മേപ്പാടി: ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്തതോടെ 320 തൊഴിലാളി കുടുംബങ്ങളുടെ വരുമാനം ഇല്ലാതായി. ഏകപക്ഷീയമായാണ് ബുധനാഴ്ച വൈകുന്നേരത്തോടെ മാനേജ്മെന്‍റ് ലോക്കൗട്ട് പ്രഖ്യാപിച്ചത്. ഏറെ നാളായി തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കാറുണ്ടായിരുന്നില്ല. ഇപ്പോള്‍ത്തന്നെ തൊഴിലാളികളുടെ രണ്ടുമാസത്തെ കൂലി കുടിശ്ശികയാണ്. 2015-16 വര്‍ഷത്തെ ബോണസും നല്‍കിയിട്ടില്ല. കൂലി കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ പലപ്പോഴും മാനേജരെ തടഞ്ഞുവെച്ചിട്ടുമുണ്ട്. ഫാത്തിമ ഫാംസിനു കീഴിലുള്ള ചെമ്പ്ര എസ്റ്റേറ്റ് മുസ്ലിം ലീഗ് രാജ്യസഭാംഗമായിട്ടുള്ള എ.പി. അബ്ദുല്‍ വഹാബിന്‍െറ ഉടമസ്ഥതയിലുള്ളതാണ്. ലോക്കൗട്ട് അറിയിപ്പ് അപ്രതീക്ഷിതമായിരുന്നുവെങ്കിലും അതിന്‍െറ ലക്ഷണങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പേ പ്രകടമായിരുന്നു. വി.ആര്‍.എസ് വാങ്ങി പിരിഞ്ഞുപോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനവസരമുണ്ടെന്ന് മാനേജ്മെന്‍റ് മാസങ്ങള്‍ക്ക് മുമ്പേ തൊഴിലാളികളെ അറിയിച്ചിരുന്നു. എന്നാല്‍, അതിനുള്ള പാക്കേജ് സംബന്ധിച്ച അവ്യക്തതയുള്ളതിനാല്‍ തൊഴിലാളികളാരും തന്നെ അതിന് മുന്നോട്ടുവന്നില്ല. തോട്ടം നഷ്ടത്തിലാണെന്ന് മാനേജ്മെന്‍റ് ഇടക്കിടെ പറയാറുമുണ്ടായിരുന്നു. 320 തൊഴിലാളികളില്‍ 190 പേര്‍ സ്ത്രീകളാണ്. 11 സൂപ്പര്‍വൈസര്‍മാരും മറ്റ് ആറ് ജീവനക്കാരുമാണ് തോട്ടത്തിലുള്ളത്. ഇവരുടെ ഏക വരുമാന സ്രോതസ്സാണ് അടച്ചുപൂട്ടലോടെ ഇല്ലാതായത്. ലോക്കൗട്ടില്‍ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍ സംയുക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. അവര്‍ മേപ്പാടി ടൗണില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. വിവിധ യൂനിയനുകളെ പ്രതിനിധാനംചെയ്ത് കെ.ടി. ബാലകൃഷ്ണന്‍, ബി. സുരേഷ്ബാബു, കെ. സെയ്തലവി, കെ.സി. വര്‍ഗീസ്, യു. കുണന്‍, എം. മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ പി.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.