഡുകളും സിഗ്നല്‍ ലൈറ്റുകളും ദേശീയ പാതയില്‍ നോക്കുകുത്തിയായി ക്കിടക്കുന്ന കാഴ്ചയാണുള്ളത്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ കാടുമൂടിക്കിടക്കുന്നത് പാതിരിപ്പാലത്ത് കാണാം. എം.എല്‍.എ ഫണ്ടും മറ്റുമാണ് ലൈറ്റിനായി ചെലവഴിച്ചതെന്ന് ലൈറ്റ് കാലിലെ ഫലകത്തില്‍ എഴുതിയിട്ടുണ്ട്. റോഡരികിലെ അരികുവേലിയുടെ കാര്യവും പരിതാപകരമാണ്. കാട് കയറിക്കിടക്കുന്നതിനാല്‍ മിക്കയിടത്തും വേലിയുണ്ടെന്ന് തോന്നില്ല. കുട്ടിരായന്‍ പാലത്തിനടുത്ത് വേലി വാഹനമിടിച്ച് തകര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.