ജില്ലാ ആശുപത്രിയിലെ ആംബുലന്‍സുകളില്‍ പുതിയ ഡ്രൈവര്‍മാരെ നിയമിക്കും

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ നിലവിലുള്ള ആംബുലന്‍സുകളില്‍ പുതിയ ഡ്രൈവര്‍മാരെ നിയമിക്കാന്‍ ആശുപത്രി മാനേജിങ് കമ്മിറ്റി തീരുമാനിച്ചു. സെപ്റ്റംബര്‍ 30നകം നിയമനം നടത്തും. അമിത വാടക വാങ്ങിയതിനെ തുടര്‍ന്ന് പരാതി ഉയര്‍ന്നതിന്‍െറ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ജമാലുദ്ദീനെ തിങ്കളാഴ്ച സൂപ്രണ്ട് നീക്കംചെയ്തിരുന്നു. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ അടിയന്തരമായി ചേര്‍ന്ന മാനേജിങ് കമ്മിറ്റി അംഗീകാരം നല്‍കി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒ.ആര്‍. കേളു എം.എല്‍.എയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരിയും തമ്മില്‍ വാഗ്വാദം നടന്നു. യോഗത്തില്‍ സൂപ്രണ്ട് പങ്കെടുക്കാതിരുന്നത് രൂക്ഷവിമര്‍ശനത്തിനിടയാക്കി. ഒരു ആംബുലന്‍സ് സേവനം സ്ഥിരമായി ആശുപത്രി പരിസരത്ത് ഉറപ്പാക്കാന്‍ നടപടി ഉണ്ടാകും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാ ദേവി ഉള്‍പ്പെടെ ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, സൂപ്രണ്ടിന്‍െറ അനുമതി ഇല്ലാതെ ജില്ലാ ആശുപത്രിയിലെ ആംബുലന്‍സില്‍ രോഗിയെ കൊണ്ടുപോയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മോഷണകുറ്റത്തിന് കേസെടുത്തു. സൂപ്രണ്ടിന്‍െറ പരാതിയിലാണ് ജമാലുദ്ദീനെതിരെ കേസെടുത്തത്. അതേസമയം, ഡ്യൂട്ടി ഡോക്ടറും ട്രൈബല്‍ പ്രമോട്ടറും ഒപ്പിട്ട് നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് ശശിമല സ്വദേശിനി പണിയ വിഭാഗത്തില്‍പ്പെട്ട കുട്ടായിയുടെ ഭാര്യ ശാരദയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയതെന്ന് ഡ്രൈവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.