നിയമവിരുദ്ധമായ ലോക്കൗട്ട് പിന്‍വലിക്കണം –തൊഴിലാളി യൂനിയനുകള്‍

മേപ്പാടി: ചെമ്പ്ര എസ്റ്റേറ്റിലെ 320ഓളം തൊഴിലാളികളെയും കുടുംബാംഗങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിടുന്ന ലോക്കൗട്ട് പിന്‍വലിക്കണമെന്ന് ട്രേഡ് യൂനിയന്‍ സംഘടനകള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏകപക്ഷീയവും നിയമവിരുദ്ധവുമായാണ് എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ച് ട്രേഡ് യൂനിയനുകള്‍ക്കോ തൊഴിലാളികള്‍ക്കോ മുന്‍കൂട്ടി യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല. ഐ.ഡി ആക്ടിലെ 22ാം വകുപ്പ് പ്രകാരം ആറാഴ്ചക്ക് മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍, കഴിഞ്ഞ ദിവസം തൊഴിലാളികള്‍ ജോലി ചെയ്ത് തീര്‍ന്നതിനു ശേഷം വൈകീട്ടാണ് ലോക്കൗട്ട് വിവരമറിയുന്നത്. തൊഴിലാളികള്‍ സമരം നടത്തിയെന്നാണ് കാരണമായി മാനേജ്മെന്‍റ് പറയുന്നത്. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എസ്റ്റേറ്റിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ സെപ്റ്റംബര്‍ 25ന് ഫാത്തിമ ഫാംസ് ചെയര്‍മാനും ട്രേഡ് യൂനിയന്‍ നേതാക്കളും കല്‍പറ്റ എം.എല്‍.എയും സംസാരിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പരിഹാരമായതാണ്. നിയമപരമല്ലാത്ത പ്രവൃത്തിയോ, സമരമോ, അരാജകത്വമോ, മെല്ളെപ്പോക്ക് സമരമോ ഒന്നും തന്നെയില്ലാതെ തോട്ടത്തില്‍ ഏകപക്ഷീയവും നിയമവിരുദ്ധവുമായി ലോക്കൗട്ട് നടപ്പാക്കുകയായിരുന്നു. ലോക്കൗട്ട് പിന്‍വലിച്ച് തോട്ടം തുറക്കാത്ത പക്ഷം അതിശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്കും കൈയേറി വിളവെടുക്കുന്നതിനും ഭൂമി കൈവശപ്പെടുത്തി വീടുവെക്കുന്നതുള്‍പ്പെടെയുള്ള സമരങ്ങള്‍ക്കും നേതൃത്വം നല്‍കുമെന്നും ഇതുമൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും മാനേജ്മെന്‍റ് മാത്രമായിരിക്കും ഉത്തരവാദിയെന്നും അവര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ പി. ഗഗാറിന്‍ (സി.ഐ.ടി.യു), പി.കെ. അനില്‍കുമാര്‍ (ഐ.എന്‍.ടി.യു.സി), ടി. ഹംസ (എസ്.ടി.യു), എന്‍.ഒ. ദേവസ്യ (എച്ച്.എം.എസ്), കെ.ജി. വര്‍ഗീസ് (പി.എല്‍.സി), എന്‍.പി. ചന്ദ്രന്‍ (ബി.എം.എസ്), ബി. സുരേഷ് ബാബു (ഐ.എന്‍.ടി.യു.സി), സി. പ്രഭാകരന്‍ (സി.ഐ.ടി.യു) എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.