വരള്‍ച്ച കനക്കുന്നു: ഫയലിലുറങ്ങി സര്‍ക്കാര്‍ പദ്ധതികള്‍

സുല്‍ത്താന്‍ ബത്തേരി: തുലാം തീരുന്നതിന് മുമ്പുതന്നെ വേനല്‍ കനക്കാന്‍ തുടങ്ങിയതോടെ തോടുകളിലെയും അരുവികളിലെയും വെള്ളം ഏതുവിധേനയും തടഞ്ഞുനിര്‍ത്താന്‍ നാട്ടുകാര്‍ ശ്രമം ആരംഭിച്ചു. കബനിയുടെ കൈവഴികളില്‍ ചെക്ഡാമുകള്‍ നിര്‍മിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതികള്‍ ഒരനക്കവുമില്ലാതെ ഫയലിലുറങ്ങുകയാണ്. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് ഇത്തവണ ജില്ലയില്‍ മഴ കുറവാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ജില്ലയിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. കിണറുകളിലെ വെള്ളം ഇപ്പോള്‍തന്നെ വറ്റാന്‍ തുടങ്ങി. ജില്ലയില്‍ ജലക്ഷാമം നേരിടുന്നതിന് വളരെ കാലം മുമ്പുതന്നെ സര്‍ക്കാര്‍ പദ്ധതികള്‍ ആരംഭിച്ചിരുന്നു. കബനിയുടെ ഒമ്പത് കൈവഴികളില്‍ ഡാം നിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തുന്നതിന് 2012ലാണ് പദ്ധതിയാവിഷ്കരിച്ചത്. എന്നാല്‍, ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നടപ്പായില്ല. ഡാം നിര്‍മിക്കുമ്പോള്‍ പലരും കുടിയൊഴിയേണ്ടി വരും. മാത്രമല്ല പല സ്ഥലങ്ങളും വെള്ളത്തിനടിയിലാവുകയും ചെയ്യും. അതിനാല്‍ പദ്ധതിയുടെ ആരംഭത്തില്‍തന്നെ ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തത്തെി. പിന്നീട് 2014ല്‍ ഇതേ കൈവഴികളില്‍ ചെക്ഡാം നിര്‍മിക്കാന്‍ തീരുമാനമായി. കടമാന്‍തോട്്, ചുണ്ടാലി, നൂല്‍പ്പുഴ, കല്ലമ്പതി, ചേങ്ങാട്ട്്, മഞ്ചാട്ട്, തിരുനെല്ലി, തൊണ്ടര്‍, പെരിങ്ങോട്ടുപുഴ എന്നിടങ്ങളിലാണ് മീഡിയം ഡാമുകള്‍ നിര്‍മിക്കുന്നതിന് പദ്ധതിയിട്ടത്. നിലവില്‍ കാരാപ്പുഴ, ബാണാസുര, മാനന്തവാടി എന്നിവിടങ്ങളില്‍ വെള്ളം സംഭരിക്കുന്നുണ്ട്. ഈ മൂന്നു പദ്ധതികളില്‍നിന്നായി 25.5 ടി.എം.സി വെള്ളം സംഭരിക്കാന്‍ അനുവദിക്കണമെന്നാണ് കാവേരി വാട്ടര്‍ ഡിസ്പ്യൂട്ട്സ് ട്രൈബ്യൂണലില്‍ കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, അനുവദിച്ചത് 3.64 ടി.എം.സി മാത്രമാണ്. മറ്റ് ഒമ്പത് മീഡിയം ഡാമുകളില്‍നിന്നായി 24.4 ടി.എം.സി വെള്ളം സംഭരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും 11.51 ടി.എം.സി വെള്ളം സംഭരിക്കാനാണ് അനുവാദം നല്‍കിയത്. ഇത്രയും വെള്ളം സംഭരിച്ചുവെക്കാനായാല്‍തന്നെ വയനാട്ടിലെ ജലക്ഷാമത്തിന് പരിഹാരം കാണാനാകും. കടമാന്‍തോട്, ചൂണ്ടാലി എന്നീ പുഴകളില്‍ ചെക്ഡാം നിര്‍മിക്കുന്നതിന് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി. പദ്ധതികളെല്ലാം ഫയലുകളില്‍ ഒതുങ്ങിയിരിക്കുകയാണ്. കവേരി നദീജലത്തിനായി തമിഴ്നാടും കര്‍ണാടകയും തമ്മില്‍ നിയമയുദ്ധവും തെരുവ് യുദ്ധവും നടക്കുകയാണ്. കാവേരിയെ സമ്പുഷ്ടമാക്കുന്നത് വയനാട് ജില്ലയില്‍നിന്നും എത്തുന്ന അളവില്‍ കവിഞ്ഞ വെള്ളമാണ്. ജില്ലക്കാവശ്യമായ വെള്ളം സംഭരിച്ചുവെക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഇതുവരെ കാര്യക്ഷമമായ ഒരു നീക്കവും നടത്തിയില്ല. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ക്ക് മണല്‍ച്ചാക്കും മണ്ണുമുപയോഗിച്ച് വെള്ളം തടഞ്ഞുനിര്‍ത്തുക മാത്രമാണ് പോംവഴി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.