പൊലീസ് ഇറങ്ങി; വൈത്തിരിയിലെ ഗതാഗതക്കുരുക്ക് അഴിയുന്നു

വൈത്തിരി: വൈത്തിരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു. സബ് ഇന്‍സ്പെക്ടര്‍ ജയപ്രകാശിന്‍െറ നേതൃത്വത്തില്‍ പൊലീസ് ശക്തമായ നടപടികളുമായി രംഗത്തിറങ്ങിയത് പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ ആശ്വാസമായി. ടൗണിലാകെ ലക്കുംലഗാനുമില്ലാതെ പാര്‍ക് ചെയ്ത ടാക്സി-ഓട്ടോറിക്ഷകള്‍ക്ക് പിഴയിട്ടു. ഡ്രൈവര്‍മാര്‍ക്ക് താക്കീതും നല്‍കി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ടാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കി വൈത്തിരി ടൗണില്‍ പ്രകടനം നടത്തി. വൈത്തിരിയിലെ ഗതാഗതക്കുരുക്കിനെ കുറിച്ചുള്ള ‘മാധ്യമം’ വാര്‍ത്തക്ക് ശേഷം ടൗണിന്‍െറ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണത്തിനായി പൊലീസുകാരെ നിയോഗിക്കുകയും ‘നോ പാര്‍ക്കിങ്’ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, പൊലീസ് ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം. എന്നാല്‍, നിരത്തുകളിലെ ഗതാഗത നിയന്ത്രണം പൊലീസിന്‍െറ ഡ്യൂട്ടിയാണെന്നും പഞ്ചായത്ത് പ്രസിഡന്‍റും വാര്‍ഡ് മെംബറും പൂര്‍ണ പിന്തുണ കൊടുത്തതുകൊണ്ടാണ് മാറ്റങ്ങള്‍ വരുത്തിയതെന്നും പൊലീസ് പറയുന്നു. ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ ഈ മാസം 20ന് ശേഷം യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാകുമാരി പറഞ്ഞു. പൊലീസ്, വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രതിധികളെ കൂടി ഉള്‍പ്പെടുത്തിയാകും യോഗം വിളിക്കുക. ട്രാഫിക് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതി സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.