നാടുണര്‍ന്നു; തോടുകളില്‍ ജലസമൃദ്ധി

പുതുശ്ശേരിക്കടവ്: വരള്‍ച്ചയെ മുന്നില്‍കണ്ട് നാട്ടുകാര്‍ ഒന്നടങ്കം പ്രവര്‍ത്തിച്ചപ്പോള്‍ തോടുകളില്‍ ജലസമൃദ്ധി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിലാണ് ജനപങ്കാളിത്തത്തോടെ തടയണ നിര്‍മിച്ചത്. പുതുശ്ശേരിക്കടവ് പുഴയിലേക്ക് കൈവഴിയായി ഒഴുകുന്ന വലിയാണ്ടി തോട്ടിലും, തേര്‍ തോട്ടിലുമാണ് തടയണ നിര്‍മിച്ചത്. കഠിന വരള്‍ച്ച സമയത്തുപോലും ഇവിടെ ജലക്ഷാമമുണ്ടായിരുന്നില്ല. എന്നാല്‍, ഇത്തവണ അതിന് വിപരീതമായി ജലക്ഷാമം അനുഭവപ്പെടുകയായിരുന്നു. നെല്‍കൃഷിയിടങ്ങളിലും, കിണറുകളിലും വെള്ളം ക്രമാതീതമായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് പടിഞ്ഞാറത്തറ പഞ്ചായത്ത് അടിയന്തരമായി യോഗം വിളിച്ചുചേര്‍ത്ത് നീരുറവ നിലനിര്‍ത്താനുള്ള തീരുമാനമെടുത്തത്. ആദ്യപടിയായാണ് തോടുകളില്‍ തടയണ തീര്‍ത്തത്. വികസനസമിതി, പാടശേഖരസമിതി, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു നിര്‍മാണം. പ്രദേശത്തെ 200ഓളം പേര്‍ തടയണ നിര്‍മാണത്തില്‍ സഹകരിച്ചു. നിര്‍മാണം കഴിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വെള്ളം കവിഞ്ഞൊഴുകാന്‍ തുടങ്ങി. പുതുശ്ശേരിക്കടവ് പുഴക്ക് കുറുകെ നിര്‍മിച്ച ചെക്ഡാമിലൂടെ അനാവശ്യമായി ഒഴുകിപ്പോകുന്ന വെള്ളവും തടഞ്ഞുനിര്‍ത്തി. പഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. സജേഷ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ സിന്ധു പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. കല്‍പറ്റ ബ്ളോക് പഞ്ചായത്ത് അംഗം ഈന്തന്‍ ആലി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. അനില്‍കുമാര്‍, കോമ്പി അബൂട്ടി, കെ. ഉസ്മാന്‍ മാസ്റ്റര്‍, പൈലി നന്നാട്ട്, റോസമ്മ എടാട്ട്, ഉഷ വിജയന്‍, അമ്പിളി ബാബു എന്നിവര്‍ സംസാരിച്ചു. പി.എന്‍. പ്രേമന്‍, കെ.വി. മൊയ്തുട്ടി, കെ.എ. പൗലോസ്, സി.വി. ബേബി, രമ ഗോപി, ഷൈനി നന്നാട്ട്, പി.പി. പ്രമോദ്, ജോണ്‍ ബേബി എന്നിവര്‍ നേതൃത്വം നല്‍കി. അമ്പലവയല്‍: മദ്ധണമൂല-മരത്താട്ട് തോട്ടില്‍ തടയണ നിര്‍മിച്ചു. ഗ്രാമപഞ്ചായത്തുകളിലെ തോടുകളില്‍ തടയണ നിര്‍മിച്ച് വരള്‍ച്ചയെ പ്രതിരോധിക്കുന്നതിന്‍െറ ഭാഗമായാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സീതാ വിജയന്‍, സെക്രട്ടറി ജയകൃഷ്ണന്‍, വാര്‍ഡ് മെംബര്‍ പി.എം. തോമസ്, കണ്‍വീനര്‍ യു.എം. ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.