രാത്രികാല യാത്രാ നിരോധം ബാവലി –മൈസൂരു റൂട്ടില്‍ സമയം കുറച്ചേക്കും

മാനന്തവാടി: അന്തര്‍സംസ്ഥാന പാതയായ ബാവലി -മൈസൂരു റൂട്ടില്‍ രാത്രികാല യാത്രാനിരോധത്തിന്‍െറ സമയം കുറക്കാന്‍ ധാരണയിലത്തെിയതായി സൂചന. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മച്ചൂരില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ധാരണയിലത്തെിയതെന്നാണ് സൂചന. നിലവില്‍ വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ എന്നുള്ളത് രാത്രി എട്ടു മണി മുതല്‍ രാവിലെ ആറായി ചുരുക്കാമെന്ന് ധാരണയായതായാണ് പറയപ്പെടുന്നത്. ബംഗളൂരു സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 2008 ജൂലൈ 24ന് അന്നത്തെ മൈസൂരു ജില്ലാ കലക്ടര്‍ ബാവലി കാനന പാതയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കേരള അതിര്‍ത്തിയായ ബാവലിയിലും കര്‍ണാടകയിലെ ഉദ്ഘൂരിലും വൈകീട്ട് ആറു മുതല്‍ രാവിലെ ആറുമണി വരെ വാഹന ഗതാഗതം നിരോധിച്ചു. ഇത് ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും, വ്യാപാരികളെയും, പൊതുജനത്തെയും ഏറെ വലച്ചിരുന്നു. ഇതിനെതിരെ വിവിധ കോണുകളില്‍നിന്ന് വ്യാപക പ്രതിഷേധം ഉയരുകയും നിരവധി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ബാവലി മുതല്‍ രാജിവ് ഗാന്ധി ദേശീയ ഉദ്യാനം ഉള്‍പ്പെടുന്ന ദൊമ്മനഘട്ട വരെയുള്ള 31 കിലോമീറ്റര്‍ ദൂരം വനപാതയിലൂടെയുള്ള വാഹന ഗതാഗതം വന്യജീവികളുടെ സൈ്വരവിഹാരത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന്‍െറ ആവശ്യം നിരാകരിക്കുകയായിരുന്നു. രാത്രികാല യാത്ര നിരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബാവലി -മൈസൂരു റോഡ് കര്‍മസമിതി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഗ്രീന്‍ ട്രൈബ്യൂണലിന്‍െറ പരിഗണനയിലാണ്. കെ.എസ്.ആര്‍.ടി.സിയുടെ നാലു സര്‍വിസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ നിരോധ സമയം കുറക്കാനെങ്കിലും തയാറാകണമെന്ന് വിവിധ സംഘടനകളും ജനപ്രതിനിധികളും വര്‍ഷങ്ങളായി ആവശ്യപ്പെട്ട് വരുകയായിരുന്നു. ബത്തേരി വഴി മൈസൂരുവിലേക്കുള്ള രാത്രിയാത്ര നിരോധം രാത്രി ഒമ്പതു മണി മുതല്‍ രാവിലെ ആറുമണി വരെയാണ്. ബാവലിയിലും നിരോധ സമയം ഇതേ രീതിയില്‍ ക്രമീകരിക്കണമെന്ന നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് എട്ടു മണി വരെ ആക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. മൈസൂരുവിലെ ജനപ്രതിനിധികള്‍ സമയം കുറക്കുന്നത് സംബന്ധിച്ച് ശക്തമായ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് വരും ദിവസങ്ങളില്‍ ഇറങ്ങിയേക്കും. ഇത് യാഥാര്‍ഥ്യമായാല്‍ ഒരു മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതത്തിനാണ് അറുതിയാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.