ഷാജി നിരപരാധിയെന്ന് കുടുംബം

കല്‍പറ്റ: ആനയെ കൊന്ന കേസില്‍ വനംവകുപ്പ് അറസ്റ്റ്ചെയ്ത പുല്‍പള്ളി കുളത്തിങ്കല്‍ ഷാജി നിരപരാധിയാണെന്ന് കുടുംബം. ആനയെ വെടിവെച്ചുകൊന്നത് മേയ് 29ന് രാത്രിയിലാണ്. എന്നാല്‍, 29ന് വൈകീട്ട് ആറു മുതല്‍ താനും ഷാജിയും മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നുവെന്ന് ഭാര്യ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 30ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു ഏഴു വയസ്സുകാരിയായ മകള്‍ മരിയയുടെ മൂക്കിന് ഓപറേഷന്‍. അനസ്തേഷ്യ നല്‍കാന്‍ ഷാജിയും ഞാനും ആശുപത്രിയില്‍ ഒപ്പിട്ടുനല്‍കി. 31നാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഈ സമയമത്രയും ഷാജി, ഫോണും വാഹനവും സഹിതം ആശുപത്രിയിലുണ്ടായിരുന്നു. ആശുപത്രി രേഖയിലും സി.സി.ടി.വിയിലും ഇതെല്ലാമുണ്ട്. മുത്തങ്ങ കേന്ദ്രീകരിച്ച് ഷാജിയെ പലവിധ കേസുകളില്‍പ്പെടുത്താനും സിനിമാ നിര്‍മാണത്തിന്‍െറ പേരില്‍ പണംപിടുങ്ങാനും ശ്രമിച്ച സംഭവങ്ങളുണ്ട്. ഇത്തരം മാഫിയകളുടെ ഗൂഢാലോചനയുടെ ഫലമായാണ് ഷാജിയെ കേസില്‍ പ്രതിയാക്കിയത്. കഴിഞ്ഞ ദിവസം പിടിയിലായ ബേബി എന്നയാളെക്കൊണ്ട് ഷാജിയുടെ പേരുപറയിച്ചാണ് വനംവകുപ്പ് ഷാജിയെ കുടുക്കിയതെന്ന് ഭാര്യ ആരോപിച്ചു. അടുത്തദിവസങ്ങളില്‍ വനംവകുപ്പിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ ഗതി തിരിച്ചുവിടാനുള്ള ചില ഉദ്യോഗസ്ഥരുടെ ആസൂത്രിത നീക്കമാണ് ഈ കള്ളക്കേസ്. ഷാജി മുത്തങ്ങയില്‍ നിയമപ്രകാരം നടത്തുന്ന റിസോര്‍ട്ട് പൂട്ടിക്കാന്‍ ഏറെക്കാലമായി ചിലര്‍ ശ്രമിക്കുന്നുണ്ട്. ആനയുടെ കൊലക്കുശേഷം പലവട്ടം പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്ന് മണിക്കൂറുകളോളം പരിശോധന നടത്തിയിരുന്നു. ഞാനും മൂന്നു മക്കളും ഷാജിയുടെ അമ്മയുമാണ് ഇവിടെ താമസിക്കുന്നത്. കുട്ടികളുടെ ഭാവിപോലും തകര്‍ക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടേത്. കേസില്‍പെടുത്താന്‍ ആസൂത്രിത നീക്കമുണ്ടെന്ന് നൂല്‍പുഴയില്‍നിന്ന് ഒരു പൊതുപ്രവര്‍ത്തകന്‍ വിളിച്ചുപറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ക്കായി വക്കീലിനെ കാണാന്‍ ബത്തേരിക്ക് പോയപ്പോഴാണ് ഷാജിയെ പിടികൂടിയത്. സംഭവത്തില്‍ വിശദാന്വേഷണം വേണമെന്നും കള്ളക്കേസില്‍പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ബിന്ദുവിനൊപ്പം മകള്‍ മരിയയും ഷാജിയുടെ മാതാവ് ചിന്നമ്മയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.