ഒളിമ്പ്യന്മാര്‍ക്ക് സ്വീകരണം: ചടങ്ങ് ധിറുതിപിടിച്ച് നടത്തിയെന്ന് ആക്ഷേപം

കല്‍പറ്റ: വയനാടന്‍ മണ്ണില്‍നിന്ന് വിശ്വപോരാട്ടങ്ങളില്‍ ഇടമറിയിച്ച പ്രതിഭാധനരെ അനുമോദിക്കാന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ അനുമോദന ചടങ്ങ് വിവാദത്തില്‍ കുരുങ്ങി. മാരത്തണ്‍ താരങ്ങളായ ഒ.പി. ജെയ്ഷക്കും ടി. ഗോപിക്കും നല്‍കിയ സ്വീകരണമാണ് മതിയായ ഒരുക്കമില്ലാതെ തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന് ആക്ഷേപമുയര്‍ന്നത്. എന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഘടിപ്പിച്ച ചടങ്ങ് ആ അര്‍ഥത്തില്‍ വലിയ വിജയമായിരുന്നുവെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.എസ്. ബാബു പറഞ്ഞു. ഈ മാസം 14 വരെ ജില്ലയിലുള്ള ഒളിമ്പ്യന്മാര്‍ക്ക് സ്വീകരണം നല്‍കാന്‍ വ്യാഴാഴ്ച പൊടുന്നനെ തീരുമാനിക്കുകയായിരുന്നുവെന്നാണ് എതിര്‍വാദം. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. സ്പോര്‍ട്സ് കൗണ്‍സിലിലെ ഒരു ഭാരവാഹിയുടെ താല്‍പര്യമാണ് ധിറുതിപിടിച്ച് സ്വീകരണം ഒരുക്കാന്‍ ഇടയാക്കിയതെന്നാണ് ആരോപണം. യു.ഡി.എഫ് കാലത്ത് നിയമിതനായ ഈ ഭാരവാഹിയെ ഇടതുപക്ഷം, ഒരാഴ്ചക്കകം പുറത്താക്കിയേക്കുമെന്ന സൂചനകളാണ് തിരക്കിട്ട സ്വീകരണത്തിനു പിന്നിലെന്നും ഇവര്‍ വിശദീകരിക്കുന്നു. രാവിലെ 10ന് സ്വീകരണം നല്‍കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ആളുകളെല്ലാം എത്തിയപ്പോള്‍ മൈക്ക്സെറ്റ് പോലും വേദിയില്‍ എത്തിയിട്ടുണ്ടായിരുന്നില്ല. നേരത്തേ, ഏഷ്യന്‍ മീറ്റിനുശേഷം നാട്ടിലത്തെിയ ജെയ്ഷയെ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചാനയിച്ചതെങ്കില്‍ രണ്ട് ഒളിമ്പ്യന്മാര്‍ ഒരേ സമയം ജില്ലയില്‍നിന്നുണ്ടായിട്ടും ചെറിയ രീതിയില്‍പോലും ഘോഷയാത്ര സംഘടിപ്പിച്ചിരുന്നില്ല. നേരെ വേദിക്കരികിലത്തെിയ താരങ്ങളെ മാലയിട്ട് സ്വീകരിച്ച് വേദിയിലത്തെിക്കുകയായിരുന്നു. ഉദ്ഘാടകനായി എത്തിയ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ താരങ്ങള്‍ക്ക് സര്‍ക്കാറിന്‍െറ വക ഗംഭീരമായ സ്വീകരണം ഒക്ടോബറില്‍ നല്‍കുമെന്ന് തന്‍െറ പ്രസംഗത്തില്‍ വ്യക്തമാക്കി. താരങ്ങള്‍ ഇരുവരോടും സംസാരിച്ച് അവരുടെ സാന്നിധ്യം എം.എല്‍.എ ഉറപ്പുവരുത്തുകയും ചെയ്തു. ഇതിനു പിന്നാലെ താരങ്ങള്‍ക്ക് തങ്ങളുടെ വക സെപ്റ്റംബര്‍ 10ന് പ്രൗഢോജ്ജ്വല രീതിയില്‍ പൗരസ്വീകരണം നല്‍കുമെന്ന് വയനാട്ടിലെ കായിക കൂട്ടായ്മാ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പതിറ്റാണ്ടുകള്‍ക്കുമുമ്പ് പി.ടി. ഉഷ, ഷൈനി വില്‍സണ്‍, എം.ഡി. വത്സമ്മ തുടങ്ങിയവര്‍ക്ക് അതിഗംഭീരമായ രീതിയില്‍ സ്വീകരണം നല്‍കി മാതൃക കാട്ടിയ വയനാട്, തങ്ങളുടെ സ്വന്തം ഒളിമ്പ്യന്മാര്‍ക്കുള്ള സ്വീകരണം ഇതുപോലെ തട്ടിക്കൂട്ടി സംഘടിപ്പിക്കേണ്ടതല്ളെന്നും ഏറ്റവും മികച്ച രീതിയില്‍ അവരെ അനുമോദിക്കുമെന്നും കായിക കൂട്ടായ്മ പ്രവര്‍ത്തകര്‍ പറഞ്ഞു. എസ്.കെ.എം.ജെ സ്കൂളിലെ ചടങ്ങിനുശേഷം വേദിയില്‍നിന്നിറങ്ങിയ കലക്ടര്‍ ബി.എസ്. തിരുമേനിയെ കണ്ട് സ്പോര്‍ട്സ് കൗണ്‍സിലിലെതന്നെ ചില ഭാരവാഹികള്‍ അടക്കമുള്ളവര്‍ ഏകപക്ഷീയമായി സ്വീകരണം പ്രഖ്യാപിച്ചതിലെ പരാതി അറിയിച്ചു. സ്പോര്‍ട്സ് കൗണ്‍സിലിലെ എക്സിക്യൂട്ടിവ് അംഗങ്ങള്‍ പോലും അറിയാതെ നടത്തിയ സ്വീകരണ പരിപാടിക്ക് ജില്ലയില്‍ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പല പ്രമുഖരെയും ക്ഷണിച്ചിട്ടില്ളെന്നും അവര്‍ പറഞ്ഞു. ഇരുവരുടെയും ആദ്യകാല പരിശീലകരും ചടങ്ങിനുണ്ടായിരുന്നില്ല. ഒരു ദിവസംകൊണ്ട് വിളിക്കാവുന്ന മുഴുവന്‍ ആളുകളെയും ചടങ്ങിന് ക്ഷണിച്ചിരുന്നുവെന്ന് കെ.എസ്. ബാബു പറഞ്ഞു. ‘ധിറുതിപിടിച്ച് നടത്തിയതല്ല. ജെയ്ഷ വയനാട്ടിലത്തെിയിട്ട് നാലു ദിവസം കഴിഞ്ഞു. ജെയ്ഷ ഇങ്ങോട്ടേക്ക് വരുമ്പോഴേ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, സുഖമില്ലാത്തതിനാല്‍ സ്വീകരണം പിന്നീടാവാമെന്ന് അറിയിക്കുകയായിരുന്നു. മിനിയാന്ന് മൂന്നു മണിക്കാണ് ഗോപി വരുന്നുവെന്ന് അറിയിച്ചത്. തുടര്‍ന്ന് സ്വീകരണം തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച പണിമുടക്ക് ദിവസമായതിനാല്‍ ഒരുക്കങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നു. എന്നിട്ടും ജില്ലയിലെ മുഴവന്‍ എം.എല്‍.എമാരെയും എം.പിയെയുമൊക്കെ വിളിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് അടക്കമുള്ളവരെ ക്ഷണിച്ചു. പെട്ടെന്ന് ഒരുക്കിയിട്ടും മികച്ച ജനപങ്കാളിത്തത്തോടെ, മികവുറ്റ രീതിയില്‍ ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.