മേപ്പാടി, മൂപ്പൈനാട് ഹര്‍ത്താല്‍ പൂര്‍ണം

മേപ്പാടി: ഗവ. പോളിടെക്നിക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടതായി ആരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരും എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് മര്‍ദിച്ചുവെന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനകളും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. മൂപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ പൊതുവെ രണ്ടുമണി വരെ അടഞ്ഞുകിടന്നു. സ്കൂളുകള്‍ക്ക് അധികൃതര്‍ മുന്‍കൂട്ടി അവധി പ്രഖ്യാപിച്ചിരുന്നു. ചില ഓണാഘോഷ പരിപാടികളും മാറ്റിവെക്കേണ്ടിവന്നു. വടുവഞ്ചാല്‍, നെടുങ്കരണ, റിപ്പണ്‍, അരപ്പറ്റ, മേപ്പാടി തുടങ്ങിയ ടൗണുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഉച്ചവരെ തുറന്നുപ്രവര്‍ത്തിച്ചില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍, ദീര്‍ഘദൂര സര്‍വിസുകളടക്കമുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ എന്നിവ 12 മണി വരെ മേപ്പാടി ടൗണിലും വടുവഞ്ചാല്‍ ടൗണിലും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞിട്ടു. ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചു. രണ്ടുമണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും 12 മണിയോടെ ഹര്‍ത്താല്‍ അവസാനിപ്പിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മേപ്പാടി ടൗണില്‍ പ്രകടനം നടത്തി. ടി. ഹംസ, പി.കെ. അനില്‍കുമാര്‍, ബി. സുരേഷ് ബാബു, പി. ലുഖ്മാന്‍, രാജു ഹെജമാടി, ഗീവര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. ഗവ. പോളി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തിനിടയില്‍ കെ.എസ്.യു നേതാവും കല്‍പറ്റ ബ്ളോക് പഞ്ചായത്തംഗവുമായ ജഷീര്‍ പള്ളിവയല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജഷീര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ പരിക്കേറ്റ മേപ്പാടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിജു, സുരേന്ദ്രന്‍ എന്നിവര്‍ മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.