കല്‍പറ്റ മാര്‍ക്കറ്റ് റോഡ് കോണ്‍ക്രീറ്റ് ചെയ്തതില്‍ ക്രമക്കേടെന്ന് ആരോപണം

കല്‍പറ്റ: കല്‍പറ്റ-പിണങ്ങോട് റോഡില്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗം കോണ്‍ക്രീറ്റ് ചെയ്തതില്‍ ക്രമക്കേട് നടന്നതായി ആരോപണം. ടൗണുകളിലെ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ പാടില്ളെന്ന നിയമം മറികടന്നാണ് പ്രസ്തുത റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് പൊതുമരാമത്ത് വകുപ്പിന്‍െറ എസ്.എല്‍.ടി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു. 1.800 കിലോമീറ്റര്‍ ദൂരത്തേക്കാണ് റോഡിനായി എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. പിണങ്ങോട് റോഡിന്‍െറ തുടക്കത്തിലും, തുര്‍ക്കിയിലേക്ക് തിരിയുന്ന താഴ്ന്ന പ്രദേശത്തും ഇന്‍റര്‍ലോക്ക് പാകുവാനും മുമ്പത്തെ എസ്റ്റിമേറ്റില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതോടെ പ്രസ്തുത റോഡിന്‍െറ പ്രവൃത്തി തുടങ്ങാന്‍ സാധിച്ചില്ല. തെരഞ്ഞെടുപ്പിന് ശേഷം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ മുന്‍കൈയെടുത്ത് പ്രസ്തുത റോഡ് റീകാസ്റ്റ് ചെയ്ത് കോണ്‍ക്രീറ്റാക്കി മാറ്റുകയായിരുന്നു. എന്നാല്‍, ഒരു ദീര്‍ഘവീക്ഷണവുമില്ലാതെയായിരുന്നു ഈ നടപടിയെന്നാണ് ഇപ്പോഴുയരുന്ന മറ്റൊരു ആരോപണം. ഡ്രൈനേജിന്‍െറ പ്രവൃത്തി നടത്താതെയാണ് റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. മാത്രമല്ല, ജലസേചന വകുപ്പിന്‍െറ പൈപ്പുകളും ടെലിഫോണ്‍ കേബിളുകളും ഈ റോഡിനടിയിലൂടെ കടന്നുപോകുന്നുണ്ട്. കോണ്‍ക്രീറ്റിട്ടതോടെ എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ വന്നാല്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാവും. ടൗണുകളില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ പാടില്ളെന്ന് പറയാനുള്ള പ്രധാനകാരണം വേനല്‍ക്കാലത്തുണ്ടാകുന്ന അസഹ്യമായ പൊടിശല്യമാണ്. ഇത് വ്യാപാരസ്ഥാപനങ്ങളെയും വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നവരെയും ഗുരുതരമായിതന്നെ ബാധിക്കും. ഇതോടെ തുര്‍ക്കിയിലേക്കുള്ള ജങ്ഷന്‍ കഴിഞ്ഞാല്‍ പിന്നെ കാല്‍നടയാത്രപോലും ദുസ്സഹമാവുന്ന അവസ്ഥയാണ്. കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുമ്പോള്‍ സാധാരണ റോഡിനടിയിലൂടെ ജി.എസ്. പി മെറ്റീരിയലാണ് ഇടേണ്ടത്. ഇതിന് 300 അടിക്ക് 30,000 രൂപ വിലവരും. എന്നാല്‍, കേവലം 300 അടിക്ക് 3000 രൂപ വിലവരുന്ന ക്വാറി വെയ്സ്റ്റാണ് ഉപയോഗിച്ചിട്ടുള്ളത്. എം സാന്‍റ് ഉപയോഗിക്കുന്നതിനുപകരം ഫില്‍ട്ടര്‍ ചെയ്യാത്ത ക്രഷര്‍ പൊടിയാണ് ഉപയോഗിച്ചിട്ടുള്ളത്. റോഡിന്‍െറ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ മണ്ഡലം കമ്മിറ്റി പി.ഡബ്ള്യു.ഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. കൂടാതെ ഒംബുഡ്സ്മാനും, വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കുമെന്നും പ്രസിഡന്‍റ് സാലി റാട്ടക്കൊല്ലി അറിയിച്ചു. യോഗത്തില്‍ സുവിത്ത്, ബിനീഷ്, ഡിന്‍േറാ ജോസ്, സലീം കാരാടന്‍, പ്രതാപന്‍, സിറാജ്, മഹേഷ് കെ, ഷെഫീഖ് സി. ഷിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.