വെള്ളമുണ്ട: മഴക്കുറവ് കാരണം ബാണാസുര സാഗര്‍ റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നില്ല. മഴ തുടങ്ങി മൂന്നുമാസം പിന്നിട്ടിട്ടും റിസര്‍വോയര്‍ നിറയാത്തത് പ്രദേശവാസികളെ എന്നപോലെ കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയെയും ആശങ്കയിലാഴ്ത്തുന്നു. ഇക്കാലയളവിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് കഴിഞ്ഞ ദിവസം ഡാമില്‍ രേഖപ്പെടുത്തിയത്. 775.6 മീറ്റര്‍ ഉയരമുള്ള ഡാമിന്‍െറ റിസര്‍വോയറില്‍ 770.5 മീറ്ററാണ് കഴിഞ്ഞ ദിവസത്തെ ജലനിരപ്പ്. അഞ്ച് മീറ്റര്‍ ജലത്തിന്‍െറ കുറവാണുള്ളത്. മീറ്റര്‍ അടിസ്ഥാനത്തില്‍ ഇത് ചെറിയ അളവാണെങ്കിലും പൊതുവെ വിസ്തൃതി കൂടുതലുള്ള മുകള്‍ പരപ്പിലാണ് വെള്ളം കൂടുതല്‍ ശേഖരിക്കാനാവുക. 7.5 ടി.എം.സി സംഭരണ ശേഷിയാണ് റിസര്‍വോയറിനുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷം ശക്തമാവുമ്പോള്‍ കക്കയത്തേക്ക് വെള്ളം തുറന്നു വിടാറുണ്ടായിരുന്നു. എന്നാല്‍, ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ താരതമ്യേന നല്ല മഴ ലഭിച്ചതിനാല്‍ വൈദ്യുതി ഉല്‍പാദനത്തിനാവശ്യമായ വെള്ളം കക്കയം ഡാമില്‍ നിറയുകയും ചെയ്തു. കക്കയത്തേക്ക് വെള്ളം തുറന്നുവിടാതിരുന്നിട്ടുകൂടി ബാണാസുര ഡാമിലെ ജലനിരപ്പിലുണ്ടായ കുറവ് ഭാവിയെ ആശങ്കപ്പെടുത്തുന്നതാണ്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളുള്‍പ്പെട്ട ബാണാസുര സാഗര്‍ വൃഷ്ടിപ്രദേശങ്ങളിലും അടുത്തകാലത്തായി മഴ വളരെ കുറഞ്ഞത് പ്രദേശവാസികളെയും കര്‍ഷകരെയും ബാധിക്കുന്നുണ്ട്. വേനല്‍മഴ ലഭിക്കാതെ കിണറുകളെല്ലാം വറ്റിയ സംഭവവും ഡാമിനരികില്‍ വസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ മഴക്ക് മുമ്പേ അനുഭവിച്ചിരുന്നു. ഡാമിലെ ജലക്കുറവ് വരും വര്‍ഷം സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പിനെയും ബാധിക്കുമോയെന്ന ആശങ്കയിലാണ് പരിസരവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.