പന്തീരാങ്കാവ്: ഇ.എസ്.ഐ സ്മാര്‍ട്ട് കാര്‍ഡുകള്‍ നിര്‍ത്തി തൊഴിലാളികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു. പുതിയ തൊഴിലാളികള്‍ക്കും നിലവില്‍ ഇ.എസ്.ഐ പദ്ധതിയില്‍ ചേര്‍ക്കപ്പെട്ടവര്‍ക്കും ചികിത്സ ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്ന തീരുമാനമാണ് തൊഴിലാളി വിരുദ്ധമെന്ന ആക്ഷേപമുയര്‍ത്തുന്നത്. പ്രോവിഡന്‍റ് ഫണ്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാറിന്‍െറ മറ്റു ക്ഷേമ പദ്ധതികളില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും ഇതിന് പകരം മറ്റു തിരിച്ചറിയല്‍ രേഖകള്‍ മതിയെന്ന സൗകര്യമുണ്ട്. എന്നാല്‍, ബ്രാഞ്ച് ഓഫിസുകളില്‍നിന്ന് ഫോട്ടോ എടുത്ത് വിതരണം ചെയ്തിരുന്ന ഇ.എസ്.ഐ സ്മാര്‍ട്ട് കാര്‍ഡുകളുടെ വിതരണം നിര്‍ത്തുകയായിരുന്നു. ഇതോടെയാണ് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തൊഴിലാളികള്‍ക്ക് ആധാര്‍ നിര്‍ബന്ധമായിത്തീരുന്നത്. 15,000 രൂപയില്‍ കുറവ് മാസാന്ത വേതനമുള്ള തൊഴിലാളികള്‍ക്കാണ് നിലവില്‍ ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നത്. നിര്‍മാണ മേഖലകളിലും അപകടകരമായ ഇടങ്ങളിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏറെ ആകര്‍ഷകമാണ് ഇ.എസ്.ഐ സംവിധാനം. പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യത്തിനൊപ്പം അവധി ആനുകൂല്യവും ലഭിക്കും. തൊഴില്‍ അപകടങ്ങളില്‍ വൈകല്യം സംഭവിക്കുന്നവര്‍ക്ക് പെന്‍ഷനുമുണ്ട്. ഇവയാണ് മറ്റു സ്വകാര്യ-സര്‍ക്കാര്‍ ഇന്‍ഷുറന്‍സുകളില്‍നിന്ന് ഇ.എസ്.ഐയെ വേറിട്ട് നിര്‍ത്തുന്നത്. ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരില്‍ മിക്കവര്‍ക്കും ആധാര്‍ ഇല്ല. ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണമുള്‍പ്പെടെ അപകട സാധ്യതയുള്ള തൊഴിലിടങ്ങളിലാണ് ഇവര്‍ ജോലിചെയ്യുന്നത്. ഇവര്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളുള്‍പ്പെടെയുണ്ട്. പലരും ഗ്രാമപഞ്ചായത്തുകള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കുന്നുണ്ട്. ആധാര്‍ ഇല്ലാത്തവര്‍ അക്ഷയ കേന്ദ്രങ്ങളില്‍ പോയി ആധാറിന് എന്‍ട്രോള്‍ ചെയ്ത് ലഭിക്കുന്ന നമ്പര്‍ അപേക്ഷകളില്‍ രേഖപ്പെടുത്താനാണ് ഇ.എസ്.ഐ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ആധികാരിക തിരിച്ചറിയല്‍ രേഖകളുടെ അഭാവത്തില്‍ ആധാര്‍ കാര്‍ഡുകള്‍ നല്‍കാന്‍ അക്ഷയ ജീവനക്കാരും തയാറാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.