സാക്ഷരതാ പ്രഖ്യാപനത്തിന് 25 വര്‍ഷം; ആദിവാസികള്‍ പിന്നില്‍തന്നെ

കല്‍പറ്റ: കേരളം സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുമ്പോഴും ആദിവാസികള്‍ സാക്ഷരതയില്‍ പിന്നില്‍ തന്നെ. ആദിവാസി സാക്ഷരതയില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മുന്നിലായിരിക്കെയാണിത്. 93.91 ആണ് കേരളത്തിലെ പൊതു സാക്ഷരത നിരക്ക്. എന്നാല്‍ ആദിവാസികളുടേത് 72.8 ശതമാനം മാത്രമാണ്. ദേശീയ പൊതു സാക്ഷരത നിരക്കും ആദിവാസി സാക്ഷരത നിരക്കും തമ്മിലുള്ള അന്തരം 14 ശതമാനം മാത്രമായിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ 20 ശതമാനം വ്യത്യാസം എന്നത് ശ്രദ്ധിക്കേണ്ടതാണ്. കോട്ടയമാണ് ആദിവാസി സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ജില്ല. പാലക്കാട് ഏറ്റവും പിന്നിലും. യഥാക്രമം 91, 57 ശതമാനമാണിത്. ആദിവാസി, തീരപ്രദേശ മേഖലകളെ ഒഴിവാക്കിയായിരുന്നു 1991ല്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്. എന്നാല്‍, 1992ല്‍ ആദിവാസി സാക്ഷരതാ പദ്ധതി നടപ്പാക്കിയെങ്കിലും തുടര്‍പരിപാടികള്‍ ഇല്ലാത്തത് ഈ മേഖലയെ പിന്നാക്കമാക്കി. സംസ്ഥാന സാക്ഷരതാ മിഷന്‍െറ ആഭിമുഖ്യത്തില്‍ ‘ആദിവാസി സാക്ഷരതാ തുല്യത പദ്ധതി’ എന്ന പേരില്‍ 2014-2015 കാലയളവില്‍ 50 കോടിയുടെ പദ്ധതി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ആദിവാസിവിഭാഗങ്ങളെ തുടര്‍പരിപാടികളിലൂടെ കേവലം അക്ഷരാഭ്യാസത്തിനപ്പുറത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന്‍െറ നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയായിരുന്നു അത്. എന്നാല്‍, അത് അംഗീകരിക്കപ്പെട്ടില്ല. ‘സമ്പൂര്‍ണ സാക്ഷര കേരളം’ എന്ന ലേബല്‍ കേരളത്തിന്‍െറ സാക്ഷരതാപദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്രത്തിന് വൈമുഖ്യം വര്‍ധിപ്പിക്കുന്നതായാണ് വിലയിരുത്തല്‍. പ്രോത്സാഹനം നല്‍കുന്നതിനനുസരിച്ച് ആദിവാസികള്‍ പഠനത്തിന് താല്‍പര്യം കാണിക്കുന്നുവെങ്കിലും ആദിവാസികളെ മലയാളം മാധ്യമം ഉപയോഗിച്ച് പഠനപരിശീലനം നല്‍കുന്നതാണ് കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കേരളത്തില്‍ 40 ഓളം ആദിവാസി വിഭാഗങ്ങള്‍ക്ക് അത്രതന്നെ സംസാരഭാഷയും ഉണ്ട്. എന്നാല്‍, ഈ ഭാഷകള്‍ക്കൊന്നിനും ലിപിയില്ല. ഇവരെ മലയാളം മാധ്യമത്തില്‍ പഠിപ്പിക്കുന്നത് ശരിയായ ആശയവിനിമയത്തിന് തടസ്സമാവുന്നു. 2010ല്‍ എസ്.സി.ആര്‍.ടി വയനാട്ടില്‍ ‘അടിയ’ വിഭാഗത്തിനിടയില്‍ നടത്തിയ പഠനത്തില്‍ മലയാളം മീഡിയം ഉപയോഗിച്ചുള്ള അധ്യാപനമാണ് പൊതുവിദ്യാലയങ്ങളില്‍നിന്ന് ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്കിനിടയാക്കുന്നതെന്ന് കണ്ടത്തെിയിരുന്നു. വീടുകളില്‍ മലയാളം സംസാരിക്കാത്തതുകൊണ്ട് തന്നെ തുടര്‍ച്ചയായ പദ്ധതികളിലൂടെ മാത്രമേ ആദിവാസികള്‍ക്കിടയിലെ സാക്ഷരത വര്‍ധിപ്പിക്കാന്‍ കഴിയൂ. അതോടൊപ്പം മലയാളം ലിപി ഉപയോഗിച്ച് അവരുടെ സംസാര ഭാഷ അഭ്യസിപ്പിക്കുന്നതിന് സഹായകരമാവുന്ന പാഠപുസ്തകങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ആദിവാസികളുടെ ഭാഷ സംരക്ഷിക്കുന്നതോടൊപ്പം മലയാളം ലിപികള്‍ പരിചയപ്പെടാനും സാധിക്കും. ആദിവാസി മേഖലയില്‍ കൂടുതല്‍ ഇടപെടുന്നതിന്‍െറ ഭാഗമായി അട്ടപ്പാടിയില്‍ സാക്ഷരതാ മിഷന്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്്. അട്ടപ്പാടി ആദിവാസി സാക്ഷരതാ പരിപാടി എന്നാണതിന്‍െറ പേര്. അവിടത്തെ 90 ഊരുകളില്‍ സര്‍വേ നടത്തി 4060 നിരക്ഷരരെ കണ്ടത്തെുകയും അവര്‍ക്ക് ക്ളാസുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംസാരഭാഷയും പഠനമാധ്യമവും തമ്മിലുള്ള ഈ സംഘര്‍ഷം ലഘൂകരിക്കുന്നതിന് 10ാം ക്ളാസ് വിദ്യാഭ്യാസം നേടിയ ആദിവാസികളെതന്നെയാണ് ഇന്‍സ്ട്രക്ടര്‍മാരായി നിയോഗിച്ചിരിക്കുന്നത്. ആദിവാസി സാക്ഷരതാ യജ്ഞങ്ങള്‍ക്ക് കഴിഞ്ഞ ഭരണകൂടം നല്‍കിയ പ്രോത്സാഹനം ഇടതു സര്‍ക്കാറും നല്‍കുന്നുണ്ടെന്ന് പ്രതീക്ഷ നല്‍കുന്നതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.